Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏകാന്തതയുടെ തടവറകള്‍ (വാല്‍ക്കണ്ണാടി)   - കോരസണ്‍

Picture

ദൈവത്തിനു പോലും ബോറടിച്ചു കാണണം ഈ ഏകാന്തത. സ്ഥിരം കേള്‍ക്കുന്ന മാലാഖമാരുടെ സംഗീതവും മടുപ്പിച്ചു. അതാണ് മനുഷ്യന്‍ എന്ന വ്യത്യസ്ത സൃഷ്ടിയിലേക്ക് ദൈവം കൈവെച്ചത്. ലിംഗവും ജാതിയും, വര്‍ണ്ണവും വര്‍ഗ്ഗങ്ങളുമായി നിരന്തരം പൊരുതുന്ന, ഒന്നിലും തൃപ്തരാകാത്ത, ആരോടും വിധേയപ്പെടാത്ത ഒരു സൃഷ്ടി-മനുഷ്യന്‍ ! വളരെ വിചിത്രവും ഏറ്റവും താല്‍പര്യവും ഉളവാക്കുന്നതാണ് അവന്റെ ജീവിതം. ദൈവത്തിനുവേണ്ടി മരിക്കാനും കൊല്ലാനും അവന്‍ തയ്യാര്‍. ദൈവത്തിന്റെ ചിന്തകളുടെ മൊത്ത വ്യാപാരവും അവന്‍ ഏറ്റെടുത്തു. ദൈവത്തിന്റെ നിറവും, ഭാഷയും, ഭാവിയും ഭൂതവുമെല്ലാം അവന്റെ ചെറിയ കൈകളില്‍ ഭദ്രം. 

മനുഷ്യ സൃഷ്ടിക്കു ശേഷം ഒരിക്കല്‍ പോലും ബോറടിച്ചിട്ടില്ല ദൈവത്തിന്.
എന്നാല്‍ മനുഷ്യസൃഷ്ടിക്കു മുമ്പുണ്ടായിരുന്ന ഏകാന്തതയുടെ തടവറ ദൈവം മനുഷ്യന് അവിടവിടെയായി വിതരണം ചെയ്തു. അവനും അറിയട്ടെ താന്‍ കടന്നു പോയ കനത്ത ഏകാന്ത നിമിഷങ്ങള്‍. മറിയാമ്മ ടീച്ചര്‍ വിധവയായത് പ്രതീക്ഷിക്കാതെയാണ്. കഴിഞ്ഞ അന്‍പതിലേറെ വര്‍ഷം വഴക്കടിച്ചും,  സന്തോഷിപ്പിച്ചും, അഹങ്കരിപ്പിച്ചും നിന്ന ഗീവര്‍ഗീസ് അപകടത്തില്‍ നഷ്ടമായി. മക്കള്‍ എല്ലാം നല്ല നിലയില്‍ വിവിധ രാജ്യങ്ങളില്‍. അതിനിടെ കടന്നുവന്ന കേള്‍വിക്കുറവും, രോഗങ്ങളും. ആരും ഒപ്പമില്ല എന്ന ഉള്‍ഭയവും അറിയാതെ  തന്നെ ഏകാന്തതയുടെ തടവറയിലേക്ക് തള്ളിനീക്കുകയായിരുന്നു. കേള്‍വിക്കുറവു കാരണം ടിവി കാണാനുള്ള മടി, കണ്ണിനു കാഴ്ച കുറവായതിനാല്‍ വായനയും കുറവ്. പിന്നെ വെറുതെ താഴേക്കു നോക്കിയിരിക്കുക, ഭക്ഷണം കഴിച്ച് കൂടെക്കൂടെ ഉറങ്ങുക, മറ്റൊന്നും ചെയ്യാനില്ല. നടക്കുവാന്‍ പ്രയാസമുള്ളതിനാല്‍ എങ്ങും പോകാറില്ല. അതിനാല്‍ ആരും വിളിക്കാറുമില്ല. അന്വേഷണങ്ങളാണ് ജീവിത്തിനു അര്‍ത്ഥം നല്‍കുന്നത്. അന്വേഷണങ്ങള്‍ കടന്നുവരാത്ത ജീവിതങ്ങള്‍ സൃഷ്ടിക്കുന്ന തടവറ കനത്ത ഏകാന്തതയാണ് സൃഷ്ടിക്കുന്നത്.

മഹേഷ് അറിയാതെയാണ് താന്‍ എടുത്തെറിയപ്പെട്ട തടവറയിലേക്ക് വീണു പോയത്. തന്റെ സംഘടനാ വൈഭവും, കഴിവുകളും തെളിയിക്കപ്പെട്ടിട്ടും, താന്‍ വഴി മാറിക്കൊടുത്ത മൂത്ത സഹോദരന്റെ പൊതുപ്രവര്‍ത്തനിടെയുള്ള വഴിവിട്ട ജീവിതവും, അതില്‍നിന്നും മോചനം നേടാനാവാതെ പഴുതുകള്‍ ഒന്നും തെളിയിക്കപ്പെടാത്ത, തളയ്ക്കപ്പെട്ട ജീവിതം. ശരീരത്തിന്റെ പകുതി നിശ്ചലമായി പ്പോയ അവസ്ഥയും, ജയിലില്‍ കഴിയുന്ന സഹോദരന്റെയും തന്റെയും വളര്‍ന്നു വരുന്ന കുട്ടികളുടെ ജീവിതവും തോളിലേറ്റി നടന്നവര്‍ ഒഴിവാക്കി സുഹൃത്ത്വേദി കളിലും ചടങ്ങുകളില്‍പ്പോലും ഒഴിവാക്കി നീങ്ങുന്ന വര്‍ഷങ്ങള്‍. 

അതിരു വഴക്കിനിടെയാണ് താന്‍ ജീവിച്ചു തുടങ്ങിയത്. തോമസിന്റെ പിതാവും അയല്‍ക്കാരനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അഞ്ചു പതിറ്റാണ്ടോളം പ്രായമുണ്ട്.  ഹൈക്കോടതിയില്‍ പോലും തീരാനാവത്ത തര്‍ക്കങ്ങള്‍, മടുത്ത മീഡിയേഷനുകള്‍, ഇതിനിടെ കൈവിട്ടു പോയ ബാല്യം തന്നെ നട്ടെല്ലുള്ള തനി പോക്കിരിയായി മാറ്റിയിരുന്നു. തോല്‍ക്കാനും വിട്ടുകൊടുക്കാനും അറിയാത്തതിനാല്‍ കേസുകള്‍ ഒന്നൊന്നായി കൂടപ്പെട്ടു. സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും, താളവും എല്ലാ ഈ വഴക്കില്‍ കുളിച്ചു നിന്നു. വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും ഒരു സാധാരണ മനുഷ്യന്റെ സംസാരത്തിനു പോലും തനിക്കാവുന്നില്ല എന്ന യാഥാര്‍ത്ഥ്യം സ്വയം ഏല്‍പിച്ചു കൊടുത്ത തടവറയിലേക്ക് തന്നെ തളച്ചിട്ടു.

അപ്രതീക്ഷിതമായി കടന്നു വന്ന തന്റെ ഏക മകന്റെ മോട്ടോര്‍ ബൈക്ക് അപകടം രാജേഷിനെ നിരാശയുടെ പടുകുഴിയിലേക്കും മദ്യപാനത്തിലേക്കും വലിച്ചിഴച്ചു. എന്തുചെയ്യണം എങ്ങനെ പെരുമാറണമെന്നറിയാത്ത സുഹൃത്തുകളും ഉള്‍വലിഞ്ഞു. മദ്യശാലയും മദ്യപരും മാത്രം കൂട്ടിനായപ്പോള്‍ ജീവിതത്തില്‍ മെനഞ്ഞു കൂട്ടിയ നേട്ടങ്ങള്‍ ഒന്നൊന്നായി കൈവിട്ടു പോയതറിഞ്ഞില്ല. എങ്ങനെ ഈ ജിവിതത്തില്‍ നിന്നു കരകയറണമെന്നറിയാതെ മദ്യപരുടെ തടവറയില്‍, മാത്രം സായൂജ്യം കാണുക എന്ന അവസ്ഥ. 

സംശുദ്ധമായ കലാലയ രാഷ്ട്രീയത്തിലൂടെ അഭിഭാഷക വൃത്തിയിലേക്കു കടക്കുമ്പോഴും, നാടിനും നാട്ടാര്‍ക്കും കൊള്ളാവുന്ന ചില നല്ല മനുഷ്യര്‍ മുമ്പിലുണ്ടായിരുന്നു. ജോസഫ് അങ്ങനെ നല്ല കുറെ സുഹൃത്തുക്കളുടെ സൗഹൃദത്തില്‍ ഒരു രാഷ്ട്രീയ ഭാവി സ്വപ്നം കണ്ടിരുന്നു. അടിസ്ഥാന രാഷ്ട്രീയ കാപട്യങ്ങളുടെ ബാലപാഠങ്ങള്‍ രുചിച്ചറിഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത്, തന്റെ മുമ്പില്‍ തിളങ്ങി നിന്ന ആരാധ്യരുടെ പച്ചയായ ജീവിതങ്ങള്‍ അത്ര അഭിലഷണീയമല്ല എന്ന്. സുഹൃത്തുക്കളായി കൂടെ കരുതിയവര്‍ വെച്ചു കയറ്റിയ പാരകളില്‍ നിന്നു ജീവിതം തന്നെ രചിച്ചെടുത്തതിന്റെ വേദന, പക, നഷ്ടബോധം, തിരിച്ചറിവ്, സാത്വികനായ ഒരു മിണ്ടാപ്രാണിയാക്കി ഒതുക്കിക്കളഞ്ഞു. താനുണ്ടാക്കിയ വലിയ സുഹൃത്ത് വലയത്തില്‍ നിന്നും എന്നെങ്കിലും ആരെങ്കിലും അന്വേഷിച്ചെത്താതിരിക്കില്ല എന്ന വ്യാമോഹം മാത്രം.

വലിയ ഒരു പദ്ധതിയുടെ ഭാഗമായല്ല, അവയവദാനത്തിന്റെ കേരള ഘടകമായ കിഡ്‌നി ഫെഡറേഷന്‍ ഓഫ് കേരളയുടെ ഒരു കുടുംബക്കൂട്ടായ്മയില്‍ എത്തപ്പെട്ടത്. ഒരു സുഹൃത്തിന്റെ  ക്ഷണം സ്വീകരിച്ചാണ് യാത്രതിരിച്ചത്. യോഗത്തില്‍ സംബന്ധിക്കാന്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. ഏതായാലും വന്നതല്ലേ അല്പനേരം ഒന്നു ഇരുന്നു നോക്കൂ, ബോറടിക്കുകയാണെങ്കില്‍ പുറത്തുപോയിരിക്കാമല്ലോ എന്ന സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് യോഗത്തില്‍ കയറിയിരുന്നു. 

അവയവദാനത്തിനു സ്വയം മാതൃക സൃഷ്ടിച്ച് ഫാ.ഡേവിസ്  ചിറമ്മല്‍, തൃശൂര്‍ ടവറില്‍ സംഘടിപ്പിച്ച അവയവ ദാതാക്കളുടെയും സ്വീകരിച്ചവരുടെയും അവരുടെ കുടുബങ്ങളുടെയും കൂട്ടായ്മ. ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്ന വിജയന്‍ ആലപിച്ച ഹൃദ്യമായ ഗാനത്തിന് കൈ അടിച്ചവരില്‍ സ്വന്തം വൃക്ക പങ്കുവെച്ച മോളി ടീച്ചറും. 

ജീവിതത്തില്‍ എല്ലാം കൈവിട്ടുപോയി എന്ന തിരിച്ചറിവിനിടെ, പ്രതീക്ഷ തന്നു ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്ന അപരിചിതര്‍, ഇവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്, ഇതൊന്നും തനിക്കു ബാധിക്കുകയേ ഇല്ല എന്ന അഹങ്കാരത്തില്‍ അവിടെ എത്തിയ ഞാനും സുഹൃത്തുക്കളും. 

ആരും അവിചാരിതമായല്ല ഈ ലോകത്തില്‍ എത്തിപ്പെട്ടത്, ഓരോ ജീവിതത്തിനും ഓരോ അര്‍ത്ഥതലമുണ്ട്. നിങ്ങളുടെ ജീവിതത്തെ സ്‌നേഹിച്ചു തുടങ്ങൂ, അതു നിങ്ങളെ സ്‌നേഹിക്കും, കൊടുത്തു തുടങ്ങൂ. നിങ്ങള്‍ക്കു ലഭിച്ചു തുടരും. ഫാ. ചിറമ്മേലിന്റെ ജീവന്‍ തുടിപ്പിക്കുന്ന വാക്കുകള്‍ ഹൃദയത്തില്‍ കുത്തിക്കയറി, അങ്ങനെ അടിച്ചു പൊളിക്കാനിറങ്ങിയ യാത്ര ഒരു തീര്‍ത്ഥയാത്രയായി മാറി. ഏകാന്തതയിലും കടന്നുവരുന്ന ആനന്ദപ്രവാഹം, അത് ഒരു തിരിച്ചറിവായി മാറി.
 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code