Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സഹനത്തിന്റെ പ്രദക്ഷിണ വഴികള്‍   - കുര്യന്‍ തോമസ്‌ കരിമ്പനത്തറയില്‍

Picture

ദൈവമാതാവായ മറിയാമിന്റെയും ഉണ്ണിയേശുവിന്റെയും ആണ്ടിലൊരിക്കല്‍ മാത്രമുള്ള ദര്‍ശന പുണ്യത്തിനായി പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്ന മരിയന്‍ഭക്‌തരുടെ വ്രതശുദ്ധിയുടെ എട്ടു ദിനരാത്രങ്ങളാണിനി. എട്ടുനോമ്പിന്റെ തുടക്കം മണര്‍കാടുപള്ളിയില്‍ നിന്നാണ്‌. കാനോനിക നോമ്പുകളുടെ പട്ടികയിലില്ലാതിരുന്ന ഈ നോമ്പ്‌ വ്യവസ്‌ഥാപിതമാക്കിയതും അതിനു പ്രചാരവും അംഗീകാരവും നേടിക്കൊടുത്തതും വികാരിമാരായിരുന്ന വെട്ടിക്കുന്നേല്‍ വല്യച്ചന്റെയും (1879- 1966), കൊച്ചച്ചന്റെയും (1912 - 90) കാലത്താണ്‌. ഇന്ന്‌ ഓറിയന്റന്‍ സഭകളും മണര്‍കാട്ടെ നാനാജാതി മതസ്‌ഥരും മാത്രമല്ല ലോകത്താകെയുള്ള എപ്പിസ്‌കോപ്പല്‍ സഭകളെല്ലാം ഈ നോമ്പ്‌ ആചരിക്കുന്നു.

ബഹുസ്വരമായ സമൂഹത്തില്‍ െ്രെകസ്‌തവവിശ്വാസാചാരങ്ങളെ മുഖ്യധാരയോടിണക്കി സജീവമായി നിലനിര്‍ത്താം എന്നതിന്റെ ചരിത്രസാക്ഷ്യമാണ്‌, മണര്‍കാടു പള്ളിയിലെ ആചാരാനുഷ്‌ഠാനങ്ങള്‍. ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ഈ സുനോറോ പള്ളിയുടെ1 പൗരാണികതയുടെ പൊരുള്‍ ഐതീഹ്യങ്ങളും ചരിത്രരേഖകള്‍ക്കിടയിലും പൊടിയണിഞ്ഞു മയങ്ങുന്നു.

തെക്കുംകൂര്‍ രാജാക്കന്മാരുടെ കാലത്തെങ്ങോ (എ.ഡി. 1103- 1749) ആണ്‌ ഈ പള്ളിയുടെ തുടക്കം. കിഴക്കന്‍ പ്രദേശക്കാര്‍ക്കൊരു ആരാധനാലയത്തിനായി ഉപവസിച്ചു പ്രാര്‍ഥിച്ച പിതാക്കന്മാര്‍ക്ക്‌ എട്ടാംനാള്‍ പ്രഭാതത്തില്‍ മാതാവിന്റെ ദിവ്യദര്‍ശനം ഉണ്ടായത്രേ. മീനും മാനും എയ്യാത്തതും ഇഞ്ചയും ചൂരലും പടര്‍ന്നതുമായ കാട്ടില്‍ പശുവും കിടാവും കിടക്കുന്നിടത്തൊരു ദേവാലയം ഇതായിരുന്നു സ്വപ്‌നം. പശുവിലും കിടാവിലും മാതാവായ മറിയാമിനെയും ഉണ്ണിയേശുവിനെയും അവര്‍ വായിച്ചെടുത്തു. അവിടെ മാതാവിന്റെ നാമത്തില്‍ കാട്ടുകമ്പുകള്‍ക്കൊണ്ടൊരു പള്ളി തീര്‍ത്തു. കന്നിമാസം 8 ാം തീയതി ഒരു കൊയ്‌ത്തുത്സവനാള്‍ മാതാവിന്റെ ജനനത്തിരുനാളായിരുന്നു ആദ്യ കുര്‍ബ്ബാന.

തുടക്കത്തില്‍ വടക്ക്‌ പുന്നത്തുറ മുതല്‍ തെക്ക്‌ നാലുന്നാക്കല്‍ വരെയും കിഴക്കു വാഴൂര്‍ മുതല്‍ പടിഞ്ഞാറ്‌ നട്ടാശ്ശേരി വരെയുള്ള സുറിയാനി ക്രിസ്‌ത്യാനികളുടെ പള്ളി. പിന്നീടെന്നോ കരമൊഴിവായിക്കിട്ടിയ സ്‌ഥലത്ത്‌ പുതിയൊരു പള്ളി പണിതു. മുളയും പരമ്പുമായി പലകാലങ്ങളില്‍ പലരീതികളില്‍ പള്ളി പുതുക്കിപ്പണിതു. 16ാം ശതകത്തില്‍ പള്ളി പോര്‍ച്ചുഗീസ്‌ മാതൃകയില്‍ പുനര്‍നിര്‍മ്മിച്ചു.

മലയങ്കരസഭയും ആംഗ്ലിക്കന്‍സഭയുമായി ബന്ധപ്പെട്ടിരുന്ന കാലത്താണ്‌ 1836 സെപ്‌തംബര്‍ 15നു ആംഗ്ലിക്കന്‍ മിഷനറി ജോസഫ്‌ പിറ്റ്‌ പള്ളിയിലെത്തിയത്‌. നവീകരണം ലക്ഷ്യമാക്കി എത്തിയ അദ്ദേഹം കണ്ടത്‌ നടതുറക്കല്‍, പിണ്ടിപ്പണം, മുട്ടിന്മേല്‍ നീന്തല്‍, ശയന പ്രദിക്ഷണം... എല്ലാം സഭയുടെ പഠിപ്പിക്കലുകള്‍ക്ക്‌ എതിര്‌, പടിഞ്ഞാറ്‌ പുരുഷന്മാര്‍ക്കും വടക്ക്‌ സ്‌ത്രീകള്‍ക്കുമായി അമ്പലപ്പറമ്പിലെപ്പോലെ പള്ളിക്കുളങ്ങള്‍.

പള്ളിയിലെത്തുമ്പോള്‍ അകത്തും പുറത്തുമായി രണ്ടായിരത്തോളം ജനങ്ങള്‍. ദേവാലയത്തില്‍ കന്യക മറിയാമിന്റെ വലിയൊരു ബിംബവും ഉണ്ടായിരുന്നു. തന്നെക്കണ്ട്‌ ജനങ്ങള്‍ 'കടുവയുടെ സമീപത്തു നിന്നെന്നപോലെ പലായനം ചെയ്‌തു' എന്നും 'പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്റെ ശബ്‌ദം കേള്‍ക്കാത്തത്ര ഉച്ചത്തില്‍ കന്യാമറിയാമിനോടുള്ള പ്രാര്‍ഥന ഉറച്ചെച്ചൊല്ലി' യെന്നുമുള്ള ജോസഫ്‌ പിറ്റിന്റെ അനുഭവസാക്ഷ്യം അന്നത്തെ സി.എം.എസ്‌ പ്ര?സീഡിംഗ്‌സില്‍ ഉണ്ട്‌.

റോയല്‍ കോടതി വിധിയെ തുടര്‍ന്നുണ്ടായ അനുകൂല സാഹചര്യം മുതലാക്കി മണര്‍കാടുപള്ളിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നവീകരണവിഭാഗക്കാരുടെ ശ്രമങ്ങള്‍ സത്യവിശ്വാസികളുടെ വിശ്വാസതീവ്രത തീര്‍ത്ത കരിയിലപ്പുകയില്‍2 പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷം (1877 - 80) താഴത്തെ പള്ളിയില്‍ ആരാധന മുടങ്ങി. അന്നു പണിതതാണ്‌ റോഡിനു കിഴക്കുള്ള ചെറിയപള്ളി. 1993ല്‍ ഈ പള്ളി പഴമ ഒട്ടും ചോരാതെ പുതുക്കിപ്പണിതും. മണര്‍കാടുപള്ളിക്കു പകരം കോതാപാറയില്‍ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിനു തൊട്ടു സ്‌ഥാപിച്ച ദേവാലയം മര്‍ത്തോമ്മാസഭയുടെ ദൈവമാതാവിന്റെ നാമത്തിലുള്ള ഏക പള്ളിയാണ്‌.

ആരാധനയില്ലാതെയും അറ്റകുറ്റപ്പണി നടത്താതെയും അടഞ്ഞുകിടന്ന വലിയപള്ളി പുതുക്കി കൂദാശ ചെയ്‌തത്‌ 1932 ഒക്‌ടോബര്‍ 23നാണ്‌. നാടകശാലയടക്കം ഇന്നു കാണുന്ന വലിയപള്ളിയുടെ പണി പൂര്‍ത്തിയായത്‌ 1954 ലും.മണര്‍കാട്‌ പെരുന്നാള്‍ സ്‌നേഹക്കൂട്ടായ്‌മയുടെ ഗ്രാമക്കാഴ്‌ചയായിരുന്നു. പല ദേശങ്ങളില്‍ നിന്നെത്തുന്ന ബന്ധുജനങ്ങള്‍ ഒത്തുചേരുന്ന വാര്‍ഷികചടങ്ങ്‌. പള്ളിയില്‍ ഇന്നത്തെ സൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത്‌ വിരുന്നെത്തുന്നവര്‍ക്കായി വീട്ടുവാതിലുകള്‍ ആ നാട്‌ തുറന്നിട്ടു.

വ്രതാനുഷ്‌ഠാനങ്ങളില്‍ തുടങ്ങി ഏഴുനാള്‍ നോമ്പുനോറ്റ്‌ പെരുന്നാളിലവസാനിക്കുന്നതാണ്‌ എട്ടുനോമ്പിന്റെ ചിട്ടവട്ടങ്ങള്‍. എട്ടു ദിവസവും രാവിലെ കരോട്ടെ പള്ളിയിലും തുടര്‍ന്ന്‌ താഴത്തെ പള്ളിയിലും വിശുദ്ധകുര്‍ബാന3. പിന്നെ താഴത്തെ പള്ളിയില്‍ ധ്യാനവും പ്രസംഗവും പ്രാര്‍ഥനകളും.

ആദ്യദിനം ഉച്ചയ്‌ക്കാണ്‌ കൊടിമരം ഇടീല്‍. ഇപ്പോള്‍ രണ്ട്‌ സ്വര്‍ണക്കൊടിമരങ്ങള്‍ ഉണ്ടെങ്കിലും പെരുന്നാള്‍ കൊടിമരം പഴയകാലത്തെപ്പോലെ ആശാരി ചെത്തിയൊരുക്കിയ കവുങ്ങുതന്നെ. അഞ്ചാംനാളാണ്‌ ആധ്യാത്മികസംഘടനകളുടെ വാര്‍ഷികവും പൊതുസമ്മേളനവും. അടുത്തദിവസം ഉച്ചയ്‌ക്കുശേഷമാണ്‌ കവലചുറ്റിയുള്ള റാസ. മുത്തുക്കുടകളും പൊന്‍വെള്ളിക്കുരിശുകളും ബാന്‍ഡും ചെണ്ടമേളവും ഒക്കെ ചേര്‍ന്ന്‌ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്ര. റാസയ്‌ക്കു കുടയെടുക്കുക ഇവിടത്തെ പ്രധാന വഴിപാടാണ്‌.

ഏഴാംനാള്‍ ഉച്ചനമസ്‌കാരം കഴിഞ്ഞാണ്‌ നടതുറക്കുക. ഭക്‌തസാഗരം പ്രാര്‍ഥനാനിരതരായി നില്‍ക്കെ മദ്‌ബഹായിലെ4 തിരശ്ശീല നീങ്ങുമ്പോള്‍ നീങ്ങുമ്പോള്‍ പ്രധാന ത്രോണ്ടോസിനു മുകളില്‍ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും വര്‍ണചിത്രം പുണ്യദര്‍ശനത്തിന്‌ തെളിയും. നവോത്ഥാന കാലഘട്ട പാശ്‌ചാത്യ ചിത്രകലയില്‍ (1516 നൂറ്റാണ്ട്‌) മാതാവും ഉണ്ണിയേശുവും മുഖ്യവിഷയമായിരുന്നു. അക്കാലത്തെ 'ദി വെര്‍ജിന്‍ ഓഫ്‌ ദി റോക്‌'5 പോലുള്ള ലിയണാഡോ ഡാവിഞ്ചി ചിത്രത്തില്‍ മേരീ വിജ്‌ഞാനീയത്തിന്റെ ബൗദ്ധിക ശക്‌തിക്കായിരുന്നു ഊന്നലെങ്കില്‍ മണര്‍കാട്ടുപള്ളിയിലെ മാതാവിന്റെ ചിത്രം നിറക്കൂട്ടുകളിലൂടെ ഭക്‌തിയുടെ ഇന്ദ്രിയപരമായ സൗന്ദര്യാരാധനയ്‌ക്കാണു പ്രാധാന്യം കൊടുത്തിരിക്കുന്നത്‌.

വര്‍ഷം മുഴുവന്‍ കാണാമറയത്തിരുന്നിട്ട്‌ എട്ടുനോമ്പിനൊടുവില്‍ ദിവ്യദര്‍ശനമരുളുന്ന മാതാവും ഉണ്ണിയേശുവും ലോകത്ത്‌ മറ്റൊരു െ്രെകസ്‌തവദേവാലയത്തിലും ഉള്ളതായി അറിയില്ല. ഉച്ചയ്‌ക്കുശേഷം പാച്ചോര്‍ കറി നേര്‍ച്ചയ്‌ക്കുള്ള പന്തിരുനാഴി ഘോഷയാത്രയ്‌ക്കായി പള്ളിക്കുവലംവച്ച്‌ അടുപ്പില്‍ വയ്‌ക്കുമ്പോള്‍ തീ പകരുന്നത്‌ പള്ളിയിലെ തൂക്കുവിളക്കില്‍ നിന്നാണ്‌. രാത്രി വീണ്ടും പള്ളിയില്‍ ചുറ്റിയുള്ള ആഘോഷപൂര്‍വമായ ഘോഷയാത്ര തുടര്‍ന്ന്‌ പ്രസിദ്ധമായ മണര്‍കാടുപള്ളി വെടിക്കെട്ടിന്‌ വികാരിയച്ചന്‍ പള്ളിമേടയില്‍ നിന്ന്‌ തീ പകര്‍ന്നു നല്‍കും. വെടിക്കെട്ടവസാനിച്ചാല്‍ പള്ളി നാടകശാലയിലെ നിലവിളക്കിനു ചുറ്റും മാര്‍ഗംകളിയും പരിചമുട്ടുകളിയുമൊക്കെ അരങ്ങേറും.

പെരുന്നാള്‍ദിവസം രാവിലെ വി. കുര്‍ബാനയോടെ എട്ടുനോമ്പു വീടും. കാല്‍ക്കലം, അരക്കലം, ഒരു കലം ഇങ്ങനെ വിവിധ വലിപ്പത്തിലുള്ള മണ്‍കലങ്ങളില്‍ പാച്ചോര്‍ നേര്‍ച്ചയുമായിപ്പോകുന്ന ഭക്‌തര്‍ പെരുന്നാള്‍ പ്രഭാതത്തിന്റെ മധുരവും മണവും ചൂടുമുള്ള കാഴ്‌ചയാണ്‌. വീടുകളിലൊക്കെ കള്ളപ്പവും കോഴിക്കറിയും ഉലത്തിയ മാട്ടിറച്ചിയും തിരികെയെത്തും. ഉച്ചയ്‌ക്കുശേഷം പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചവിളക്ക്‌ ഇവയോടെയാണു പെരുന്നാളിന്റെ ചടങ്ങുകള്‍ അവസാനിക്കുക.

പള്ളിപ്പരിസരങ്ങളിലെ ദീപാലങ്കാരങ്ങള്‍ ഏതാനും ദിവസം കൂടി സന്ധ്യാനേരത്ത്‌ പള്ളിയിലെത്തുന്നവര്‍ക്ക്‌ വര്‍ണക്കാഴ്‌ചയൊരുക്കും. 14ാം തീയതി സന്ധ്യാപ്രാര്‍ഥനാ സമയത്താണ്‌ നടയടയ്‌ക്കുക. പള്ളിയുടെ പടിഞ്ഞാറെ മുറ്റത്തെ കല്‍ക്കുരിശിന്റെ ചുറ്റുവിളക്കില്‍ എണ്ണപകര്‍ന്ന്‌ ദീപം തെളിയിക്കുക പ്രധാന വഴിപാടാണ്‌. കല്‍ക്കുരിശില്‍ നിന്ന്‌ ഉതിര്‍ന്ന പരിമളതൈലം 2012 ല്‍ നിരവധി തവണ പരിസരമാകെ സുഗന്ധം പരത്തി. ഏഴു ടണ്‍ ഭാരം വരുന്ന 10 ലക്ഷത്തിലേറെ മെഴുകുതിരികളാണ്‌ പെരുന്നാള്‍ക്കാലത്തു മാത്രം കല്‍ക്കുരിശിനു മുന്നില്‍ എരിയുന്നത്‌.

ഹൈക്കലയോടു ചേര്‍ന്ന്‌ ഇരുവശങ്ങളിലുമായുള്ള ഭണ്ഡാരങ്ങളില്‍ കൈനിറയെ നാണയത്തുട്ടുകള്‍ നിക്ഷേപിക്കുന്നതാണ്‌ പള്ളിയിലെ പിടിപ്പണം നേര്‍ച്ച. നിരമുറിയാതെ നീങ്ങുന്ന വര്‍ണ്ണക്കുടകളാണ്‌ പള്ളിപ്പറമ്പിലെ ഹൃദ്യമായ മറ്റൊരു പെരുന്നാള്‍ കാഴ്‌ച. കൊടി, കറി നേര്‍ച്ച, മുത്തുക്കുട, എണ്ണ, തിരി, കുന്തിരിക്കം ഇവയാണ്‌ മറ്റു വഴിപാടുകള്‍.

പഴയ പള്ളിക്കടവും കടവിലടുക്കുന്ന കെട്ടുവള്ളങ്ങളും അങ്ങാടിയിലെ പെരുന്നാള്‍ കച്ചവടവുമൊക്കെ പഴങ്കഥയായി. കടവുണ്ടായിരുന്നിടത്ത്‌ ഇന്നു മൈതാനമാണ്‌. അതിന്റെ ഓരത്താണ്‌ ഇപ്പോള്‍ ചിന്തിക്കടകള്‍. ഭക്‌തര്‍ക്കായുള്ള സൗജന്യ നേര്‍ച്ചക്കഞ്ഞിയും സര്‍വമത പ്രാതിനിധ്യമുള്ള സമൂഹവിവാഹവുമാണ്‌ പെരുന്നാളിന്റെ പുതിയ കാഴ്‌ചകള്‍. കൊടിമരം ചെത്തിയൊരുക്കുന്ന മരപ്പണിക്കാര്‍ക്ക്‌, പൊന്‍വെള്ളിക്കുരിശുകള്‍ തേച്ചുമിനുക്കുന്ന സ്വര്‍ണപ്പണിക്കാര്‍ക്ക്‌, വിളക്കുകള്‍ തൂത്തുതെളിക്കുന്ന ഓട്ടുപണിക്കാര്‍ക്ക്‌, പാച്ചോറുതോണിയുടെ കേടുപാടു തീര്‍ക്കുന്ന ഇരുമ്പുപണിക്കാര്‍ക്ക്‌, പന്തിരുനാഴി ഒരുക്കുന്നവര്‍ക്ക്‌, കതിനാവെടിക്കാര്‍ക്ക്‌, തുടങ്ങി ആചാരങ്ങളുടെ അനുബന്ധങ്ങളായ അവകാശങ്ങളില്‍ ചിലതെങ്കിലും ഇന്നും മുടങ്ങാതെ തുടരുന്നു.

രോഗവിമുക്‌തിക്ക്‌, ഫലസിദ്ധിക്ക്‌, സന്താനസൗഭാഗ്യത്തിന്‌, ആപല്‍രക്ഷയ്‌ക്ക്‌... അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത അമ്മയെത്തേടി നോയ്‌മ്പും നേര്‍ച്ചകളുമായി ഭക്‌തസഹസ്രം എട്ടുനോമ്പു പെരുന്നാളിന്‌ മണര്‍കാടുപള്ളിയില്‍ ഓടിയെത്തുന്നു. അനുഗ്രഹം പ്രാപിച്ച്‌ വീണ്ടുമൊരു ദര്‍ശന പുണ്യത്തിനായ പ്രാര്‍ഥനയും പ്രത്യാശയുമായി അവര്‍ നിര്‍വൃതിയോടെ മടങ്ങുന്നു.

വിശദീകരണം

1. 1982 ല്‍ സാക്കാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാന സന്ദര്‍ശിച്ചപ്പോള്‍ ദൈവമാതാവിന്റെ സൂനോറോ (അരക്കമ്പ, ഇടക്കെട്ട്‌) യുടെ അംശം ദേവാലയത്തില്‍ സ്‌ഥാപിച്ചു. പിന്നീട്‌ ഈ ദേവാലയം സുനോറോപള്ളി എന്നും അറിയപ്പെടുന്നു.

2. റോയല്‍ കോടതിവിധിയിലൂടെ പള്ളിയുടെ വസ്‌തുവകകള്‍ കൈയടക്കി പള്ളിമേടയില്‍ താമസിച്ച നവീകരണവിഭാഗം തിരുമേനിയെ ഇടവക ജനങ്ങള്‍ കരിയില കൂട്ടി തീയിട്ട്‌ പുകച്ച്‌ ചാടിക്കുകയായിരുന്നത്രേ.

3. ആരാധന, ദിവ്യബലി (സുറിയാനി)

4. അതിവിശുദ്ധസ്‌ഥലം (സുറിയാനി)

5. ഉണ്ണിയേശുവിനെ ലാളിക്കുന്ന ഡാവിഞ്ചി ചിത്രം ഇതിന്റെ രണ്ടു വ്യത്യസ്‌തരൂപങ്ങള്‍ ഉണ്ട്‌. ഒന്ന്‌ എ.ഡി. 148386 കാലത്ത്‌ വരച്ചത്‌. മറ്റൊന്ന്‌ 1495 1508 ) കാലത്തും.

(കടപ്പാട്‌: മംഗളം)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code