Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൃഷ്ടിയും ആഹാരവും (ലേഖനം: രചന: സജി വട്ടംപറമ്പില്‍)

Picture

 മാംസം മനുഷ്യന്റെ ആഹാരമാണോ?

സൃഷ്ടി­സ്ഥിതി സവിശേഷതകള്‍ പ്രകാരം മനുഷ്യന് സസ്യാഹാരമാണോ മാംസാഹാരമാണോ ചേര്‍ന്നതെന്നു നോക്കാം.

സൃഷ്ടിപരമായി രണ്ടു പ്രത്യേക പിറവികളെ കാണാനാവും:
സസ്യാഹാരം മാത്രം ഇഷ്ടപ്പെടുന്ന ജീവിവര്‍ഗങ്ങള്‍.
മാംസം ഭക്ഷിയ്ക്കുന്ന ജീവിവര്‍ഗങ്ങള്‍.

ഈ രണ്ടു വര്‍ഗങ്ങളേയും ലളിതമായി നിരീക്ഷിച്ചാല്‍ മനുഷ്യന്‍ ഏതു ഗണത്തില്‍ പെടുന്നെന്നു മനസ്സിലാക്കാവുന്നതാണ്.
ആടുമാടുകള്‍, കഴുത, കുതിര, മാന്‍, ആന തുടങ്ങിയവയെല്ലാം സസ്യാഹാരം മാത്രം ഉപയോഗപ്പെടുത്തുന്നവയാണെന്നു കാണാം. മാംസാഹാരപ്രിയരായി നായയിലും പൂച്ചയിലും തുടങ്ങി, സിംഹം, പുലി എന്നിങ്ങനെ ഒട്ടനവധി ജീവിവര്‍ഗങ്ങളുണ്ട്.

ഇനി ഇവയുടെ പ്രത്യേകതകള്‍ ശ്രദ്ധിയ്ക്കാം:

ഇരുവര്‍ഗങ്ങളുടേയും ദന്തവിന്യാസം.
സസ്യാഹാരം മാത്രം ഭക്ഷിയ്ക്കുന്ന ജീവികളുടെ പല്ലുകള്‍ നിരയായി, അടുത്തടുത്തു വിന്യസിച്ചിരിയ്ക്കുന്നു; മാത്രമല്ല, കഴിയ്ക്കുന്ന ഭക്ഷണം വെളിയില്‍ വരാതിരിയ്ക്കാനുള്ള തടയായും സഹായകമാണ്. മാംസാഹാരികളുടെ പല്ലുകള്‍ കൂര്‍മയുള്ളതായിരിയ്ക്കും. പല്ലുകള്‍ക്കിടയില്‍ അകലവും സാധാരണമാണ്.

വെള്ളം കുടിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക.
സസ്യാഹാരമിഷ്ടപ്പെടുന്നവ മനുഷ്യനെപ്പോലെ വെള്ളം ഊറ്റി (വലിച്ച്) കുടിയ്ക്കുന്നു. മാംസാഹാരികള്‍ നക്കി കുടിയ്ക്കുന്നു.

കാല്‍വിരലുകളുടെ പ്രത്യേകതകള്‍.
സസ്യാഹാരികളുടെ വിരലുകള്‍ മനുഷ്യന്റെ വിരലുകള്‍ പോലെ ചെറിയതും പാദം തടയുള്ളതുമായിരിയ്ക്കും. മാംസാഹാരികളുടെ വിരലുകള്‍ നീളവും കൂര്‍ത്ത നഖങ്ങളും ഉള്ളവയായിരിയ്ക്കും.

കുടല്‍വിന്യാസം
സസ്യാഹാരം ഇഷ്ടപ്പെടുന്ന ജീവിവര്‍ഗങ്ങളുടെ കുടലിനു പൊതുവായി, മനുഷ്യരുടേതിനെപ്പോലെ, ഏറെക്കുറെ 15 അടിയോളം നീളമുണ്ടായിരിയ്ക്കും. സസ്യാഹാരങ്ങളില്‍ നഞ്ഞിന്റെ (വിഷം) അംശം കുറവും, സത്തുഗുണങ്ങള്‍ (പോഷകാംശം) കൂടുതലും ഉള്ളതിനാല്‍, ആഹാരം കുടലില്‍ അധികനേരം തുടരുന്നതിന് കുടലിന്റെ ദൈര്‍ഘ്യം സഹായിയ്ക്കുന്നു. മാംസാഹാരികളുടെ ഭക്ഷണത്തില്‍ വിഷാംശം അധികമുള്ളതുകൊണ്ട്, അധികനേരം തങ്ങാതെ പുറത്തുപോകേണ്ടതിനാല്‍ അഞ്ചടിയോളം മാത്രമേ കുടലിനു നീളമുണ്ടായിരിയ്ക്കൂ.

ശരീരത്തിന്റെ താപനില
സസ്യാഹാരികള്‍ക്കു മനുഷ്യനെപ്പോലെ ശരീരപ്രവര്‍ത്തനങ്ങളില്‍ ഉഷ്­ണവും ചൂടും അധികമാകയാല്‍ ദാഹത്തെ ഉണര്‍ത്തി ധാരാളം വെള്ളം കുടിയ്ക്കാനും, വിയര്‍പ്പുരൂപേണ ശരീരോഷ്മാവിനെ തണുപ്പിയ്ക്കാനും സമശീതോഷ്­ണനിലയില്‍ എത്തിയ്ക്കാനും കഴിയുന്നു. എന്നാല്‍, മാംസാഹാരികള്‍ക്ക് ഈ പ്രത്യേകത ഇല്ലേയില്ല. അതിനാല്‍, അവ നാക്കു വെളിയിലേയ്ക്കിട്ട്, വായിലൂടെ ശ്വാസോച്ഛ്വാസം ചെയ്ത് ശരീരത്തിന്റെ ഊഷ്മാവു ക്രമപ്പെടുത്തുന്നു.

വിസര്‍ജ്യങ്ങള്‍
സസ്യാഹാരം മാത്രം കഴിയ്ക്കുന്ന ജീവിവര്‍ഗങ്ങളുടെ (സസ്യാഹാരം മാത്രം ഭക്ഷണമാക്കിയ മനുഷ്യരുടേയും) മലമൂത്രവിസര്‍ജ്യങ്ങള്‍ പൊതുവില്‍ പഴകപ്പെടാവുന്നതും, താരതമ്യേന ദുര്‍ഗന്ധം കുറഞ്ഞവയുമായിരിയ്ക്കും. മാംസാഹാരികളുടെ (മാംസം ഉപയോഗിയ്ക്കുന്ന മനുഷ്യരുള്‍പ്പെടെ) വിസര്‍ജ്യങ്ങള്‍ അത്യധികം ദുര്‍ഗന്ധപൂരിതവും അയോഗ്യവുമായിരിയ്ക്കും.

ഇനി മനോവ്യാപാരങ്ങള്‍ എന്തെന്നു നോക്കാം.

വാസം
സസ്യാഹാരപ്രിയര്‍ ഒത്തൊരുമയോടും കൂട്ടം കൂട്ടമായും വസിയ്ക്കുന്നു. മനുഷ്യനും പൊതുവായി അങ്ങനെ തന്നെയാണു ജീവിയ്ക്കാനിഷ്ടപ്പെടുന്നത്. എന്നാല്‍ മാംസം ആഹാരമാക്കിയിട്ടുള്ള ജീവിവര്‍ഗങ്ങള്‍ തനിയേ വസിയ്ക്കാനാണു കൂടുതലായും ഇഷ്ടപ്പെടുന്നത്. (ഭീകരത ഉള്‍ക്കൊള്ളുന്ന മനുഷ്യരുടെ പ്രവണതയും അതുതന്നെയാണെന്ന് ഓര്‍ക്കുക.) തന്റെ അധികാരപരിധിയ്ക്കുള്ളിലേയ്ക്കു മറ്റൊരു ജീവിവര്‍ഗത്തെ അവ കടത്തിവിടുകയില്ല.

പ്രകൃതം
സസ്യാഹാരം മാത്രം ഉപയോഗിയ്ക്കുന്നവയുടെ പൊതുഗുണം ശാന്തതയോടും സാമൂഹ്യനന്മയോടും ചേര്‍ന്നു നില്‍ക്കുന്നതായിരിയ്ക്കും. മാംസാഹാരികള്‍ക്കു കൂടിയ വേഗതയും ആക്രോശവും ഉണ്ടായിരിയ്ക്കുമെന്നു മാത്രമല്ല, സാമൂഹികപ്രതിബദ്ധത ഉണ്ടാകുകയുമില്ല.

പ്രവൃത്തികള്‍
സസ്യാഹാരത്തിലൂടെ ജീവിയ്ക്കുന്നവ പ്രകൃതിയോടിണങ്ങിയ ജോലികളില്‍ അറിഞ്ഞോ അറിയാതെയോ ഏര്‍പ്പെട്ടുകൊണ്ടിരിയ്ക്കും. നിലം ഉഴുക, വണ്ടി വലിയ്ക്കുക, പരാഗണത്തെ സഹായിയ്ക്കുക എന്നിവ പോലും അതില്‍പ്പെടുന്നു. മാംസാഹാരികള്‍ക്ക് ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ സംബന്ധിയ്ക്കുക സാധ്യമല്ല.

മാനസികസംഘര്‍ഷം

മാംസാഹാരം ഭക്ഷണമാക്കിയ ജീവിവര്‍ഗങ്ങള്‍ അധികമായ മാനസികസംഘര്‍ഷം അനുഭവിയ്ക്കുന്നത് എന്തുകൊണ്ട്?

ഈ ജീവിവര്‍ഗത്തിലുള്ളവയ്ക്ക് ശരീരത്തിലും രക്തത്തിലും അപായകരമായ സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടുന്നതിനായി (ഉടല്‍കരുത്തിനെ അധികമായി ഉപയോഗപ്പെടും വിധം) അഡ്രീനല്‍ പോലുള്ള ഗ്രന്ഥിയില്‍ നിന്നു ഹോര്‍മോണുകള്‍ രക്തത്തിലേയ്ക്കു ചുരത്തപ്പെടുന്നു.

ഉദാഹരണത്തിന്, ഒരു ശത്രു ഇരയെ തുരത്തുമ്പോള്‍ (മനുഷ്യനെ ഒരു നായ ഓടിയ്ക്കുന്നതായും സങ്കല്പിയ്ക്കാവുന്നതാണ്) സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ ഓടിരക്ഷപ്പെടാന്‍ സഹായിയ്ക്കുന്നത് ഇത്തരം ഹോര്‍മോണുകളുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്.
ഇതു രക്തത്തിലും തലച്ചോറിലും കലര്‍ന്നിരിയ്ക്കും.

ഇതിനെ ഉള്‍ക്കൊള്ളുന്ന മനുഷ്യരും സാധാരണ പ്രവൃത്തികളില്‍പ്പോലും അപായത്തിലുള്ളതുപോലുള്ള ജാഗ്രത പുലര്‍ത്തുന്നു. ഇക്കാരണങ്ങളൊക്കെയാണു മാംസാഹാരപ്രിയരുടെ മാനസികസംഘര്‍ഷത്തിനു ഹേതുവായിത്തീരുന്നത്.

മനുഷ്യന്‍ തന്റെ ആറാമത്തെ അറിവിനെ (ഇന്ദ്രിയം) പ്രയോജനപ്പെടുത്താനായി അധികശക്തിയ്ക്കും ബലത്തിനും വേണ്ടിയാണ് (സകലതിനേയും അടക്കിവാഴുന്ന മനുഷ്യനു വാസ്തവത്തില്‍ അതിന്റെയൊന്നും ആവശ്യമില്ലെങ്കില്‍പ്പോലും) മാംസാഹാരം അനുശീലിയ്ക്കുന്നത് എന്ന വാദമുഖവും നിരത്തുന്നുണ്ട് ആശ്ചര്യമെന്തെന്നാല്‍, സസ്യാഹാരമാണ് അധികശക്തിയുടേയും ബലത്തിന്റേയും ഉറവിടം. തികച്ചും സസ്യാഹാരിയായ ആനയ്ക്കും കുതിരയ്ക്കും ശക്തിയിലും ബലത്തിലും പകരമില്ലെന്നോര്‍ക്കുക.

ഉദാഹരണമെടുത്താല്‍, സോയാബീന്‍സില്‍ 40% ശുദ്ധമായ പ്രോട്ടീന്‍ ഉള്‍ക്കൊള്ളുന്നു. ഇതു മാംസത്തിലുള്ളതിനേക്കാള്‍ ഇരട്ടിയും, മുട്ടയിലുള്ളതിനേക്കാള്‍ നാലുമടങ്ങുമാണ്. അതുപോലെ, പല പഴങ്ങളേയും കിഴങ്ങുവര്‍ഗങ്ങളേയും ഇലകളേയും പച്ചക്കറികളേയും പറ്റി എടുത്തുപറയേണ്ടതുണ്ട്.

പ്രകൃതിദത്തമായ ഈ സവിശേഷതകളില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടതാണ്, മനുഷ്യന്‍ സസ്യാഹാരിയാണോ മാംസാഹാരിയാണോ ആകേണ്ടതെന്ന്.

അതെന്തായാലും, മനുഷ്യന്‍ ആരോഗ്യത്തോടെയും സമാധാനത്തോടെയും ശാന്തതയോടെയും അടക്കത്തോടെയും ഒത്തൊരുമയോടെയും, ശക്തിശാലിയായും, കോപവും ആക്രോശവും മാനസികസംഘര്‍ഷങ്ങളും രോഗങ്ങളും ചിന്താക്കുഴപ്പങ്ങളും ഇല്ലാതെയും ജീവിയ്ക്കണമെന്നാശിയ്ക്കുന്നത് സസ്യാഹാരങ്ങളുടെ വഴിയേ മാത്രമായിരിയ്ക്കും.

പുത്രമിത്രകളത്ര ധനധാന്യസമൃദ്ധിയോടും ആയുരാരോഗ്യസൗഖ്യമോടും വാഴുക ചിരം, സുഖം!

അറിവുകള്‍ക്കു കടപ്പാട്: പ്രിയകൂട്ടുകാരി കാര്‍ത്തിക സ്വാമി
(വരികള്‍: സജി വട്ടംപറമ്പില്‍)
sajivattamparambil@yahoo.com 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code