Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശതോത്തര സുവര്‍ണ്ണജൂബിലിയുടെ നിറവില്‍ പരി. കര്‍മ്മലമാതാവിന്റെ സന്യാസിനീ സമൂഹം   - സിസ്റ്റര്‍ ജ്യോതി മരിയ സി.എം.സി

Picture

വിശുദ്ധരാകാനും വിശുദ്ധിയിലേക്ക് നയിക്കാനും

"ഏറിയനാള്‍ മുമ്പിനാലെ സത്യവേദം നടന്നുവരുന്ന ഈ മലയാളത്തില്‍ കൊവേന്തകളും കന്യാസ്ത്രീ മഠങ്ങളും ഉണ്ടാകാതെയും ഈ പുണ്യങ്ങളുടെ കേള്‍വിയല്ലാതെ ഒരു നല്ല കണ്ടുപിടിത്തംകൂടാതെയും...ഏറിയ നന്മകള്‍ക്ക് വീഴ്ചയായിരിക്കുന്നു... കേരള സഭ ഇന്നും മച്ചിയായി തുടരുന്നു. അതെന്ത്യേ, പേരുവിളിക്കപ്പെട്ടിട്ടുള്ള വിശുദ്ധന്മാരാരും ഇതുവരെ ഈ സഭയില്‍ നിന്നുണ്ടായിട്ടില്ല....' കൂനമ്മാവ് മഠം. നാളാഗമത്തിന്റെ ആദ്യ പേജുകളില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തന്റെ മനോവ്യഥ സ്വന്തം കൈപ്പടയില്‍ കുറിച്ചുവച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളസഭയുടെ നവോത്ഥാന നായകനായിരുന്ന വി. ചാവറയച്ചന്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുവാന്‍ ഏതാനും വൈദീകരോടൊന്നിച്ച് കഠിന പ്രയത്‌നം ചെയ്ത് 1831-ല്‍ പുരുഷന്മാര്‍ക്കായി ഒരു സന്യാസ ഭവനത്തിന് ആരംഭമിടുകയും, 1855-ല്‍ അമലോത്ഭവദാസ സംഘം (സി.എം.ഐ) എന്ന പേരില്‍ സ്ഥാപിതമായി. അദ്ദേഹം തന്നെ അതില്‍ ആദ്യ അംഗമായി വ്രതം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീകള്‍ക്കുവേണ്ടി ഒരു സന്യാസിനീ മഠം ഉണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. 1859-ല്‍ ആലങ്ങാട്ടും, 1860-ല്‍ വരാപ്പുഴ പുത്തന്‍പള്ളിയിലും സ്ഥലം വാങ്ങിയെങ്കിലും മഠംസ്ഥാപനം സഫലമായില്ല.

അക്കാലത്താണ് യൂറോപ്പില്‍ നിന്നും തീക്ഷ്ണമതിയായ ഒരു കര്‍മ്മലീത്താ മിഷണറി പ്രൊവിന്‍ഷ്യാല്‍ ഡെലിഗേറ്റായി കൂനമ്മാവ് കൊവേന്തയില്‍ വന്ന് താമസമാക്കിയത്. ലെയോഫോള്‍ഡ് ബെക്കാറോ എന്ന ഈ വന്ദ്യ പുരോഹിതന്റെ സഹകരണത്തോടെ 1866 ഫെബ്രുവരി 13-ന് കൂനമ്മാവില്‍ പരി. കര്‍മ്മലമാതാവിന്റെ സന്യാസിനീ സമൂഹത്തിന് രൂപംകൊടുത്തുകൊണ്ട് ചാവറയച്ചന്‍ തന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. പനമ്പുകൊണ്ട് തീര്‍ത്ത ആദ്യ മഠത്തില്‍ 4 അംഗങ്ങളാണ് ഉണ്ടായിരുന്നത്. "സ്ത്രീയുണര്‍ന്നാല്‍ നാടുണരും' എന്നു ബോധ്യമുണ്ടായിരുന്ന ചാവറയച്ചന്‍ "മലയാളത്തിലെ പെണ്‍പൈതങ്ങള്‍ക്ക് ഒരു പുണ്യ സങ്കേതവും, വേദകാര്യങ്ങള്‍ പഠിക്കുന്നതിനും, നല്ല ക്രിസ്ത്യാനി പൈതങ്ങളായി വളരുന്നതിനും ഒരു കന്യാസ്ത്രീ മഠം' എന്ന് നിശ്ചയിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ആദ്ധ്യാത്മികവും ബൗദ്ധികവുമായ ഉന്നമനത്തിനുവേണ്ടി അധ്വാനിക്കുവാന്‍ ആദ്യ അംഗങ്ങളെ ചുമതലപ്പെടുത്തി.

ദൈവസ്‌നേഹത്തിനായി തങ്ങളെ തന്നെ സമര്‍പ്പിക്കുവാന്‍ സന്യാസത്തിന്റെ വാതിലുകള്‍ തുറന്നപ്പോള്‍ ധാരാളം യുവതികള്‍ അര്‍ത്ഥിനികളായി കടന്നുവന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ആദ്യത്തെ ബോര്‍ഡിംഗ് ഹൗസ് സ്ഥാപിക്കപ്പെട്ടു. 1872-ല്‍ മഠത്തോട് ചേര്‍ന്ന് ആദ്യത്തെ സ്കൂളും ആരംഭിച്ചു. തുടര്‍ന്ന് ആദ്യ ശാഖാമഠം മുത്തോലിയിലും പിന്നീട് അമ്പഴക്കാട്ടും അങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ മെത്രാന്മാരുടെ കീഴില്‍ സ്വതന്ത്ര ഘടകങ്ങളായി ധാരാളം ഭവനങ്ങള്‍ ആരംഭിച്ചു. 1962-ല്‍ ഈ സ്വതന്ത്രഘടകങ്ങള്‍ സംയോജിപ്പിച്ച് ഒരു സന്യാസിനീ സമൂഹവും വിവിധ പ്രോവിന്‍സുകളുമാകാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും പേപ്പല്‍ ഡെലിഗേറ്റായി നിയമിക്കപ്പെട്ട ബഹു ഫാ. ഹിപ്പോലിറ്റസ് കുന്നങ്കല്‍ OFM CAP -ന്റെ വിദഗ്ധമായ നേതൃത്വത്തില്‍ 1963-ല്‍ ഈ സ്വതന്ത്ര ഘടകങ്ങളെ ഒരു മദര്‍ ജനറലിന്റെ (മദര്‍ മേരി സെലിന്‍) കീഴില്‍ ഒന്നിപ്പിക്കുകയും രൂപതാ ഘടകങ്ങളെ പ്രോവിന്‍സുകളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. 1967-ല്‍ ഈ സമൂഹം പരി. കര്‍മ്മല മാതാവിന്റെ സന്യാസിനീ സമൂഹം എന്ന പേരില്‍ പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

ഒരു പൊതു ശ്രേഷ്ഠത്തിയും, പൊതു നിയമാവലിയും ലഭിച്ചതോടെ ഈ സന്യാസിനീ സമൂഹത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ കൂടുതല്‍ വിശാലമായി. വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് സി.എം.സി ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലും പ്രേക്ഷിത ശുശ്രൂഷ ചെയ്യുന്നു. കേരളത്തിനു പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള തദ്ദേശീയ ദൈവവിളികളാല്‍ ധന്യയായ സി.എം.സിക്ക് ഇന്ന് 6400-ല്‍പ്പരം സിസ്റ്റേഴ്‌സും, 22 പ്രോവിന്‍സുകളും ആഫ്രിക്ക ഉള്‍പ്പെടെ അഞ്ച് റീജിയനുകളുമുണ്ട്.

ഹൃദയം നിറയെ നന്ദി ഉണര്‍ത്തുന്ന ദൈവപരിപാലനയുടേയും, നിരവധി നന്മകളുടേയും മഹത്തായ ഒരു ചരിത്രമാണ് ഇന്ന് സി.എം.സിക്കുള്ളത്. കേരളസഭയില്‍ നിന്ന് വിശുദ്ധരായ മക്കളുണ്ടാകാന്‍ തീവ്രമായി ആഗ്രഹിക്കുകയും, അതിനായി പരിശ്രമിക്കുകയും ചെയ്ത ചാവറയച്ചനും, അദ്ദേഹത്തിന്റെ ആത്മീയ പുത്രി സി.എം.സി സഭാംഗമായ സി. ഏവുപ്രാസ്യാമ്മയും 2014 നവംബര്‍ 23-ന് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ടു. ഈ സന്യാസിനീ സമൂഹത്തിന്റെ ആദ്യ അംഗങ്ങളില്‍ ഒരാളായ ബഹു. ഏലിയാമ്മ ദൈവദാസി സഭയിലേക്കുര്‍ത്തപ്പെട്ട് നാമകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സി.എം.സിയുടെ ശതോത്തര സുവര്‍ണ്ണജൂബിലി സമ്മാനമായി സംയോജിത സി.എം.സിയുടെ ആദ്യ മദര്‍ ജനറല്‍ ബഹു. മേരി സെലിന്‍ അമ്മയെ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത് സഭാംഗങ്ങളെ ഓരോരുത്തരേയും അഭിമാനപുളകിതരാക്കുന്നു.

ആര്‍ഷഭാരത സംസ്കാരത്തില്‍ മാര്‍ത്തോമാ പൈതൃകം ഉള്‍ക്കൊണ്ട് കര്‍മ്മല തറവാട്ടില്‍ പിറന്ന സി.എം.സി ദൈവജനത്തിന്റെ പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ക്രിസ്തീയ രൂപീകരണത്തിനും ബൗദ്ധികവും തൊഴില്‍പരവുമായ പരിശീലനത്തിനും, തിരുസഭയുടേയും, പ്രാദേശിക സഭയുടേയും ആവശ്യങ്ങളില്‍ സഹായിച്ച് അവരുടെ ആത്മരക്ഷയ്ക്കും ഉന്നമനത്തിനുമായി ആത്മാര്‍പ്പണം ചെയ്തുകൊണ്ട് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നാനാവിധ പ്രേക്ഷിത രംഗങ്ങളില്‍ സേവനം ചെയ്യുന്നു. പരി. കര്‍മ്മല മാതാവിന്റേയും, വി. യൗസേപ്പിന്റേയും, ധീരരായ കര്‍മ്മല വിശുദ്ധരുടേയും സംരക്ഷണവും മാധ്യസ്ഥവും, മാതൃകയും ആനുധിക ലോകത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് പ്രത്യാശയോടെ മുന്നേറുവാന്‍ സി.എം.സി മക്കളെ സഹായിക്കുന്നു.

ഒരു പനമ്പുമഠത്തില്‍ നാലു സഹോദരിമാരും, 18 രൂപ മൂലധനവുംകൊണ്ട് ആരംഭിച്ച ഈ സന്യാസിനീ മൂഹം 150 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നത്തെ അനുഗ്രഹീതമായ അവസ്ഥയില്‍ എത്തി നില്‍ക്കുന്നത് സര്‍വ്വ വല്ലഭനായ നല്ല ദൈവത്തിന്റെ അനന്ത പരിപാലനയും സന്മനസും ഔദാര്യവും നിറഞ്ഞ ദൈവ ജനത്തിന്റെ നിര്‍ലോഭമായ സഹായ സഹകരണങ്ങളും നിമിത്തമാണ്. ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം നല്‍കുന്ന ദൈവം "എന്റെ നാമത്തെപ്രതി ഭവനത്തെയോ, സഹോദരന്മാരേയോ, സഹോദരികളേയോ, പിതാവിനേയോ, മാതാവിനേയോ, മക്കളേയോ, വയലുകളേയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടിയായി ലഭിക്കും. അവന്‍ നിത്യജീവന്‍ ആവകാശമാക്കുകയും ചെയ്യും' (mt.19/29) എന്ന ദൈവവചനം ഇവിടെ അന്വര്‍ത്ഥമാക്കിയിരുന്നു.

സിസ്റ്റര്‍ ജ്യോതി മരിയ സി.എം.സി

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code