Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെച്ചൂര്‍ പശുവിന്റെ പെരുമതേടി.... (പി.റ്റി.പൗലോസ്)

Picture

വെച്ചൂര്‍ പശുക്കള്‍-ഗ്രാമനിഷ്‌ക്കളങ്കതയുടെ മറ്റൊരു വാക്കായിരുന്നു 19860 കളുടെ അവസാനം വരെ. അതിനുശേഷം വംശം നിന്നു പോകുന്ന അമൂല്യ മൃഗസമ്പത്തിന്റെ പട്ടികയില്‍ വെച്ചൂര്‍ പശുവും ഉള്‍പ്പെട്ടു. വെച്ചൂര്‍ പശുവിന്റെ പാലിന് അസമാന്യമായ ഔഷധഗുണമുണ്ടായിരുന്നു. പ്രമേഹത്തിനും ഹൃദ്രോഹത്തിനും ഓട്ടിസത്തിനും അത്യുത്തമമെന്ന് ആയ്യുര്‍വേദ ആചാര്യ•ാര്‍ വിധിയെഴുതി. ഒരു പശു ദിവസേന ശരാശരി മൂന്നു ലിറ്റര്‍ മാത്രമേ പാല് തരൂ. ശരാശരി 90 സെ.മി. പൊക്കവും 125 സെ.മി. നീളവും 130 കിലോ ഗ്രാം വരെ തൂക്കമുള്ള ഈ കുഞ്ഞിപ്പശുവിന്റെ ഖ്യാതി ആഗോളതലത്തില്‍ എത്തി. കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ 'വെച്ചൂര്‍' എന്ന കൊച്ചുഗ്രാമം അങ്ങനെ ലോകഭൂപടത്തില്‍ ഇടം നേടി.

ഏറ്റവും കൂടുതല്‍ ഔഷധമൂല്യമുള്ള പാല് തരുന്നതും ഏറ്റവും ചെറിയതുമായ പശുവാണ് വെച്ചൂര്‍ പശു എന്ന ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തി. ഇപ്പോള്‍ യു.എന്‍. ഏജന്‍സിയായ എഅഛ യുടെ 'World Watch List of Domestic Animal Diverstiy'യിലും വെച്ചൂര്‍ പശു ഇടം നേടി. ലോകത്തില്‍ പലയിടങ്ങളിലുമായി ഏതാണ്ട് 200 ല്‍ പ്പരം വെച്ചൂര്‍ പശുക്കള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന ഈ ലേഖകന്റെ ധാരാണ വെറും അബദ്ധ ധാരണയായിരുന്നു എന്നും വെച്ചൂര്‍ പശു ഇന്ന് ചരിത്രരേഖകളില്‍ മാത്രമെ ഉള്ളൂ എന്നും ഈയിടെ മനസ്സിലായി. വെച്ചൂര്‍ പശുവിന്റെ പെരുമ തേടിയുള്ള യാത്രയില്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.യും സാഹിത്യകാരനും ഒരു നല്ല കൃഷിക്കാരനുമായ വെച്ചൂര്‍ സ്വദേശി മോഹന്‍ദാസ് വെച്ചൂരിനെ കണ്ടുമുട്ടി. ഇനി  വെച്ചൂര്‍ പശുക്കളെക്കുറിച്ച് മോഹന്‍ദാസിന്റെ ഭാഷയില്‍:
'അമ്മിണിയേ.....' പുറംബണ്ടില്‍ നിന്നും കൊണ്ടുള്ള അമ്മയുടെ നീട്ടിവിളിയും പാടത്തിന്‍ നടുവില്‍ സഹപൈക്കളോടൊപ്പം കറുകപുല്ലിന്റെ സുകൃതം നുണഞ്ഞ് വീണ്ടരക്കുന്നതിനിടയില്‍ 'മാ'...... എന്നു സ്‌നേഹത്തോടെയുള്ള മറുകരച്ചിലിലും തുടങ്ങുന്നു വെച്ചൂര്‍ പശുക്കളെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍. പണ്ടൊക്കെ എന്റെ ഗ്രാമത്തിലെ മിക്കവീടുകളിലും വെച്ചൂര്‍ പശുക്കളുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ പൈക്കിടാവിന് അമ്മ ഇട്ട പേരാണ് 'അമ്മിണി'. ഉയരം കുറഞ്ഞ്, ഉരുണ്ടചന്തിയും, നിലം തൊടുന്ന വാലും, വാലിട്ടെഴുതിയ കണ്ണുകളും, അടക്കവും ഒതുക്കവുമുള്ള കറുത്ത സുന്ദരി! തിടമ്പേറ്റിയ ഗജരാജന്റെ ഗമയില്‍ ഗ്രാമത്തിലെ മണ്‍വഴിയിലൂടെ നടന്നു നീങ്ങുന്ന വിത്തുകാളയും മൂക്കുകയറില്‍ ബന്ധിച്ച കയര്‍ മാടിയൊതുക്കി ഇടംകയ്യില്‍പ്പിടിച്ച് വലംകയ്യില്‍ ചാട്ടവാറുമായി കാളയെതെളിക്കുന്ന കാളക്കാരനും ബാല്യത്തിലെ കൗതുകകാഴ്ചകളില്‍ ഒന്നായിരുന്നു.

കാളയുടെ കഴുത്തിലെ മണികിലുക്കം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ഓടിയെത്തും. ഒരിക്കല്‍ കാളയും കാളക്കാരനും എവിടേക്കാണ് പോകുന്നത് എന്നറിയാതെ കാഴ്ചയുടെ കൗതുകത്തില്‍ ലയിച്ചിരിക്കുമ്പോള്‍ അടുത്തുനിന്ന ചേട്ടന്‍ അയല്‍പക്കത്തെ ചേച്ചിയോട് എന്തോപറഞ്ഞു. പൊട്ടിച്ചിതറാതെ ഇറുക്കിപ്പിടിച്ച ചിരിയുമായി നിന്ന ചേച്ചി പൊട്ടിച്ചിതറിയതിന്റെ പൊതുള്‍ അറിയാന്‍ പിന്നെയും കാലങ്ങള്‍ വേണ്ടി വന്നു. പിന്നീട് ഗ്രാമനിഷ്‌ക്കളങ്കതയുടെ മറുവാക്കായിരുന്ന വെച്ചൂര്‍ പശുക്കളും വിത്തുകാളകളും കാലയവനികക്കുള്ളില്‍ മറഞ്ഞു. ഒരിക്കല്‍ വികസനം എത്തിനോക്കാത്ത എന്റെ ഗ്രാമത്തില്‍ ഒരു അംബാസിഡര്‍ കാര്‍ വന്നു നിന്നു. അതില്‍ സ്ത്രീയും രണ്ടുമൂന്നു ചെറുപ്പക്കാരും ആയിരുന്നു അതില്‍. കാളയെക്കാണുന്ന കൗതുകത്തോടെ ഞങ്ങള്‍ ചുറ്റിലും കൂടി. അവര്‍ മുതിര്‍ന്നവരോട് വെച്ചൂര്‍ പശുക്കളെപ്പറ്റി അന്വേഷിച്ചു. എന്റെ ഗ്രാമത്തിന്റെ നിഷ്‌ക്കളങ്കതയെത്തേടി എത്തിയ അവര്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ.ശോശാമ്മ ഐപ്പും സംഘവുമായിരുന്നു. ടി.കെ.വേലുപ്പിള്ളയുടെ 'തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍' എന്ന ഗ്രന്ഥത്തില്‍ വെച്ചൂര്‍ പശുക്കളെയും അതിന്റെ പാലിന്റെ ഔഷധമൂല്യങ്ങളെപ്പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. അതുവായിച്ചറിഞ്ഞ് വെച്ചൂര്‍ പശുവിന് പുനര്‍ജ•ം നല്‍കുക എന്ന സ്വപ്‌നപദ്ധതിയുമായി എത്തിയവരായിരുന്നു അവര്‍. നാടന്‍ പശുക്കളുടെ പ്രജനനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അത്യുല്പാദനശേഷിയുള്ള വിദേശബീജം ഇറക്കുമതി ചെയ്ത് കുത്തിവെയ്ക്കാന്‍ തുടങ്ങിയതോടെ നാടന്‍ പശുക്കള്‍ക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞിരുന്നു. വെച്ചൂര്‍ പശുക്കളുമായി സാമ്യമുള്ള പശുക്കളെയും കാളകളെയും ബീജസങ്കലനം നടത്തി രണ്ടുമൂന്ന് തലമുറ പിറക്കുമ്പോള്‍ യഥാര്‍ത്ഥ വെച്ചൂര്‍ പശു പുനര്‍ജനിക്കുമെന്നായിരുന്നു നിഗമനം. നാട്ടില്‍ നിന്നും ഏതാനും പശുക്കളെ വാങ്ങിക്കൊണ്ടു പോയി പദ്ധതി വിജയകരമായി നടപ്പിലാക്കി വരവെ വിവാദങ്ങള്‍ ഉയര്‍ന്നു. സര്‍വ്വകലാശാലയിലെ ഫാമില്‍ സംരക്ഷിച്ചു വന്നിരുന്ന വെച്ചൂര്‍ പശുക്കള്‍ ഒന്നൊന്നായി ചത്തൊടുങ്ങാന്‍ തുടങ്ങി. പശുക്കളുടെ മരണകാരണം തേടിയുള്ള പോലീസ് അന്വേഷണം ചെന്നെത്തിയത് കള്ളന്‍ കപ്പലില്‍ തന്നെ എന്ന നിഗമനത്തിലായിരുന്നു. പദ്ധതി അട്ടിമറിക്കാന്‍ അസൂയ മൂത്ത ചിലര്‍ ഈ മിണ്ടാപ്രാണികള്‍ക്ക് വിഷം നല്‍കി വെഷമം തീര്‍ക്കുകയായിരുന്നു. അതിനിടയില്‍ വെച്ചൂര്‍ പശുവിന്റെ പേരും പെരുമയും കടല്‍ കടന്ന് ലോകത്തെമ്പാടുമെത്തി.

ഒരിക്കല്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഡോ.വന്ദന ശിവ ദില്ലിയില്‍ ഒരു പത്രസമ്മേളനം നടത്തി. ഇംഗ്ലണ്ടിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് വെച്ചൂര്‍ പശുക്കളുടെ പേറ്റന്റിന് അപേക്ഷിച്ചു എന്നായിരുന്നു ആരോപണം. തുടര്‍ന്ന് വലിയ വിവാദങ്ങള്‍ അരങ്ങേറി. ഇന്ന് വെച്ചൂര്‍ പശുക്കള്‍ ഒരു അലങ്കാര വളര്‍ത്തുമൃഗമായി മാറിയിരിക്കുന്നു. റിസോര്‍ട്ടുകളിലും പണക്കാരുടെ വീടുകളിലും ആധുനിക തൊഴുത്തുകളില്‍ ആഢംബര കാലിത്തീറ്റകളും തിന്നു ജീവിക്കാനാണ് വിധി. മേനി നടിക്കാനായി വലിയ വില നല്‍കി വാങ്ങി സംരക്ഷിക്കുന്ന അവയില്‍ പലതിനും യഥാര്‍ത്ഥ വെച്ചൂര്‍ പശുക്കളുമായി വിദൂര സാമ്യം പോലുമില്ല എന്നത് മറ്റൊരു കാര്യം. എങ്കിലും വെച്ചൂര്‍ എന്ന ഗ്രാമത്തിന്റെ സ്വച്ഛതയില്‍, വിശാലമായ കൃഷിയിടങ്ങളില്‍ നീണ്ടു വളര്‍ന്ന കറുകപ്പുല്ലും മുത്തങ്ങ പുല്ലും മറ്റ് ഔഷധസസ്യങ്ങളും യഥേഷ്ടം കഴിച്ച്, വിഷമയം ഇല്ലാത്ത നാടന്‍ കുത്തരിക്കാടിയും കുടിച്ച്, കയറിന്റെ ബന്ധനങ്ങളില്ലാതെ, അതിനുവേലികളില്ലാത്ത തൊടികളില്‍, നിലാവിന്റെ കുളിരണിഞ്ഞ് സ്‌നേഹത്തിന്റെ നറു പാല്‍ ചുരത്തി കഴിഞ്ഞിരുന്ന അവള്‍..... ഇന്ന് നാമം മാത്രമായിരിക്കുന്നു.


Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code