ബര്‍ലിന്‍ : ജര്‍മനിയില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവായ ജര്മന്കാരന് അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏക മകള്‍ വി.ജാനറ്റ് കൊല്ലപ്പെട്ട കേസിലാണു ഭര്‍ത്താവ് റെനെ അറസ്റ്റിലായത്. ഇവര്‍ക്ക് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.
ജര്‍മനിയിലെ ഡ്യൂയിസ് ബുര്ഗഹോം ബുര്‍ഗ് നഗരത്തിലാണു കൊല നടന്നത്. വീടിനു ചേര്‍ന്നുള്ള തോട്ടത്തില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം.
ഈമാസം മൂന്നുമുതല്‍ ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി റെനെ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ സുഹൃത്തുക്കളും ബന്ധുക്കളും കഴിഞ്ഞ മാസം 14 മുതല്‍ ജാനറ്റിനെ സമൂഹമാധ്യമങ്ങള്‍ വഴി അന്വേഷിച്ചുവരികയായിരുന്നു. ഈ വിവരം പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണു കൊലപാതകം പുറത്തായത്.
ജാനറ്റ് വീടുവിട്ടിറങ്ങിപ്പോയി എന്നാണു റെനെ ആദ്യം പൊലീസിനോടു പറഞ്ഞത്. കുറ്റാന്വേഷണ വിഭാഗം കേസ് ഏറ്റെടുത്തതോടെ റെനെയ്ക്കു പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. ജാനറ്റിനെ കൊലപ്പെടുത്തി വീടിനോടു ചേര്‍ന്നുള്ള തോട്ടത്തില്‍ മറവു ചെയ്തെന്ന് ഇയാള്‍ സമ്മതിച്ചു. സ്കൂളില്‍ പഠിക്കുന്നതുമുതല് അടുത്തു പരിചയപ്പെട്ടവരാണു ജാനറ്റും റെനെയും. ഒടുവില്‍ അതു വിവാഹത്തിലെത്തി. ജാനറ്റിന്റെ വിവാഹം കേരളത്തിലാണു നടന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇവര്‍ കുടുംബസമേതം നാട്ടിലെത്തി കുട്ടിയുടെ മാമോദീസ നടത്തിയിരുന്നു.
കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നു പൊലീസ് വക്താവ് ഡാനിയേല ക്രാഷ് മാധ്യമങ്ങളെ അറിയിച്ചു.
Comments