Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നഗ്‌നസന്യാസികളും ഭാരതീയ ദര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)

Picture

 പ്രാചീനകാലം മുതല്‍ ഭാരതം വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമായ ആചാരങ്ങളുടെ സംസ്ക്കാര .കേന്ദ്രങ്ങളായിരുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന താത്ത്വികത അക്ഷരംപ്രതി യാഥാര്‍ഥ്യമാകുന്നതും വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും നാടായ ഭാരത ഭൂമിയില്‍ തന്നെയാണ്. അന്ധവിശ്വാസങ്ങളടങ്ങിയ ആചാരങ്ങളും ഭാഷയും സംസ്ക്കാരവും ജാതിവ്യവസ്ഥകളും വസ്ത്രധാരണ രീതികളും ഭാരതത്തിലുടനീളം വ്യത്യസ്തമായി കാണാന്‍ സാധിക്കും. പാമ്പാട്ടികളും കുഴലൂത്തും പള്ളിപ്പെരുന്നാളും അമ്പല പൂരങ്ങളും ചെണ്ടകൊട്ടുകളും വെടിക്കെട്ടും ബാങ്ക് വിളികളും ജ്യോതിഷവും പ്രവചനവും അങ്ങനെയങ്ങനെ ഈ നാടിനെ വിവിധ സംസ്ക്കാര പാരമ്പര്യങ്ങളാല്‍ നിറമുള്ളതാക്കിയിരിക്കുന്നു. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളില്‍ ദിഗംബരം സന്യാസികള്‍ വിചിത്രങ്ങളായ വിശ്വാസങ്ങളെ പുലര്‍ത്തുന്നതും കാണാം. മോഷ പ്രാപ്തിക്കായി നഗ്‌നതയെ അവര്‍ സ്വീകരിക്കുന്നു. അവരുടെ വിശ്വാസപ്രകാരം സ്ത്രീകള്‍ക്ക് മോഷമില്ല. ജന്മജന്മാന്തരങ്ങളില്‍ക്കൂടി അവര്‍ പുരുഷന്മാരായി ജനിച്ചു നഗ്‌നത സ്വീകരിച്ചാല്‍ മാത്രമേ മോഷം ലഭിക്കുമെന്നും ദിഗംബര സന്യാസികള്‍ വിശ്വസിക്കുന്നു. ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞുള്ള ഒരു ജീവിതമാണ് അവര്‍ കൈക്കൊണ്ടിരിക്കുന്നത്.

ദിഗംബരന്മാരെപ്പറ്റിയും അവരുടെ നഗ്‌നത ജീവിതത്തെപ്പറ്റിയും പരിഹസിച്ചുള്ള ലേഖനങ്ങള്‍ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും സാധാരണമാണ്. താത്ത്വികമായി ചിന്തിക്കുകയാണെങ്കില്‍ അവരുടെ ആത്മാവില്‍ കുടികൊണ്ടിരിക്കുന്ന നഗ്‌നത പരബ്രഹ്മത്തില്‍ ലയിക്കാനുള്ള ഒരു പ്രയാണമെന്നും കാണാം. സന്യാസിമാര്‍ നഗ്‌നരായി നടക്കുന്ന കാര്യങ്ങളെപ്പറ്റി ധാരാളം ചോദ്യങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പൊന്തിവരാറുണ്ട്. അതിനുള്ള ഉത്തരങ്ങള്‍ വളരെ താണ നിലവാരം മുതല്‍ ഉപനിഷത്തു വരെയുണ്ട്. അവര്‍ നഗ്‌നരായി നടക്കുന്നത് സാംസ്ക്കാരികതയ്ക്ക് എതിരെങ്കില്‍ സര്‍ക്കാരിന് നിയമപരമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നു. അങ്ങനെയൊരു നിയമം ഇല്ലാത്തതിനാല്‍ അവരുടെ നഗ്‌നതയെ ആര്‍ക്കും ചോദ്യം ചെയ്യാനും സാധിക്കില്ല.

ചരിത്രത്തിലേക്ക് ഒന്ന് അവലോകനം ചെയ്യുകയാണെങ്കില്‍ അനാദിയായ കാലം മുതല്‍ സന്യാസാശ്രമങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നതായി കാണാന്‍ സാധിക്കും. പാശ്ചാത്യരുടെ ചിന്താഗതികള്‍ക്കുപരി സന്യാസജീവിതം ആരംഭിച്ചത് മനുഷ്യരാരും തുണി ധരിക്കാത്ത കാലങ്ങളിലായിരുന്നുവെന്നും അനുമാനിക്കുന്നു. തുണികള്‍ നെയ്‌തെടുക്കാന്‍ തുടങ്ങിയ കാലഘട്ടത്തിലും സില്‍ക്കിന്റ ആവീര്‍ഭാവത്തിലും സന്യാസിമാരുടെ നഗ്‌നത തുടര്‍ന്നുകൊണ്ടിരുന്നു. അക്കാലത്തെ ആദ്ധ്യാത്മിക ഗുരുക്കള്‍ അവരനുഷ്ഠിച്ചു വന്നിരുന്ന ആത്മീയാചാരങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താതെ അതിന്റെ തനിമയില്‍ നിലനിര്‍ത്താനാഗ്രഹിച്ചു. പിന്നീട് പരിഷ്­ക്കാരത്തിന്റെയും മാറ്റത്തിന്റേതുമായ പരിവര്‍ത്തന കാലഘട്ടങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ അത്തരം ആചാരങ്ങളെ തിരസ്ക്കരിക്കുകയാണുണ്ടായത്.

വിവിധ സംസ്ക്കാരങ്ങളുടെയും ജാതികളുടെയും ഭാഷകളുടെയും നാടായ ഭാരതത്തില്‍ അദ്ധ്യാത്മികതയുടെ പരിവേഷവുമായി കാണപ്പെടുന്ന നഗ്‌നസന്യാസികള്‍ ഗവേഷണ തല്പരരായവര്‍ക്കു കൗതുകകരമാണ്. ഭാരതത്തിലെ പൗരാണികമായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അവരെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ആര്യന്മാരുടെ വേദമായ ഋഗ് വേദത്തിലും പുരാണങ്ങളിലും നഗ്‌­ന ഗുരുക്കളെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. വേദബ്രാഹ്മണര്‍ നഗ്‌നഗുരുക്കളെ ശരിയായി മനസിലാക്കിയിട്ടില്ലെങ്കിലും എന്തോ ആത്മീയമായ ഒരു ശക്തിവിശേഷം അവരിലുണ്ടെന്നു വിശ്വസിച്ചിരുന്നു. ഭാരതത്തില്‍ വേദിക്ക് മതങ്ങളുടെയും ആര്യന്‍ മതങ്ങളുടെയും ഉത്ഭവങ്ങള്‍ക്കു മുമ്പുതന്നെ നഗ്‌ന സന്യാസിമാരുണ്ടായിരുന്നുവെന്നും അനുമാനിക്കുന്നു. അവരുടെ വേദഗ്രന്ഥങ്ങളെ 'ആഗമാസ്(Agamas)' എന്ന് പറയുന്നു. ആഗമാസ്,(Agamas)ജൈനന്മാരുടെ ആചാര്യനായ തീര്‍ത്ഥങ്കര സ്വാമികളരുളിയ വേദപുരാണമാണ്. പിന്നീട് വൈദികകാലങ്ങളിലുണ്ടായ തന്ത്രശാസ്ത്രങ്ങളിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്' അതേ തത്ത്വസംഹിതകള്‍ തന്നെയാണ്. ആദ്യകാലങ്ങളിലുണ്ടായിരുന്ന 'ആഗമാസ്' തത്ത്വങ്ങള്‍ സംഭാഷണരൂപത്തിലുള്ള കൃതികളായിരുന്നു. പരമ ശിവന്റെ വായില്‍നിന്നും പൊഴിയുന്ന തത്ത്വങ്ങള്‍ പാര്‍വതിദേവി ഒരു ശിഷ്യയെപ്പോലെ സസൂഷ്മം ശ്രദ്ധിക്കുന്നതായിരുന്നു. അതേ തത്ത്വങ്ങള്‍ വേദിക്ക് പുസ്തകങ്ങളില്‍ ഉപനിഷത്തുകളിലുമുണ്ട്. ആഗമാസ് വേദഗ്രന്ഥം പറയുന്നത്, സന്യാസത്തിന്റെ അത്യുച്ഛകോടിയില്‍ എത്തുന്നവര്‍ക്കേ നഗ്‌­ന സന്യസ്­തം സ്വീകരിക്കാന്‍ സാധിക്കൂവെന്നാണ്. പരിത്യാഗികളായി ലോകത്ത് ജീവിക്കുന്നവര്‍ക്ക് ഒരു പഴുന്തുണിയുടെ ആവശ്യംപോലുമില്ല.

മറ്റൊരു അഭിപ്രായമുള്ളത് ചിലര്‍ വേദങ്ങളുടെ പ്രാഥമികതത്ത്വങ്ങള്‍ ഉപദേശിക്കും. എന്നിട്ടു അവരുടെ ലിംഗത്തെ ഒളിച്ചു വെക്കും. ലിംഗമെന്നു പറയുന്നത് പരമശിവനായ ദൈവത്തിന്റെ പരിശുദ്ധമായ അടയാളമെന്ന് അവര്‍ മനസിലാക്കുന്നില്ല. 'ശിവലിംഗം' പ്രപഞ്ച സൃഷ്ടിയുടെയും അടയാളമാണ്. സുഖോപഭോഗനിഷേധം തത്വങ്ങളായി കണക്കാക്കി തപസു ചെയ്തുകൊണ്ടുള്ള സന്ന്യാസം വേദങ്ങള്‍ക്കു മുമ്പുള്ള മതങ്ങള്‍ അനുവര്‍ത്തിച്ചു പോന്നിരുന്നു. ആഡംബരത്തെ ത്യജിച്ചുള്ള ഈശ്വരനിലേക്കുള്ള ഒരു വഴിയാണിത്. ഒരു വശത്തു ഭൗതികമായ എല്ലാ സുഖ സൗകര്യങ്ങളെ ത്യജിക്കുകയും മറുവശത്ത് വിഷയാസക്തി തിരസ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. ഈ സന്യാസിമാര്‍ എന്തെങ്കിലും വാഗ്ദാനങ്ങളോ വൃതങ്ങളോ എടുക്കാറില്ല. നഗ്‌നമായി നടക്കുകയെന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമെങ്കിലും വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിയമത്തിനെതിരല്ല. തീവ്രമായ തണുപ്പിലും അസുഖം വരുമ്പോഴും അവര്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്.

മഹാവീര സ്ഥാപിച്ച ജൈനന്മാരുടെ പിന്‍ഗാമികളില്‍ രണ്ടു ആത്മവിദ്യാലയങ്ങളാണ് ദിഗംബരയും ശ്വേതംബരയും. ശ്വേതംബരക്കാരെ വെള്ളവസ്ത്രം ധരിച്ചവരെന്നും പറയും. ദിഗംബരയെ ആകാശം വസ്ത്രമായി ധരിച്ചവരെന്നും അറിയപ്പെടുന്നു. സാധാരണ നഗ്‌നത എന്നാണ് ആ വാക്കിനര്‍ത്ഥം കല്പിക്കാറുള്ളത്. 'ദിഗംബരം' എന്ന പദത്തിനുള്ളില്‍ നിഗൂഢമായ അര്‍ത്ഥങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ദിഗംബരയെന്നത് 'ദിഗം, അമ്പര' എന്നീ സംസ്കൃതത്തിലെ രണ്ടു വാക്കുകള്‍ ലോപിച്ചുണ്ടായതാണ്. 'ദിഗ്' എന്നു പറഞ്ഞാല്‍ 'ദിക്ക്' അല്ലെങ്കില്‍ 'മാര്‍ഗ'മെന്നും 'അമ്പര' എന്നു പറഞ്ഞാല്‍ വസ്ത്രമെന്നുമാണ് അര്‍ത്ഥം. അവരുടെ വസ്ത്രങ്ങള്‍ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ നാല് ദിക്കുകളടങ്ങിയ നീലാകാശമാണ്. അവരുടെ സന്യാസികള്‍ വീണുകിടക്കുന്ന മയില്‍പ്പീലികള്‍കൊണ്ട് നിര്‍മ്മിച്ച ചൂലും വെള്ളം നിറച്ച പാത്രവും ഒപ്പം വേദ ഗ്രന്ഥവും കൂടെ കൊണ്ടുനടക്കുന്നു. ദിഗംബരന്മാരില്‍ ഏറ്റവും പേരുകേട്ട പണ്ഡിതന്‍ 'കുണ്ട കുണ്ട' എന്ന സന്യാസിയാണ്. 'സമയ സാരാ', 'പ്രവചന സാരാ' എന്നീ പ്രാകൃത ഗ്രന്ഥങ്ങള്‍ രജിച്ചത് അദ്ദേഹമാണ്. 'ധവല'യെന്ന വേദഗ്രന്ഥം രജിച്ച വീരസേന മറ്റൊരു ആചാര്യനാണ്.

ഭൂരിഭാഗം സന്യാസിമാരും നഗ്‌നരായിരിക്കണമെന്ന നിയമ സംഹിതകളെപ്പറ്റി അറിവില്ല. മഹാവീരായുടെയും ഗൗതമ ബുദ്ധന്റെയും കാലം മുതല്‍ തുടങ്ങിയ സന്യാസിമാരുടെ നഗ്‌നത്വം ഇന്നും തുടരുന്നുവെന്നതാണ് സത്യം. ശ്രീ ബുദ്ധന്‍ മരിക്കുന്നതുവരെ നഗ്‌നനായി ജീവിച്ചുവെന്നാണ് നഗ്‌ന ദിഗംബര സന്യാസികള്‍ വിശ്വസിക്കുന്നത്. ബുദ്ധന്റെ അനുയായികള്‍ പിന്നീട് കുപ്പായം നിര്‍ദേശിച്ചു കാണുമെന്നാണ് അനുമാനം. 'ശ്വേതംബര' ജൈനന്മാര്‍ വെളുത്ത വസ്ത്രം ധരിക്കുമ്പോള്‍ ദിഗംബരന്മാര്‍ ചില സമയങ്ങളില്‍ മാത്രമേ വസ്ത്രം ധരിക്കുകയുള്ളൂ. എന്നാല്‍ നഗ്‌നരായി സദാ ജീവിക്കണമെന്നും അവരുടെ മതം പ്രതീക്ഷിക്കുന്നുണ്ട്. ജൈനന്മാരില്‍ സന്യാസികളല്ലാത്തവരായ സാധാരണക്കാര്‍ ഒരിക്കലും നഗ്‌നത പരിപാലിച്ചിട്ടില്ല.

ഒരു ഗൃഹനാഥന്‍ അവന്റെ വസ്ത്രങ്ങളാല്‍ ബാഹ്യ പരിസ്ഥിതിയുമായി വേറിട്ടിരിക്കുന്നു. അവന്‍ വസ്ത്രങ്ങള്‍ മാറ്റുമ്പോള്‍ വസ്ത്രങ്ങളുടെ സ്ഥാനത്ത് ചര്‍മ്മങ്ങള്‍ അവന്റെ ചുറ്റുമുള്ള പരിസ്ഥിതിയുമായി വേര്‍തിരിക്കുന്നു. അവന്‍ ജീവന്റെയും പ്രകൃതിയുടെയും അഖണ്­ഡതയെ മനസിലാക്കുന്നില്ല. എന്നാല്‍ ഒരു സന്യാസിയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അവന്‍ 'ദിഗംബരന്‍' ആയിരിക്കുമ്പോള്‍ അവനെന്ന സത്തയില്‍ ആത്മത്തെ തിരിച്ചറിയുന്നു. ഏകതാ മനോഭാവം പുലര്‍ത്തുന്നു. അവന്‍ സ്വയാധിപത്യമുള്ള പരിപൂര്‍ണ്ണനും എല്ലാമടങ്ങിയവനെന്നും വിശ്വസിക്കുന്നു. അവരിലെ അദ്ധ്യാത്മികതയെ കൂടുതല്‍ ഉറപ്പിച്ചുകൊണ്ട് മിഥ്യാബോധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ദിഗംബര ജൈനന്മാര്‍ അവരുടെ ദേവനായ തീര്‍ത്ഥങ്കര സ്വാമികളുടെ നഗ്‌നപ്രതിമകളെ ആരാധിക്കുന്നു. തീര്‍ത്ഥങ്കര സ്വാമികള്‍ സര്‍വ്വജ്ഞരെന്നാണ് വെപ്പ്. ജൈനബിംബങ്ങള്‍ സാധാരണ യോഗാസന രീതികളിലായിരിക്കും പ്രതിഷ്ഠിച്ചിരിക്കുന്നത്. ദിഗംബര ജൈനര്‍ നഗ്‌നദേവ ബിംബങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് അവരുടെ ശേഷിച്ച ജീവിതം മുഴുവന്‍ പൂര്‍ണ്ണമായ നഗ്‌നരൂപങ്ങളായിരിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. അവരുടേതായ നിയമ പരിപാലനങ്ങള്‍ കൂടുതലും വ്യക്തിഗതവും നിരുപാധികവുമാണ്. നഗ്‌നതയുടെ മാഹാത്മ്യത്തില്‍ക്കൂടി ഒരുവനില്‍ എളിമയുണ്ടാക്കുന്നു.

വേദങ്ങള്‍ക്കും മുമ്പുണ്ടായിരുന്ന ആദ്യഭാരതീയരുടെ വേദശാസ്ത്രമായ 'ആഗമാസിനു' പടിഞ്ഞാറുള്ള എഴുത്തുകാര്‍ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. ഋഗ്‌­വേദം, സാമവേദം പോലുള്ള ചതുര്‍വേദങ്ങളുടെ തര്‍ജ്ജിമകള്‍ക്കാണ് പാശ്ചാത്യര്‍ സമയം ചെലവഴിച്ചിരുന്നത്. വേദങ്ങളുടെ ഗ്രന്ഥപ്പുരയില്‍നിന്നും അടുക്കിവെച്ചിരുന്ന സനാതന കൃതികള്‍ ആദ്യമായി വെളിച്ചത്തു കൊണ്ടുവന്ന് തര്‍ജ്ജിമകള്‍ നടത്തിയതും യൂറോപ്യന്മാരായിരുന്നു. വാസ്തവത്തില്‍ ഇന്ത്യയുടെ നാലായിരം വര്‍ഷത്തോളമുള്ള ചരിത്രത്തില്‍ അദ്ധ്യാത്മകതയെ കാത്തു സൂക്ഷിച്ചിരുന്നത് ആഗമാസ്' പഠനങ്ങളായിരുന്നു. പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന തത്ത്വസംഹിതകള്‍ 'ആഗമാസ്' വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതെന്നും സ്പഷ്ടമാണ്. ഇന്ത്യയുടെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം വേദങ്ങളോ പുരാണങ്ങളോ ഉപനിഷത്തുകളോ ഭഗവദ്ഗീതയോ അല്ല. 'ആഗമാസ്' വേദപുരാണങ്ങളെന്നു ചരിത്ര ഗവേഷകര്‍ സാക്ഷ്യം വഹിക്കുന്നു. ആവാതു ഗീതയും ജീവന്മുക്തി ഗീതയും സാധാരണ സന്യാസിമാര്‍ മാത്രമേ പഠിക്കുകയുള്ളൂ. ആദ്ധ്യാത്മികതയുടെ ഉയര്‍ന്ന പഠനങ്ങളായിട്ടാണ് ഈ കൃതികളെ കണക്കാക്കുന്നത്. ആര്യന്‍ വേദങ്ങള്‍ പഠിപ്പിക്കുന്നതിനെയെല്ലാം ഈ കൃതികള്‍ തിരസ്ക്കരിക്കുന്നതും കാണാം.


പ്രകൃതിയുമായി ഒത്തു ചേര്‍ന്നുകൊണ്ട് പ്രകൃതിയുടെ പുത്രനായി ജീവിക്കുകയെന്ന തത്ത്വമാണ് നഗ്‌നസന്യാസികള്‍ അവലംബിച്ചിരിക്കുന്നത്. അവര്‍ക്കെന്നും പ്രചോദനം നല്‍കിയിരുന്നത് പ്രകൃതിയും പച്ച വിരിച്ച മലകളും വൃക്ഷലതാതികളടങ്ങിയ കാടുകളും പൂര്‍ണ്ണ ചന്ദ്രനും സൂര്യോദയവുമായിരുന്നു. എല്ലാ ഉപനിഷത്തുകളും ഗീതയും പഠിപ്പിക്കുന്നത് വളരെ ലളിതവും എന്നാല്‍ അനിവാര്യമായ സത്യവുമെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്. നാമെല്ലാം സമായാധിഷ്ഠിതമായ, ഒരു പ്രത്യേക നിയമത്തിനധീനമായ മേനിയുടെ ചട്ടക്കൂട്ടിലുള്ളവരല്ല. എന്നാല്‍ നിത്യമായ ആത്മാവുമാകുന്നുവെന്ന് ഭഗവാന്‍ ശ്രീകൃഷ്ണനും പറയുന്നു. അതുകൊണ്ടു അനശ്വരമായ ആത്മത്തിനെ നാം എന്തിനു ഒളിച്ചുവെയ്ക്കണം. ആത്മാവും പ്രാപഞ്ചികത നിറഞ്ഞ മനുഷ്യനില്‍ തന്നെ കുടി കൊള്ളുന്നു.

നഗ്‌­നരായ ദിഗംബര സന്യാസികളാവുന്നവര്‍ക്ക് ചില വ്രതങ്ങളും അനുഷ്ഠിക്കേണ്ടതായുണ്ട്. അഹിംസാ സിദ്ധാന്തം അതില്‍ പരമ പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു ജീവജാലങ്ങളെപ്പോലും മുറിവേല്‍പ്പിക്കുകയോ കൊല്ലുവാനോ പാടില്ല. അങ്ങനെ ചിന്തിക്കുന്നതുപോലും പാപമാണ്. സദാ സത്യം മാത്രം പുലര്‍ത്തുകയും സംസാരിക്കുകയും വേണം . നന്മയുടെ പ്രവൃത്തികള്‍ മാത്രമേ പാടുള്ളൂ. അവരുടെ പ്രവര്‍ത്തികളും വാക്കുകളും നന്മ പ്രാദാനം ചെയ്യുന്നതും ആചാരോപചാരങ്ങളോടെയുമായിരിക്കണം. ഒരുവന്‍ സ്വമനസ്സാലെ തരാതെ യാതൊന്നും സ്വീകരിക്കരുത്. മറ്റുള്ളവരുടെ മനസിനെ ഒരിക്കലും വേദനിപ്പിക്കരുത്. സദാ കര്‍മ്മനിരതരായിക്കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിച്ചും ബ്രഹ്മചര്യവും അനുഷ്ടിക്കണം. ഒരു സന്യാസി സര്‍വ്വതും ത്യജിച്ചുകൊണ്ടുള്ള ആത്മത്യാഗപരമായ ഒരു ജീവിതമായിരിക്കണം നയിക്കേണ്ടത്. സന്യാസവൃതം ഒരിക്കല്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ സ്വന്തം ജീവിതത്തെ ദര്‍ശിക്കേണ്ടത് അന്തഃസ്ഥിതവും ബാഹ്യവുമായ സംഗതികള്‍ കൈവെടിഞ്ഞും ഇഹലോകാസക്തി പൂര്‍ണ്ണമായും നിരസിച്ചുകൊണ്ടുമായിരിക്കണം.

ഇന്ത്യയിലെ ബനാറസ് പട്ടണത്തില്‍ക്കൂടി ആര്‍ക്കു വേണമെങ്കിലും നഗ്‌നരായി നടക്കാം. പുണ്യതീര്‍ത്ഥം തേടി വരുന്ന ജനമായതുകൊണ്ട് ആരും ആരെയും അവിടെ ശ്രദ്ധിക്കില്ല. യാചകരാണെങ്കിലും സര്‍വ്വതും ത്യജിച്ചവരെപ്പോലെ ത്യാഗികളെപ്പോലെ തങ്ങളുടെ ലിംഗാവയവങ്ങളെ മറയ്ക്കാതെ നടക്കുന്നത് കാണാം. ബ്രഹ്മചര്യവും അവര്‍ അനുഷ്ഠിക്കുന്നു. കഠിനമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരും കൊലയാളികളുംവരെ പാപ പരിഹാരാര്‍ത്ഥം ഗംഗയുടെ സമീപത്തുകൂടി നഗ്‌നരായി നടക്കും.

വിദേശത്തുനിന്ന് ഇന്ത്യയുടെ ആദ്ധ്യാത്മികവും സാംസ്­കാരികവുമായ ചരിത്രങ്ങളെ പഠനവിഷയങ്ങളാക്കാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ഇന്ന് അധികമൊന്നും നഗ്‌നസന്യാസിമാരെ കാണാന്‍ സാധിക്കുന്നില്ല. വിദേശ സഞ്ചാരികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലോ പട്ടണ പ്രദേശങ്ങളിലോ ഇവര്‍ ഇന്ന് സമ്മേളിക്കാറില്ലന്നുള്ളതാണ് കാരണം. ആധുനിക വിദ്യാഭ്യാസം മൂലവും സാക്ഷരത വര്‍ദ്ധിച്ചതുകൊണ്ടും പാശ്ചാത്യ സാംസ്ക്കാരിക സ്വാധീനംമൂലവും ഇവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകളും വന്നിട്ടുണ്ട്. സ്­കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും നഗ്‌നഗുരുക്കളെ കണ്ടാല്‍ പരിഹസിക്കുന്നതുകൊണ്ട് പൊതുസ്ഥലങ്ങളില്‍ അവര്‍ അപ്രത്യക്ഷരാകാന്‍ കാരണമായി. ജൈനന്മാര്‍ നഗ്‌നത്വം ആദ്ധ്യാത്മികതയുടെ ഭാഗമായി ഇന്നും ആചരിക്കുന്നുണ്ടെങ്കിലും ഹിന്ദുക്കളായ നഗ്‌നഗുരുക്കളുടെ എണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. വഴിയോരങ്ങളില്‍ കാണുന്ന നഗ്‌നഗുരുക്കള്‍ ഭൂരിഭാഗവും ജൈനന്മാരാണെന്നും കാണാം. പൊതുസ്ഥലങ്ങളില്‍ നഗ്‌നത പാടില്ലാന്നു പല പട്ടണങ്ങളിലും നിയമം പാസ്സാക്കിയതും ഇവരുടെ എണ്ണത്തിനെ സാരമായി ബാധിച്ചു. പാശ്ചാത്യ ചിന്താഗതികളും പരിഷ്­ക്കാരവും ചെറുപ്പക്കാരില്‍ വന്നു കൂടിയതും നഗ്‌­ന ഗുരുക്കളുടെ സഞ്ചാര വഴികള്‍ക്ക് തടസമായി. ചില സിക്കുകാരായ യുവാക്കള്‍ ഇവരെ കണ്ടാല്‍ മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അതിരൂക്ഷ ധാര്‍മ്മികമതാചാരങ്ങളുള്ള ഭ്രാന്തന്‍മാര്‍ ഭാരതത്തിനു അലങ്കാരികമല്ലെന്നും യുവതലമുറകള്‍ക്ക് ബോധ്യമായി തുടങ്ങിയിരിക്കുന്നു.

സനാതന ധര്‍മ്മത്തിലേയും ജൈനപാരമ്പര്യത്തിലെയും പ്രസിദ്ധരായ അനേക സന്യാസിമാര്‍ നഗ്‌ന ഗുരുക്കളായിരുന്നുവെന്ന് ഭാരതത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. മുസ്ലിമുകള്‍ ഇന്ത്യയെ ആക്രമിച്ച നാളുകളില്‍ ഇന്ത്യയിലുണ്ടായിരുന്ന ഇത്തരം പേഗന്‍ മതങ്ങളെ അവര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിരുന്നില്ല. നഗ്‌നമായി കണ്ടിരുന്ന ദേവീ ദേവന്മാരുടെ ബിംബങ്ങളും അത്തരം ദേവപൂജ നടത്തിയിരുന്ന അമ്പലങ്ങളും അവര്‍ അടിച്ചു തകര്‍ത്തിരുന്നു. നഗ്‌നരായ സന്യാസികളെ വഴിയില്‍ കണ്ടാല്‍ അവര്‍ ബലമായി തുണി ഉടുപ്പിച്ചിരുന്നു. എങ്കിലും അവരുടെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ ഇടപെടാന്‍ മുസ്ലിം ഭരണാധികാരികള്‍ ഭയപ്പെട്ടിരുന്നു. ഒരു പരിധിവരെ നഗ്‌നസന്യാസികളുടെ ജീവിത രീതികളില്‍ അവര്‍ കണ്ണടക്കുകയായിരുന്നു.

പരസ്യമായി നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ട് പൊതുവഴികളില്‍ക്കൂടി നൃത്തം ചെയ്തിരുന്ന ഒരാളിനെ ഔറഗസീബ് ചക്രവര്‍ത്തി വധിച്ചതായി ചരിത്രത്തിലുണ്ട്. വധശിക്ഷ കിട്ടിയ നഗ്‌നനായിരുന്ന ആ മനുഷ്യന്‍ വാസ്തവത്തില്‍ സന്യാസിയായിരുന്നില്ല. പേര്‍ഷ്യന്‍ യഹൂദനായിരുന്ന അയാള്‍ ഇസ്‌­ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയിരുന്നു. മുസ്ലിമായി ഇന്ത്യയില്‍ വന്ന അയാള്‍ എംബ്രോയിഡറി ചെയ്ത തുണിത്തരങ്ങള്‍ വിറ്റ് ഡല്‍ഹിയില്‍ ഉപജീവനം നടത്തിയിരുന്നു. വീണ്ടും അയാള്‍ മതം മാറി ഹിന്ദുമതത്തില്‍ ചേര്‍ന്നു. അതിനുശേഷം രാമന്റെ വലിയ ഭക്തനായി തീര്‍ന്നിരുന്നു. ദൈവത്തെ സ്തുതിച്ചുള്ള നല്ല നല്ല പാട്ടുകളും സ്തുതിഗീതങ്ങളും എഴുതാന്‍ തുടങ്ങി. ഇത്തരം കാര്യങ്ങള്‍ ആദ്യകാലങ്ങളില്‍ ചക്രവര്‍ത്തിയുടെ ആള്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുമായിരുന്നു. എന്നാല്‍ അയാള്‍ തെരുവുകളില്‍ നഗ്‌നനായി ഡാന്‍സും ചെയ്യാന്‍ തുടങ്ങി. ഒരു മുസ്ലിം മനുഷ്യന്‍ മറ്റൊരു മതത്തില്‍ ചേര്‍ന്നാല്‍ മുസ്ലിമുകള്‍ക്ക് സഹിക്കാന്‍ സാധിക്കില്ല. ഇസ്‌­ലാമിനെ അപകീര്‍ത്തിപ്പെടുത്തി പരസ്യമായി തെരുവുകളില്‍ ഡാന്‍സ് ചെയ്യുന്നുവെന്ന കുറ്റാരോപണത്തിലായിരുന്നു അന്ന് ചക്രവര്‍ത്തി അയാളെ വധിക്കാന്‍ ആജ്ഞ നല്‍കിയത്.

ഇന്ത്യയിലെ പേഗനീസം ഒരളവുവരെ ഇന്ത്യ മുഴുവനായും മുസ്ലിം സമുദായത്തെയും സ്വാധീനിച്ചിരുന്നു. ധാരാളം സൂഫികള്‍ നഗ്‌നത തെരഞ്ഞെടുത്തതായി കാണാം. സൂഫികളില്‍ ഇന്നും നഗ്‌നരായ സന്യാസികളുണ്ട്. 'ഹിന്ദു' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് മുസ്ലിമുകളെന്നു പറയപ്പെടുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ആ പദം വിപുലീകരിക്കുകയായിരുന്നു. അതുകൊണ്ടു ഹിന്ദുവെന്ന വാക്കു തന്നെ ഇന്ത്യന്‍ നിഘണ്ടുവില്‍ പുതിയതായി കടന്നു വന്നതാണ്. സിന്ധുനദി തീരത്ത് താമസിക്കുന്നവര്‍ എന്നര്‍ത്ഥത്തിലാണ് ഹിന്ദുവെന്ന വാക്ക് പ്രായോഗിക തലങ്ങളില്‍ നടപ്പിലായത്. ഹിന്ദുവെന്ന പദം ലോകം മുഴുവന്‍ അംഗീകരിച്ചതെങ്കിലും ഹിന്ദുക്കളില്‍ ആത്മീയ മണ്ഡലങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ക്കും മറ്റനേക ആര്യബ്രാഹ്മണര്‍ക്കും ആ പദം സ്വീകാര്യമല്ല. വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ ഭഗവദ് ഗീതയിലോ ഹിന്ദുവെന്ന വാക്ക് കാണുവാന്‍ സാധിക്കില്ല. ആര്യന്‍മാര്‍ ഇന്ത്യയില്‍ കുടിയേറാന്‍ തുടങ്ങിയതില്‍ പിന്നീട് 'സനാതന ധര്‍മ്മ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. വേദിക്കും വേദിക്കുമല്ലാത്ത മതങ്ങള്‍ ഒന്നായപ്പോള്‍ 'സനാതനം' എന്ന വാക്ക് കൂടുതല്‍ പ്രാബല്യത്തിലാവുകയും ചെയ്തു. 'സനാതനം' എന്നാല്‍ 'അനാദ്യന്തമായ ജ്ഞാനം' എന്നാണര്‍ത്ഥം.

ആധുനിക ലോകത്തില്‍ യൂറോപ്പ്യന്‍ നാടുകളിലും ഇന്ത്യയിലും വരെ സ്ത്രീകള്‍ അര്‍ത്ഥ നഗ്‌­നരായി നടക്കുന്നത് കാണാം. അതിലൊന്നും വേദനയില്ലാതെ ആത്മീയ ലോകത്തില്‍ ഈ സന്യാസികള്‍ നഗ്‌നരായി നടക്കുന്നതുകൊണ്ടു എന്തിനു വേദനിക്കുന്നുവെന്നും ഈ നഗ്‌നതയെ പിന്താങ്ങുന്നവര്‍ ചോദിക്കുന്നു. നഗ്‌നസന്യാസികളെ കാണേണ്ടവര്‍ അവരെ കണ്ടിട്ട് പോവാം. അവരുടെ അവയവങ്ങള്‍ കാണാന്‍ വരുന്നവര്‍ക്കും അങ്ങനെയുമാകാം. അതിന്റെ പേരില്‍ ഹിന്ദു ധര്‍മ്മത്തെ സോഷ്യല്‍ മീഡിയാകളില്‍ എന്തിനു അപമാനിക്കുന്നുവെന്നും മതാചാരങ്ങളുമായി ബന്ധപ്പെട്ടവര്‍ ചോദിക്കുന്നു. ദിഗംബര വേദഗ്രന്ഥങ്ങളില്‍ സാധാരണക്കാര്‍ക്ക് ദഹിക്കാത്ത വിചിത്രങ്ങളായ പലതും എഴുതി വെച്ചിട്ടുണ്ട്. പല്ലു തേക്കാന്‍ ടൂത് പൗഡറോ പേസ്‌റ്റോ ഉപയോഗിക്കരുത്. ഉറങ്ങുന്നത് വെറും തറയിലായിരിക്കണം. ഒരിക്കലും കുളിക്കരുത്. ഭക്ഷണം കഴിക്കുന്നത് നിന്നുകൊണ്ടായിരിക്കണം. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ദിവസത്തില്‍ ഒരു പ്രാവിശ്യമെയാകാവൂ. തലയിലെ തലമുടിയും മുഖത്തെ രോമവും കൈകള്‍കൊണ്ട് വലിച്ചു പറിക്കണം. വീടിനുള്ളിലും സഞ്ചാര പാതയിലും ദിഗംബരനായവന്‍ നഗ്‌നനായിരിക്കണം. അവരുടെ വിജ്ഞാന കോശത്തില്‍ ഇങ്ങനെ വിസ്മയകരങ്ങളായ പലതും കാണാന്‍ സാധിക്കും.

കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് വെറും ഒരു കോണകം മാത്രം ഉടുത്തുകൊണ്ടു കൃഷിക്കാര്‍ പാടങ്ങളിലും പണിശാലകളിലും പണിയെടുത്തിരുന്നു. പ്രകൃതിയുമായുള്ള അവരുടെ ബന്ധത്തിലെ മതിലുള്ളത് ആ കോണകത്തില്‍ മാത്രമായിരുന്നു. യൂട്യൂബില്‍ നോക്കിയാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വലിയൊരു വിഭാഗം ചരടുപോലുമില്ലാതെ ജീവിക്കുന്നുവെന്നു കാണാം. രമണ മഹര്‍ഷി കോണകമുടുത്തുകൊണ്ടായിരുന്നു ആയിരക്കണക്കിന് വ്യക്തികളെ സ്വാഗതം ചെയ്തുകൊണ്ടിരുന്നത്. അതാണ് ഉപനിഷത്ത് പറയുന്നതും, അതായത് അറിവിന്റെ പരമകോടിയിലെത്തിയാല്‍ മന്ത്രം വേണ്ട, ത്യാഗം വേണ്ട, ശരീരമെന്നോ യജ്ഞമോ എന്നൊന്നില്ല. ഒന്നും വേണ്ടാത്ത ഒരവസ്ഥ വരുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയുമായി അലിഞ്ഞു ജീവിക്കാന്‍ തുടങ്ങും. ഉപനിഷത്തുകളുടെ കാതലായ തത്ത്വങ്ങളും അവിടെ പൂര്‍ത്തികരിക്കുകയാണ്.

https://www.youtube.com/watch?v=GkVB6ImBYKA 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code