Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രശസ്ത സാഹിത്യകാരി മഹാശ്വേതാ ദേവി അന്തരിച്ചു

Picture

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. പദ്മവിഭൂഷണും മാഗ്‌സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എഴുത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനവും തുടര്‍ന്ന മഹാശ്വേതാ ദേവി ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പോരാടി. ഇടതുപക്ഷ അനുഭാവിയായിരുന്ന അവര്‍, പക്ഷെ ബംഗാളിലെ ഇടതുസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. കാര്‍ഷിക സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകര്‍ക്കൊപ്പം അവര്‍ സമരം ചെയ്തു.

1926 ല്‍ ധാക്കയിലാണ് മഹാശ്വേത ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു. പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്. ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ സ്കൂള്‍ വിദ്യാഭ്യാസം. വിഭജനത്തിനു ശേഷം ബംഗാളിലെത്തിയ അവര്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഇംഗ്ലിഷ് ബിരുദത്തിനു ചേര്‍ന്നു. പിന്നെ കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന് എംഎ പൂര്‍ത്തിയാക്കി. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ല്‍ വിവാഹമോചനം നേടി. മകന്‍ നബാരുണ്‍ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.

1964 ല്‍ ബിജോയ്ഗര്‍ കോളജില്‍ അധ്യാപികയായി ഔദ്യോഗികജീവിതം തുടങ്ങിയ മഹാശ്വേത സാഹിത്യ രചനയും പത്രപ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോയി. ബംഗാളിലെ ആദിവാസികളും ദലിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവര്‍ തന്റെ രചനകള്‍ക്കു പ്രമേയമാക്കി.

ഝാന്‍സി റാണിയാണ് (1956) മഹാശ്വേത ദേവിയുടെ ആദ്യ കൃതി. ഹസാര്‍ ചൗരാസി കി മാ എന്ന നോവല്‍ '1048 ന്റെ അമ്മ' എന്ന പേരില്‍ കെ.അരവിന്ദാക്ഷനും അരണ്യേര്‍ അധികാര്‍ എന്ന നോവല്‍ 'ആരണ്യത്തിന്റെ അധികാരം'എന്ന പേരിലും ബ്യാധ്ഖണ്ടാ എന്ന നോവല്‍ 'മുകുന്ദന്റെ താളിയോലകള്‍' എന്ന പേരിലും­ ലീലാ സര്‍ക്കാരും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദി വൈ വൈ ഗേള്‍ എന്ന കൃതി 'ഒരു എന്തിനെന്തിനു പെണ്‍കുട്ടി' എന്ന പേരില്‍ സക്കറിയ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു.ഹസാര്‍ ചൗരാസി കി മാ, അരണ്യേര്‍ അധികാര്‍, തിത്തു മിര്‍, അഗ്‌നിഗര്‍ഭ, ദ്രൗപദി, രുധാലി തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

കേരളത്തിലെ പ്രകൃതിസംരക്ഷണത്തിനായുള്ള പോരാട്ടങ്ങളില്‍ സാറാ ജോസഫ് അടക്കമുള്ളവര്‍ക്കൊപ്പം കേരളത്തില്‍ പ്രവര്‍ത്തിച്ചു. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഭാര്യ കെ.കെ. രമയ്ക്ക് ആശ്വാസം പകരാനും അവരെത്തിയിരുന്നു. മുലമ്പിള്ളി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടമക്കുടി ഗ്രാമസംരക്ഷണമുന്നണിക്കും കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെയുള്ള സമരത്തിനും മാള പൈതൃക സംരക്ഷണസമരത്തിനുമൊക്കെ പിന്തുണയുമായി മഹാശ്വേതാ ദേവി കേരളത്തിലെത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code