Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അസഹിഷ്ണുതയ്ക്കെതിരേ പ്രതികരിയ്ക്കുക -ജോസ് കല്ലിടിക്കിൽ, ചിക്കാഗോ

Picture

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന മത അസഹിഷ്ണുതയ്ക്കും മനുഷ്യാവകാശധ്വംസനങ്ങൾക്കുമെതിരേ രാഷ്ട്രീയ-സാമൂഹിക-സാഹിത്യ-ശാസ്ത്ര-സിനിമാരംഗങ്ങളിലെ നിരവധി പ്രഗത്ഭവ്യക്തികൾ തങ്ങൾക്കു ലഭിച്ച ദേശീയബഹുമതികൾ മടക്കിനൽകി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ഇന്ത്യൻ ഭരണകൂടം തികഞ്ഞ അവജ്ഞയോടുകൂടിയാണ് അവയോടു പ്രതികരിച്ചത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുപരാജയങ്ങൾക്കു ശേഷവും അസഹിഷ്ണുതയ്ക്കെതിരേ ശക്തമായൊരു നിലപാടു സ്വീകരിയ്ക്കാൻ വിസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ബ്രിട്ടൻ-സന്ദർശനത്തിനിടയിൽ ലണ്ടനിൽ നടന്ന പൊതുസമ്മേളനത്തിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരേ അടുത്തിടെയുണ്ടായ നിർഭാഗ്യസംഭവങ്ങൾ ആവർത്തിയ്ക്കാൻ അനുവദിയ്ക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ബ്രിട്ടൻ-സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയ്ക്കെതിരേ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധപ്രകടനങ്ങളും, ബീബീസിയുൾപ്പെടെയുള്ള മുഖ്യധാരാമാധ്യമങ്ങൾ അവയ്ക്കു നൽകിയ വാർത്താപ്രാധാന്യവുമാകാം ഒരു മനംമാറ്റത്തിനു പ്രധാനമന്ത്രിയെ നിർബന്ധിതനാക്കിയത്. അന്താരാഷ്ട്രതലത്തിൽ പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാൻ ശ്രദ്ധാലുവായ പ്രധാനമന്ത്രി അത്തരമൊരു പ്രഖ്യാപനം നടത്താൻ സമ്മർദ്ദത്തിലാകുകയായിരുന്നു എന്നതാണു യാഥാർത്ഥ്യം.

ബീഹാർ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കിടയിൽ ഇന്ത്യയിലെ മതന്യൂനപക്ഷവിഭാഗങ്ങൾക്കെതിരേ വർദ്ധിച്ചുവരുന്ന അക്രമങ്ങളും, ബീഫ് കഴിയ്ക്കുന്നതു പ്രാകൃതസംസ്കാരമായി ചിത്രീകരിയ്ക്കുന്നതും പ്രധാന ചർച്ചാവിഷയങ്ങളിൽച്ചിലതായിരുന്നു. ബീഫു കഴിച്ചതിന്റെ പേരിൽ രണ്ടു മുസ്ലീം മതസ്ഥർ വധിയ്ക്കപ്പെട്ട സംഭവം നിസ്സാരവൽക്കരിയ്ക്കുകയായിരുന്നു ആർ എസ്സ് എസ്സ് ചീഫ് മോഹൻ ഭാഗ്‌വത്ത്. ഗുജറാത്തു കലാപത്തിൽ രണ്ടായിരത്തിലധികം മുസ്ലീം മതസ്ഥർ വധിയ്ക്കപ്പെട്ടപ്പോഴും, ബാബ്‌റി മസ്ജിദ് തർക്കത്തിനു ശേഷം ദേശത്തിന്റെ വിവിധയിടങ്ങളിലുണ്ടായ വർഗ്ഗീയലഹളയിൽ അനേകായിരങ്ങൾ കൊല ചെയ്യപ്പെട്ടപ്പോഴും അത്തരം കൂട്ടക്കുരുതികൾക്ക് ഉത്തരവാദികളായവർക്കു യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചു സംഘ്പരിവാർ സംഘടനകൾക്കുള്ള നിലപാടായിക്കൂടാ ഇന്ത്യയുടെ ഭരണം വഹിയ്ക്കുന്ന പ്രധാനമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും ഉണ്ടാകേണ്ടത്. ഗൌരവകരമായ ഈ വിഷയത്തിൽ പ്രധാനമന്ത്രി പലപ്പോഴും മൌനം പാലിച്ചതും, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില അംഗങ്ങൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തി വിമർശകരെ നിശ്ശബ്ദരാക്കാൻ ശ്രമിച്ചതും തികച്ചും നിരുത്തരവാദപരമായിരുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കാൻ അടിയന്തരാവസ്ഥ ആവർത്തിച്ച് ഓർമ്മപ്പെടുത്താനും പ്രധാനമന്ത്രി മോദിയും മറ്റു ബീജേപി നേതാക്കളും ശ്രമം നടത്തി.

സ്വതന്ത്ര്യാനന്തരഭാരതചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും ദുഃഖകരമായ അനുഭവവുമായിരുന്നു അടിയന്തരാവസ്ഥക്കാലഘട്ടം. ജനാധിപത്യേന്ത്യയിൽ സ്വേച്ഛാധിപത്യഭരണം നടമാടിയ കറുത്ത നാളുകൾ. ഇന്ത്യയിൽ അങ്ങിങ്ങായി ഇപ്പോഴും തുടരുന്ന മതവിദ്വേഷവും വർഗീയലഹളകളും കൂട്ടക്കുരുതികളും ന്യായീകരിയ്ക്കാനോ ലഘൂകരിയ്ക്കാനോ അടിയന്തരാവസ്ഥ പോലൊരു ദുരന്തത്തെ ഉപകരണമാക്കുന്നതു ഭരണാധികാരികൾക്കു തികച്ചും ഭൂഷണമല്ലാത്ത, വില കുറഞ്ഞൊരു തന്ത്രമാണ്. പൌരാവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ഉത്തമബോധ്യമുള്ളൊരു ജനതയ്ക്ക് ഇത്തരം രാഷ്ട്രീയനിലപാടുകളെ അവജ്ഞയോടുകൂടി തിരസ്കരിയ്ക്കാനേ കഴിയൂ. അടിയന്തരാവസ്ഥയുടെ ക്രൂരതയ്ക്കിരയായി ജീവൻ നഷ്ടപ്പെടുകയും പീഡനങ്ങളനുഭവിയ്ക്കുകയും കാരാഗൃഹവാസമനുഭവിയ്ക്കുകയും ചെയ്ത അനേകായിരങ്ങളോടുള്ള അനാദരവു കൂടിയാകും ഇത്തരം രാഷ്ട്രീയപ്രതിരോധം. സന്ദർഭവശാൽ, സ്വന്തം പ്രതിച്ഛായയെക്കുറിച്ചു പ്രധാനമന്ത്രി മോദിയ്ക്കുള്ള ആശങ്കപോലെ, വിദേശമാധ്യമങ്ങളിൽ പ്രചരിച്ച അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകൾ ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയ്ക്കുണ്ടാക്കിയ കോട്ടമാണ് അടിയന്തരാവസ്ഥ പിൻ‌വലിയ്ക്കാൻ അവരെ സമ്മർദ്ദത്തിലാക്കിയ പ്രധാനഘടകം.

2014ലെ ലോൿസഭാ തിരഞ്ഞെടുപ്പിലും, തുടർന്നുണ്ടായ സംസ്ഥാനനിയമസഭാ തിരഞ്ഞെടുപ്പുകളിലും തിളക്കമാർന്ന വിജയം നേടിയ ബീജേപി ഡൽഹിയിലുണ്ടായ തിരഞ്ഞെടുപ്പു പരാജയത്താലോ, പ്രതിപക്ഷത്തിന്റെ സ്വാഭാവികമായ വിമർശനങ്ങളുടെ പേരിലോ അക്ഷമ പ്രകടിപ്പിയ്ക്കേണ്ടതില്ല. പ്രതിരോധത്തിനായി അക്ഷമ പ്രകടിപ്പിയ്ക്കുക മാത്രമല്ല, കടുത്ത അസഹിഷ്ണുത ദേശം മുഴുവൻ വ്യാപിപ്പിയ്ക്കാനും, കാവിവൽക്കരിയ്ക്കാനുമുള്ള പ്രകോപനപരമായ നടപടികൾക്കുമാണു ബീജേപിയും അവരുടെ ശക്തിസ്രോതസ്സായ സംഘപരിവാർ സംഘടനകളും തുനിയുന്നത്. പ്രതിയോഗികളെ നിശ്ശബ്ദരാക്കാൻ വ്യക്തിഹത്യ ഉൾപ്പെടെ ഏതു മാർഗവും അവലംബിയ്ക്കാൻ അവർക്കു തെല്ലും ലജ്ജയോ ശങ്കയോ ഇല്ല. ഏകാധിപത്യപരവും നിരുത്തരവാദപരവുമായ പ്രധാനമന്ത്രിയുടെ സമീപനങ്ങളോടു വിയോജിപ്പു പ്രകടിപ്പിയ്ക്കുന്ന ബീജേപി അംഗങ്ങൾ പോലും അവർക്കു ശത്രുക്കളായി മാറി.

ഏറെ ദുഃഖകരവും തികച്ചും അപലപനീയവുമായൊരു ആക്രമണമാണു ബീജേപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ഷൌരിയ്ക്കെതിരേ ഹിന്ദുത്വസംഘടനകൾ അഴിച്ചുവിട്ടത്. മോദിഭരണം കോൺഗ്രസ്സ് ഭരണത്തിൽ നിന്ന് ഏറെ വ്യത്യസ്തമല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ സെറിബ്രൽ പ്ലാസിബാധിച്ച അദ്ദേഹത്തിന്റെ ഏകമകന്റെ ദുര്യോഗത്തെ പരിഹസിയ്ക്കുന്ന നിന്ദ്യവാക്കുകളാണു ചിലരിൽ നിന്നുണ്ടായത്. ഇത്തരം വാക്കുകളും ചെയ്തികളും പടുകുഴിയിലേയ്ക്കു കൂപ്പുകുത്തുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിലവാരത്തകർച്ചയുടെ സൂചനകൾ കൂടിയാണ്. ശത്രുസംഹാരത്തിനായി എത്ര ഹീനമായ നടപടി സ്വീകരിച്ചാലും അതു ന്യായീകരിയ്ക്കാമെന്ന ചിന്തയാകും അവർക്കുള്ളത്. എന്നാൽ കോൺഗ്രസ്സിന്റെ തകർച്ചയ്ക്കും ബീജേപിയുടെ ഉയർച്ചയ്ക്കും അരുൺ ഷൌരിയെന്ന വ്യക്തി നൽകിയ സംഭാവനയുടെ വ്യാപ്തിയും മഹത്വവും അവർ പാടേ വിസ്മരിച്ചു.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതകൾക്കെതിരേയും, ഏറെ വിവാദമായ രാജീവ്ഗാന്ധി ഭരണകാലത്തെ ബോഫോഴ്സ് ഉൾപ്പെടെയുള്ള നിരവധി അഴിമതികളെക്കുറിച്ചും ഒരൊറ്റയാൾ പട്ടാളമെന്ന പോൽ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചീഫ് എഡിറ്റർഷിപ്പ് ഉൾപ്പെടെ നിരവധി സമുന്നതപദവികൾ അലങ്കരിച്ച അരുൺ ഷൌരി നടത്തിയ തുടർച്ചയായ വെളിപ്പെടുത്തലുകളാണ് അക്കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയതും ഇന്ത്യൻ പാർലമെന്റിനെ പലപ്പോഴും സ്തംഭിപ്പിച്ചതും. 1980-90 കാലഘട്ടങ്ങളിൽ ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച മദ്ധ്യവർഗത്തേയും വൈറ്റ് കോളർ ഉദ്യോഗസ്ഥരേയും ഏതാണ്ടു പൂർണമായും കോൺഗ്രസ്സിൽ നിന്ന് അകറ്റി, പ്രതിപക്ഷപ്പാർട്ടികളോട് ആഭിമുഖ്യം പ്രകടിപ്പിയ്ക്കുന്നതിൽ അരുൺ ഷൌരിയുടെ അന്വേഷണാത്മക ജേർണലിസം വഹിച്ച പങ്കു നിർണായകമായിരുന്നു. ജനതാദളിന്റെ തകർച്ചയും ഇടതുപക്ഷത്തിന്റെ മുരടിച്ചയും ഈ ജനവിഭാഗത്തെ സാവധാനം ബീജേപി പാളയത്തിലെത്തിച്ചതാണ് അവരുടെ ഉയിർത്തെഴുന്നേല്പിനു വഴി തെളിച്ചത്. വാജ്പേയ് മന്ത്രിസഭയിലെ അംഗമായിരുന അരുൺ ഷൌരി സമർത്ഥനായൊരു ഭരണാധികാരി കൂടിയാണു താനെന്നു തെളിയിച്ചു. വലിയൊരു ജനക്കൂട്ടത്തെ ആകർഷിയ്ക്കാനും ആവേശഭരിതരാക്കാനുമുള്ള നരേന്ദ്രമോദിയുടെ പ്രസംഗചാതുര്യവും രാഷ്ട്രീയകൌശലവും അരുൺ ഷൌരിയ്ക്കില്ല. എങ്കിലും ഇന്റർനെറ്റിൽ തിരഞ്ഞ് അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിയ്ക്കുന്നൊരു വലിയ ആരാധകവൃന്ദം അദ്ദേഹത്തിനിപ്പോഴുമുണ്ട്. ആൾക്കൂട്ടരാഷ്ട്രീയത്തിന് അല്പായുസ്സേ ഉണ്ടാകൂ. എന്നാൽ അറിവിന്റെ, ആദർശത്തിന്റെ, സഹനത്തിന്റെ, സാമൂഹ്യപ്രതിബദ്ധതയുടെ, ദേശസ്നേഹത്തിന്റെയെല്ലാം അടിസ്ഥാനത്തിൽ നേടിയെടുക്കുന്ന വ്യക്തിത്വവും സൽപ്പേരും ചില മനസ്സുകളിലെങ്കിലും ചിരകാലം നിലനിൽക്കും.

രാഷ്ട്രീയപ്രതിയോഗികളോടുള്ള വിദ്വേഷവും വിയോജിപ്പും പലപ്പോഴും തിരഞ്ഞെടുപ്പുകൾക്കു ശേഷം അപ്രത്യക്ഷമാകും. തിരഞ്ഞെടുപ്പു വിജയപരാജയങ്ങൾ പലപ്പോഴും മാറിമാറി വരികയും ചെയ്യും. എന്നാൽ, ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലുണ്ടാകുന്ന വിദ്വേഷവും അസഹിഷ്ണുതയും ത്വരിതഗതിയിൽ പടരുന്നതും ഏറെക്കാലം നിലനിൽക്കുന്നതുമാണ്. ന്യൂനപക്ഷമതവിഭാഗത്തിൽ ജനിച്ചതുകൊണ്ടോ, വിഭിന്ന ആഹാരരീതി സ്വീകരിച്ചതിനാലോ ജനിച്ച നാട്ടിൽ രണ്ടാംതരം പൌരന്മാരായി അവഹേളിയ്ക്കപ്പെടുമ്പോൾ ദേശത്ത് അസമാധാനവും ന്യൂനപക്ഷങ്ങൾക്കിടയിൽ അപകർഷതാബോധവും സുരക്ഷയെക്കുറിച്ച് ഉത്കണ്ഠയും ജനിയ്ക്കുകയും ചെയ്യും.

മതേതരത്വത്തിലൂന്നിയുള്ള ഇന്ത്യൻ ഭരണഘടനയ്ക്കു രൂപം കൊടുത്ത ഭരണഘടനാസമിതിയിലെ അംഗങ്ങളെല്ലാം തന്നെ അറിവും അനുഭവവും നീതിബോധവും സമഭാവവുമുള്ള ആദരണീയ വ്യക്തികളായിരുന്നു. സമുന്നതരായ അത്തരം വ്യക്തിത്വങ്ങളുടെ യഥാർത്ഥ പിന്തുടർച്ചക്കാരാണ് ഇന്ത്യയിലെ ന്യൂനപക്ഷപീഡനത്തിനെതിരേ പ്രതിഷേധിയ്ക്കുകയും ബഹുമതികൾ മടക്കിനൽകുകയും ചെയ്ത സാമൂഹ്യ-സാംസ്കാരിക-ശാസ്ത്ര-സിനിമാ മേഖലകളിലെ നിരവധി പ്രതിഭകൾ. അവരുടെ പ്രതിഷേധത്തിന്റെ മാറ്റൊലി ബ്രിട്ടനിലും പ്രതിധ്വനിച്ചു. അസഹിഷ്ണുതയ്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിയ്ക്കുമെന്ന പ്രധാനമന്ത്രിയുടെ ലണ്ടൻ പ്രഖ്യാപനം ആത്മാർത്ഥതയുള്ളതാണെന്നു നമുക്കു വിശ്വസിയ്ക്കാം. ഇന്ത്യയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രിയ്ക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ, അഥവാ അദ്ദേഹത്തെ നിയന്ത്രിയ്ക്കുന്ന ശക്തികൾ അത്തരം നടപടികളനുവദിച്ചില്ലെങ്കിൽ, ബ്രിട്ടനിലെ ഇന്ത്യൻ വംശജർ നടത്തിയ പ്രതിഷേധം അമേരിക്കയിലും ഇതര രാജ്യങ്ങളിലുമുള്ള ഇന്ത്യൻ സമൂഹങ്ങളും ഏറ്റെടുക്കേണ്ടിയിരിയ്ക്കുന്നു.



Comments


Commend
by Joe Mullappallil, Chicago on 2015-11-29 13:33:38 pm
Jose You have done a great job. Your article pertains to INDIA`s current political struggle brings out well. Your knowledge, high standard language and overall the snap of Mody`s (B J P ) political status are all exemplary. I am glad that you are unafraid of bringing out the true situation of India today.Keep up the good work


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code