Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുഗത കുമാരി (തൊടുപുഴ കെ ശങ്കർ മുംബൈ)

Picture

സുഗമമൊരു മഹാ നദി പോലൊഴുകുമാ
സുഗത കുമാരിതൻ കവിതാഞ്ജലികളിൽ,
സുലഭ, സുതാര്യമാമൊട്ടേറെ പ്രമേയങ്ങൾ
സുന്ദര സരളമായ് സമർപ്പിച്ചിരിക്കുന്നു!

സുപ്രസിദ്ധമാമേറെ ദൗത്യങ്ങൾ നടപ്പാക്കാൻ
സുധീരം നേതൃത്വവും ശക്തിയും പകർന്നവൾ!
തന്നുടെ കുടുംബവും, സുഖവും ത്യജിച്ചല്ലോ
തന്നവൾ സർവ്വസ്വവും നാടിനായ് സ്മിതം തൂകി!

തൻ്റെ നാടിനും നാട്ടിൽ ജീവിക്കും മനുഷ്യർക്കും
തന്നാലാവും പോൽ ദിനം സേവനമനുഷ്‌ഠിച്ചോൾ!
സ്വാർത്ഥതയൽപ്പംപോലു മേശാതെ സ്വജീവിതം
സാർത്ഥകമാക്കാൻ ദിന രാത്രങ്ങൾ യത്നിച്ചവൾ!

"ഒരു തൈ നടാ"മെന്ന ചിന്തതൻ സ്ഫുലിംഗങ്ങൾ
ഓരോരോ ചിത്തത്തിലും തീപ്പന്ത മാക്കിത്തീർത്തോൾ!
മൈത്രീ ഭാവത്തോടാവർ ചൊന്നോരാ വചസ്സുകൾ
മന്ത്രാക്ഷരങ്ങളായി കരുതീ മാലോകരും!

സർവ്വവും തനിക്കു തൻ നാടെന്നു കരുതിനോൾ
ഗർവ്വമെന്നതു തെല്ലു മേശാതെ ജീവിച്ചവൾ!
സർവ്വദാ, സർവ്വേശ്വര കൃപയാൽ ഹിമാലയ-
പർവ്വതം കണക്കെന്നുമാനാമം വാഴ്ത്തപ്പെടും!

സാഗര സദൃശമാം ഹൃദയം വിശാലം പോൽ
അഗാധം കരകാണാ ക്ഷീരസാഗര തുല്യം!
കൈരളിക്കൊരിക്കലും മറക്കാനാവാവിധം
കൈക്കുടന്നയാൽ ജ്ഞാന മുത്തുകൾ വാരിത്തന്നോൾ!

നന്മകൾ നിറഞ്ഞൊരു മനസ്സിന്നുടമയാം
കന്മഷം ലവലേശ മേശാത്ത സ്ത്രീരത്നമാം
സുഗത കുമാരിതൻ ഓർമ്മകൾ സ്പന്ദിക്കുമാ
സുന്ദര നിമിഷങ്ങൾ! അനർഘ നിമിഷങ്ങൾ!

--------------------- (പ്രശസ്ത കവയിത്രിയും പ്രകൃതി സ്നേഹിയും മനുഷ്യ സ്നേഹിയുമായിരുന്ന ശ്രീമതി സുഗത കുമാരിയമ്മയുടെ ഓർമ്മയുടെ മുമ്പിൽ ഈ എളിയ കവിതാ ശകലം സാദരം സമർപ്പിക്കുന്നു.)

…………………… സുഗതകുമാരി - ലഘു വിവരങ്ങൾ: സുപ്രസിദ്ധ കവയിത്രി സാമൂഹിക പ്രവർത്തിക. സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനും സംസ്കൃത പണ്ഡിതയായിരുന്ന വി കെ കാർത്ത്യായനി അമ്മയും മാതാ പിതാക്കൾ. കേരളാ വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ. അഭയ എന്ന സ്ഥാപനത്തിന്റെ സ്ഥാപക സെക്രട്ടറി. സേവ് സൈലന്റ് വാലി പ്രതിഷേധത്തിൽ വലിയ പങ്കു വഹിച്ചവൾ.

2009 -ൽ എഴുത്തച്ഛൻ പുരസ്‌കാരം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ ആയിരുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിർ" മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്നു. സാമൂഹിക സേവനത്തിനുള്ള"ലക്ഷ്മി അവാർഡ്" ലഭിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ ഡോക്ടർ കെ വേലായുധൻ നായർ, മകൾ ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസ വിദഗ്ദ്ധ യുമായ ഹൃദയകുമാരി സഹോദരിയാണ്. പത്തനംതിട്ടയിൽ ജനനം- 22 -1 -1934 - മരണം - 23 -12 -2020 (തിരുവനന്തപുരം) പ്രധാനകൃതികൾ- മൊത്തം -22 കേരളാ, കേന്ദ്ര, പദ്മശ്രീ യുൾപ്പടെ ഇതര പുരസ്‌കാരങ്ങൾ-12

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code