Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റിയോ ഒളിമ്പിക്‌സിന് കൊടിയിറങ്ങി; ഇനി 2020ല്‍ ടോക്യോ

Picture

റിയോ: ലോകത്തിന്റെ കളിത്തൊട്ടിലായി റിയോ മാറിയ 17 ദിനങ്ങള്‍. ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടും നീന്തല്‍ കുളത്തില്‍ മൈക്കല്‍ ഫെല്‍പ്‌സും ഇതിഹാസങ്ങളില്‍ ഇതിഹാസമായി മാറിയ റിയോ. ലോകം കാത്തിരുന്നത്തെിയ കായിക മാമാങ്ക ദിനങ്ങള്‍ ഉത്സവംപോലെ തീര്‍ന്നു. ഇനി, ഏഷ്യന്‍ രാജ്യമായ ജപ്പാനിലെ ടോക്യോ ഉണരാനുള്ള നാലുവര്‍ഷത്തെ കാത്തിരിപ്പ്.


അവസാനദിനത്തില്‍ പുരുഷവിഭാഗം മാരത്തണ്‍ അടക്കം 12 സ്വര്‍ണങ്ങളില്‍കൂടി തീര്‍പ്പാക്കി 31ാമത് ഒളിമ്പിക്‌സിന് ബ്രസീല്‍ നഗരമായ റിയോ ഡെ ജനീറോ വിടചൊല്ലി. എതിരാളികളില്ലാതെ അമേരിക്ക (43 സ്വര്‍ണം, 37 വെള്ളി, 36 വെങ്കലം) 116 മെഡലുമായി ലോകത്തെ ഏറ്റവുംവലിയ കായികശക്തിയായി മാറിയപ്പോള്‍, ബ്രിട്ടന്റെ കുതിപ്പിനും ചൈനയുടെ കിതപ്പിനും റിയോ സാക്ഷിയായി. ഉത്തേജക വിവാദത്തില്‍ അംഗബലം പകുതിയായി കുറഞ്ഞിട്ടും റഷ്യയുടെ ഉജ്ജ്വല പോരാട്ടവും ഏഷ്യന്‍ പുതു ശക്തിയായി ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പും കണ്ട റിയോ മേള.

ട്രിപ്പ്ള്‍ ഒളിമ്പിക്‌സില്‍ ട്രിപ്പ്ള്‍ സ്വര്‍ണവുമായി ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ട്രാക്ക് വിട്ടപ്പോള്‍ വിടവാങ്ങല്‍ മേളയിലൂടെ 23 ഒളിമ്പിക്‌സ് സ്വര്‍ണമണിഞ്ഞാണ് അമേരിക്കന്‍ നീന്തല്‍ താരം ഫെല്‍പ്‌സ് റിയോയുടെ താരമായത്. 554 അംഗ സംഘവുമായത്തെിയ അമേരിക്ക നീന്തല്‍ കുളത്തില്‍ 16ഉം, അത്‌ലറ്റിക്‌സില്‍ 13ഉം സ്വര്‍ണം നേടിയാണ് ഒളിമ്പിക്‌സ് ചരിത്രത്തില്‍ 17ാമതും ഒന്നാമന്മാരായത്. ഇടക്കാലത്ത് ബെയ്ജിങ്ങില്‍ നഷ്ടമായ ചാമ്പ്യന്‍പട്ടം തുടര്‍ച്ചയായി രണ്ടാം വട്ടവും സ്വന്തമാക്കി.


ചൈനയുടെ വന്‍വീഴ്ച

26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവും അക്കൗണ്ടിലത്തെിയിട്ടും ചുവന്ന ചൈന വിവാദത്തില്‍ തിളച്ചുമറിയുകയാണ്. 410 പേരുടെ ജംബോ സംഘവുമായി മൂന്നുവന്‍കരകള്‍ക്കപ്പുറമുള്ള റിയോയിലേക്ക് പറക്കുമ്പോള്‍ എട്ടുവര്‍ഷം മുമ്പ് സ്വന്തമാക്കിയ ചാമ്പ്യന്‍പട്ടമായിരുന്നു ലക്ഷ്യം. എന്നാല്‍, തങ്ങളുടെ 20 വര്‍ഷത്തെ ഒളിമ്പിക്‌സ് കണക്കുകളില്‍ ഏറ്റവും മോശം റെക്കോഡുമായാണ് ചെമ്പടയാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത്. 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ 24 സ്വര്‍ണമണിഞ്ഞശേഷം ചൈയുടെ ഏറ്റവും മോശം പ്രകടനമായി ഇത്. 2008 ഒളിമ്പിക്‌സ് വേദിയായി ബെയ്ജിങ്ങിനെ പ്രഖ്യാപിക്കപ്പെട്ട ശേഷം കഠിന യത്‌നത്തിലായിരുന്നു ചൈന. അതിന്റെ ഫലമായിരുന്നു ചരിത്രത്തിലാദ്യമായി മെഡല്‍ വേട്ടയില്‍ ഒന്നാമതത്തെിയത്. 2004 ആതന്‍സിലും 2012 ലണ്ടനിലും രണ്ടാം സ്ഥാനത്തത്തെിയപ്പോള്‍ സ്വര്‍ണനേട്ടം 32ഉം 38ഉമായിരുന്നു.
റിയോയിലേക്ക് പറന്നവരില്‍ ലണ്ടനില്‍ സ്വര്‍ണമണിഞ്ഞ 27 പേര്‍ ഉള്‍പ്പെടെ 35 ഒളിമ്പിക്‌സ് ജേതാക്കള്‍. പരിശീലകരടക്കം അംഗബലം 710. ശക്തരായ എതിരാളികളായ റഷ്യ ഉത്തേജകവിവാദത്തെ തുടര്‍ന്ന് ദുര്‍ബലം. റിയോയില്‍ സാഹചര്യങ്ങളെല്ലാം ചൈനക്ക് അനുകൂലമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, കളമുണര്‍ന്നതോടെ തൊട്ടതെല്ലാം പിഴച്ചു.


ചൈനീസ് മേധാവിത്വമുള്ള ഇനങ്ങളായ ബാഡ്മിന്റണ്‍, ജിംനാസ്റ്റിക്‌സ് എന്നിവയിലാണ് റിയോയില്‍ പ്രധാന തിരിച്ചടി നേരിട്ടത്. ലണ്ടനില്‍ അഞ്ചു സ്വര്‍ണവും നാല് വെള്ളിയുമടക്കം 12 മെഡല്‍ പിറന്ന ജിംനാസ്റ്റിക്‌സ് ടീമിന് റിയോയില്‍ ഒരു സ്വര്‍ണം പോലുമില്ല. ആകെ പിറന്നത് ഒരു വെള്ളിയും അഞ്ച് വെങ്കലവും. ബാഡ്മിന്റണില്‍ 521ല്‍ നിന്നും 201ലേക്ക് തകര്‍ന്നു. നീന്തലില്‍ ലണ്ടനില്‍നിന്നും റിയോയിലത്തെിയപ്പോള്‍ 523ല്‍ നിന്നും 123 എന്നായി. ടേബ്ള്‍ ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ്, ഡൈവിങ് എന്നിവയില്‍ മേധാവിത്വം നിലനിര്‍ത്താനായെങ്കിലും ഷൂട്ടിങ്, ഫെന്‍സിങ്, ബോക്‌സിങ് എന്നിവയില്‍ പിന്നോട്ടുപോയി. ഒളിമ്പിക്‌സ് കൊടിയിറക്കത്തിനു പിന്നാലെ ചൈനീസ് മാധ്യമങ്ങളുടെ വിചാരണയും ആരംഭിച്ചു. ചൈനയുടെ മെഡല്‍ കൊയ്ത്തിനെ തടയിടാന്‍ സംഘാടകരും വിധികര്‍ത്താക്കളും ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന ആരോപണം.


അതേസമയം, പ്രകടനത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ചൈയുടെ പ്രകടനം മോശമായില്‌ളെന്നാണ് സംഘത്തലവന്‍ ലിയു പെങ്ങിന്റെ വിശദീകരണം. മുന്‍ ഒളിമ്പിക്‌സുകളേക്കാള്‍ ചൈനക്ക് വെല്ലുവിളിയുണ്ടായിരുന്നു. അടുത്തിടെയായി കൂടുതല്‍ രാജ്യങ്ങള്‍ സ്‌പോര്‍ട്‌സിന് പരിഗണ നല്‍കുന്നത് ഇവിടെ കണ്ടു. വരും ഒളിമ്പിക്‌സുകളില്‍ ഇതുകൂടി മുന്നില്‍കണ്ടാവും ചൈനയുടെ ഒരുക്കം. മികവ് എങ്ങനെ വളര്‍ത്തണമെന്ന് പരിശോധിക്കുകയാണ് ലിയു പെങ് പറഞ്ഞു.

ഗ്രേറ്റ് ബ്രിട്ടന്‍

1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണവുമായി 36ാം സ്ഥാനക്കാരായിരുന്ന ബ്രിട്ടനാണ് റിയോയില്‍ 27 സ്വര്‍ണമടക്കം 66 മെഡലുമായി രണ്ടാം സ്ഥാനത്തുള്ളത്. 2012ല്‍ സ്വന്തം നാട്ടിലത്തെിയ ഒളിമ്പിക്‌സിനെ വരവേല്‍ക്കാന്‍ കായിക സംസ്‌കാരം അടിമുടി മാറ്റിയെഴുതിയതിനുള്ള ഫലം. സൈക്‌ളിങ്ങില്‍ ആറും റോവിങ്ങില്‍ മൂന്നും അത്‌ലറ്റിക്‌സില്‍ രണ്ടുമടക്കം സ്വര്‍ണം കൊയ്താണ് ബ്രിട്ടന്‍ റിയോയില്‍ തിളങ്ങിയത്. ലണ്ടനില്‍ 29 സ്വര്‍ണവുമായി മൂന്നാം സ്ഥാനത്തായിരുന്നു ബ്രിട്ടന്‍.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code