Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യോങ്കേഴ്‌സ്‌ സിറ്റിയില്‍ നിന്നും ഒരു ട്രാഫിക്‌ ടിക്കറ്റ്‌ (ഓര്‍മ്മക്കുറിപ്പ്‌-3)   - തോമസ്‌ കൂവള്ളൂര്‍

Picture


നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ലോകത്തിന്റെ ഏതുഭാഗത്തായിരുന്നാല്‍ പോലും, ന്യായം ഉണ്ടെങ്കില്‍ നമുക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ജനാധിപത്യരാജ്യങ്ങളില്‍ മാത്രമേ ഈ വ്യവസ്ഥിതി നിലവിലുള്ളൂ എന്നത് ഒരു വസ്തുതയാണ്. നിയമമുള്ളിടത്ത് ന്യായം ഉണ്ടോ എന്ന് ആദ്യം നോക്കണം. ന്യായമുണ്ടെങ്കില്‍ അതു പരിഗണിക്കപ്പെടേണ്ടതാണ്. ന്യായമായ അവകാശങ്ങള്‍ ഓരോ പൗരനും അര്‍ഹതപ്പെട്ടതാണ്. അതിനുവേണ്ടി നമുക്ക് സധൈര്യം പോരാടാന്‍ സാധിക്കും. വ്യക്തമായി നമ്മുടെ ന്യായമായ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിധി നമുക്കനുകൂലമാകേണ്ടതാണ്. നിലവിലുള്ള നിയമങ്ങള്‍ പരമാവധി പാലിക്കേണ്ടവരാണ് നാം. നിയമം തുടര്‍ച്ചയായി തെറ്റിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. തൊട്ടതിനും പിടിച്ചതിനുമെല്ലാം കോടതിയെ സമീപിക്കുന്നതും ശരിയല്ല.
ഇത്തവണ ഞാന്‍ വിവരിക്കുന്നത്, കഴിഞ്ഞ 20-ല്‍പരം വര്‍ഷങ്ങളായി ഞാന്‍ താമസിക്കുന്ന യോങ്കേഴ്‌സ് സിറ്റിയില്‍ എനിക്കുണ്ടായ ഒരനുഭവമാണ്. ഒരുകാലത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ണ്ണവിവേചനം നിലനിന്നിരുന്ന ഹഡ്‌സന്‍ റിവറിനോടടുത്തു കിടക്കുന്ന, ഒരു സിറ്റിയാണ് യോങ്കേഴ്‌സ്. ഇവിടുത്തെ വര്‍ണ്ണവിവേചനം നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. 1992-ലാണ് ഞാന്‍ യോങ്കേഴ്‌സില്‍ താമസത്തിനെത്തിയത്. അക്കാലത്ത് സ്പാനിഷ്‌ക്കാരും കറുത്തവര്‍ഗ്ഗക്കാരും വളരെ വിരളമായേ യോങ്കേഴ്‌സില്‍ ഉണ്ടായിരുന്നുള്ളൂ. 2005-വരെ യോങ്കേഴ്‌സ് സിറ്റി ഭരിച്ചിരുന്നത് ഐറിഷ് കാരും, ഇറ്റലിക്കാരും, പോളിഷ്‌കാരും ഉള്‍പ്പെട്ട വെള്ളക്കാരായിരുന്നു. 2010-ഓടുകൂടിയാണ് കറുത്ത വര്‍ഗ്ഗക്കാരും, സ്പാനിഷ്‌കാരും, യോങ്കേഴ്‌സിലേക്ക് തള്ളിക്കയറാന്‍ തുടങ്ങിയത്. പിന്നീടു സാവകാശം അവര്‍ സിറ്റി ഹാളിലും തങ്ങളുടെ ആധിപത്യം സ്ഥാപിച്ചുതുടങ്ങി.
2009-ജൂണ്‍ മാസം 24-ാം തിയതി ഞാനും എന്റെ കുടുംബാംഗങ്ങളും ഉച്ചയൂണുകഴിഞ്ഞ് സൊറ പറഞ്ഞിരക്കുന്ന സമയം. എന്റെ മോള്‍ അഞ്ജലിയും അവളുടെ ഭര്‍ത്താവ് മാത്യുവും എന്റെ കാറുമായി പുറത്തു പോയി തിരികെ വന്നപ്പോള്‍ കാറു പാര്‍ക്കു ചെയ്യാന്‍ സ്ഥലം കിട്ടാതെ വന്നതിനാല്‍ വീടിന്റെ മുമ്പിലുള്ള ഡ്രൈവ് വേയില്‍ കിടന്നിരുന്ന കാറ് ബ്ലോക്കു ചെയ്യത്തക്ക വിധത്തില്‍ ഇട്ടു. അവര്‍ വീട്ടില്‍ കയറുന്നതിനുമുമ്പ് ഇരയെ കാത്തിരിക്കുന്ന കഴുകനെപ്പോലെ എവിടെ നിന്നോ ഒരു വെള്ളക്കാരന്‍ ട്രാഫിക് പോലീസ് പാഞ്ഞെത്തി. നിമിഷനേരം കൊണ്ടയാള്‍ കാറിന്റെ രജിസ്‌ട്രേഷന്‍ അയാളുടെ കൈവശമിരുന്ന മെഷീന്‍കൊണ്ട് സ്‌കാന്‍ ചെയ്ത്, കാറിന് വയലേഷന്‍ ടിക്കറ്റ് പ്രിന്റു ചെയ്ത് വൈപ്പര്‍ ബ്ലേഡിനിടയില്‍ വെച്ചു കഴിഞ്ഞു. വീട്ടിലെ ജനാലയിലൂടെ സംഭവം കണ്ടെത്താന്‍ ഉടനെ വെളിയില്‍ ചാടിയിറങ്ങി കാറ് എന്റെതാണെന്നും, ഞാനാണു വീട്ടുടമസ്ഥനെന്നും പറഞ്ഞിട്ടും അയാള്‍ക്ക് അതൊന്നും കേള്‍ക്കാന്‍ നേരമില്ല.
ഏതായാലും എന്റെ കൈവശമുണ്ടായിരുന്ന ക്യാമറകൊണ്ട് ഞാന്‍ അയാളുടെ ഫോട്ടോ എടുത്തു. അയാള്‍ എന്റെയും. തിണ്ണമിടുക്ക് ഉണ്ടെന്നു പറഞ്ഞതുപോലെ എന്റെ ഭാര്യയും കുടുംബാംഗങ്ങളെല്ലാം ഉടനെ രംഗത്തെത്തി. ഇതെന്തു മര്യാദയാണ് കാണിക്കുന്നത്. വീടിനുമുമ്പില്‍ ഉടമസ്ഥന്‍ അല്പനേരത്തേയ്ക്ക് ഒന്നു പാര്‍ക്കു ചെയ്തു എന്നു കരുതി ടിക്കറ്റോ? എങ്കില്‍ യോങ്കേഴ്‌സിലുള്ള എല്ലാ വീട്ടുകാര്‍ക്കും ടിക്കറ്റു കൊടുക്കേണ്ടിവരും എന്ന് ഞങ്ങള്‍ ഏക സ്വരത്തില്‍ പറഞ്ഞു. ഏതായാലും ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ എന്ന കാരണത്താല്‍ അയാള്‍ സ്ഥലം വിട്ടു.
യോങ്കേഴ്‌സ് ഏറ്റവും കൂടുതല്‍ വിവേചനം ഉള്ള ഒരു സ്ഥലമായിരുന്നു എന്ന് മുന്‍പു സൂചിപ്പിച്ചിരുന്നുവല്ലോ. അമേരിക്ക ഏറ്റവും നല്ല ജനാധിപത്യ രാജ്യമാണ്, ഇവിടെ എല്ലാവര്‍ക്കും നീതി ഒരു പോലെ ലഭിക്കുന്നു എന്നിങ്ങനെ വീമ്പിളക്കുന്ന മലയാളികളും നമ്മുടെ ഇടയിലുണ്ട്. ഈയിടെ മിസ്സോറിയിലെ ഫെല്‍ഗൂസണില്‍ മൈക്കിള്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരനായ ചെറുപ്പക്കാരനെ നിസ്സാരകാര്യത്തിന് പോലീസ് വെടിവെച്ചു കൊന്നതും ടെക്‌സാസില്‍ താന്‍ പഠിച്ച കോളേജില്‍ ജോലിക്ക് ഇന്റര്‍വ്യൂവിനു പോയ സാന്ദ്രാ ബ്ലാന്‍ഡ്‌സ് എന്ന 28 വയസ്സുള്ള കറുത്ത വര്‍ഗ്ഗക്കാരിയെ വെള്ളക്കാരനായ ടെക്‌സാസ് റെയിഞ്ചര്‍ നിസ്സാര ട്രാഫിക്ക് വയലേഷന്റെ പേരില്‍ തടഞ്ഞു നിര്‍ത്തി ഒടുവില്‍ ആ യുവതിയെ കാറില്‍ നിന്നും വലിച്ചറിക്കി കൂച്ചിക്കെട്ടി മൃഗീയമായ രീതിയില്‍ ജയിലറയ്ക്കുള്ളിലാക്കി അവിടെയും ശോഭകേടു ചെയ്ത് ആ യുവതി അവസാനം ആത്മഹത്യ ചെയ്ത ദുഃഖവും ചിലരെങ്കിലും മാധ്യമങ്ങളിലൂടെ കണ്ടുകാണുമെന്നു കരുതുന്നു. ഫെര്‍ഗൂസണിലെ ജനങ്ങളുടെ കഥ കേട്ടപ്പോള്‍ വാസ്തവത്തില്‍ എനിക്കു ഞെട്ടലുണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ. അവിടെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയില്‍ കിടക്കുന്ന കാറുകള്‍ക്ക് പോലീസ് വയലേഷന്‍ ടിക്കറ്റു കൊടുക്കുന്നു. ഭരിക്കുന്നത് വെള്ളക്കാര്‍. താമസക്കാര്‍ അധികവും കറുത്ത വര്‍ഗ്ഗക്കാരും സ്പാനിഷ്‌കാരും. പണമുണ്ടാക്കാന്‍ സിറ്റിക്ക് എന്തു തോന്ന്യാസവും ചെയ്യാമത്രേ. ഫെര്‍ഗൂസണിലെ ജനസംഖ്യ 21,000 മാത്രം. യോങ്കേഴ്‌സില്‍ ജനസംഖ്യ 2 ലക്ഷത്തിനു മുകളിലും.
15 വര്‍ഷം മുന്‍പാണ് ഞാന്‍ ട്രാഫിക് പോലീസിനെ ചോദ്യം ചെയ്തിരുന്നതെങ്കില്‍ യോങ്കേഴ്‌സ് പോലീസ് ഒന്നടങ്കം വന്ന് എന്നെ ശരിയാക്കുമായിരുന്നു.
ടിക്കറ്റു കിട്ടിയശേഷം എന്തു സംഭവിച്ചു എന്നറിയേണ്ടേ? ആദ്യമായി ഞാന്‍ എന്റെ ചുറ്റുപാടുമുള്ള വീടുകളുടെ മുമ്പില്‍ പോയി എത്ര കാറുകള്‍ ഡ്രൈവ് വേ ബ്ലോക്ക് ചെയ്തു കിടക്കുന്നുണ്ട് എന്നു നോക്കി. മിക്ക വെള്ളക്കാരുടെ വീടുകളുടെ മുമ്പിലും ഡ്രൈവ് വേ ബ്ലോക്ക് ചെയ്തു കാറുകള്‍ ഇട്ടിരിക്കുന്നതിന്റെ ഫോട്ടോ കൂടി ഞാന്‍ എടുത്തു. ആയിടെ പല മലയാളികള്‍ക്കും ഇത്തരത്തില്‍ ടിക്കററു കിട്ടിയതായും അവരെല്ലാം യാതൊരു മടിയും കൂടാതെ പിഴ അടച്ചതായും അറിയുവാനിടയായി.
ഏതായാലും ഇത്തരത്തില്‍ ഒരു നിയമം യോങ്കേഴ്‌സില്‍ അതിനുമുമ്പ് ഉണ്ടായിരുന്നില്ല. പുതിയൊരു നിയമം പ്രാബല്യത്തില്‍ ആയി വരുന്നതേയുള്ളൂ എന്നും ഞാന്‍ മനസ്സിലാക്കി. സിറ്റി മേയര്‍, സിറ്റി കൗണ്‍സില്‍ പ്രസിഡന്റ്, പാര്‍ക്കിങ്ങ് വയലേഷന്‍ ബ്യൂറോ, സിറ്റി ഓഫ് യോങ്കേഴ്‌സ് കോഡ് എന്‍ഫോഴ്‌സ്‌മെന്റ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് കോപ്പി വെച്ച് എന്റേതായ ഭാഷയില്‍ അല്പം കടുത്ത ഭാഷയില്‍ ത്തന്നെ ഞാന്‍ ഒരു പരാതി എഴുതി തയ്യാറാക്കി ഞാന്‍ കുറ്റക്കാനല്ലെന്നും, കോടതിയില്‍ വരാതെ തന്നെ മെയിലിലൂടെ എന്റെ ഹിയറിങ്ങ് കേട്ട് എനിക്കു നീതി നടപ്പാക്കിത്തരണമെന്ന് കാണിച്ച് എഴുതി.
ഏതായാലും എന്റെ അപേക്ഷ കേട്ടു. എന്റെ വയലേഷന്‍ ടിക്കറ്റ് ഡിസ്മിസ് ചെയ്തുകൊണ്ടുള്ള ഓര്‍ഡറും എനിക്കു കിട്ടി.
പിന്നീട് ചിന്തിച്ചു നോക്കിയപ്പോള്‍ എന്റെ പരാതി അല്പം കടന്നുപോയി എന്നെനിക്കു തന്നെ ബോധ്യമായി. പരാതിയില്‍ ഞാന്‍ ഒരു കമ്മ്യൂണിറ്റി ലീഡര്‍ ആണെന്നു സ്വയം വിശേഷിപ്പിക്കുകയും നിയമം എല്ലാവര്‍ക്കും തുല്യമായിരിക്കണം, ഏഷ്യക്കാരെ മാത്രം ടാര്‍ജെററു ചെയ്തിരിക്കുന്നതായും വെള്ളക്കാരെ ഒഴിവാക്കിയിരുന്നതായും മനസ്സിലാക്കുന്നുവെന്നും വേണ്ടി വന്നാല്‍ ഒരു പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നുവരെ എഴുതിപ്പോയി.
ഇത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞതിലൂടെ എന്റെ കഴിഞ്ഞകാല തെറ്റുകള്‍ സ്വയം തിരുത്തുന്നതിനും, കുറെക്കൂടി മാന്യമായ രീതിയില്‍ വാക്കുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഞാന്‍ ബോധവാനായിട്ടുണ്ട് എന്നു പറയാം.
നിയമം എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അങ്ങനെ മാറി വരുന്ന നിയമത്തെപ്പറ്റി അറിവില്ലായിരുന്നു എന്ന് വ്യക്തമായ കാരണങ്ങളോടെ കോടതില്‍ ബോധിപ്പിച്ചാല്‍ വക്കീലിന്റെ സഹായം കൂടാതെ തന്നെ പലപ്പോഴും ഇത്തരത്തിലുള്ള കേസുകള്‍ ഡിസ്മിസ് ചെയ്യിക്കുന്നതിനും നമുക്കു കഴിയും.
ഏതാനും മിനിറ്റു നേരത്തേയ്ക്ക് സ്വന്തം ഡ്രൈവ് വേ ആര്‍ക്കും തടസ്സമുണ്ടാകാത്തവിധത്തില്‍ ബ്ലോക്കു ചെയ്തതിന് വീട്ടില്‍ ബെല്ലടിച്ച് കാറ് ഇട്ടിരിക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഉടനെ മാറ്റിയാല്‍ ടിക്കറ്റ് ലഭിക്കാതിരിക്കും എന്ന് സാമാന്യമര്യാദയ്ക്ക് ഇത്തരത്തിലുള്ള ജനസേവകരെന്ന പേരില്‍ അറിയപ്പെടുന്ന വര്‍ഗ്ഗം ചെയ്യുകയാണെങ്കില്‍ അവരെ നാം എത്രമാത്രം കാര്യത്തോടെ ബഹുമാനിക്കുമായിരുന്നു. പക്ഷേ, ഇവിടെ പബ്ലിക്ക് സേര്‍വന്റ് പൊതുജനങ്ങളുടെ ശത്രു ആയി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം വര്‍ദ്ധിച്ചു വരികയാണ്. ഇതിനു മാറ്റം വരുത്തണമെങ്കില്‍ നമ്മുടെ സമൂഹത്തില്‍ നിന്നും വിവരവും വിവേകവുമുള്ളവര്‍ ഭരണരംഗത്തേയ്ക്കു കടന്നു ചെല്ലുകയും വേണ്ടതായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. നമുക്കു വേണ്ടത് അധികാരമോഹികളെയല്ല, പ്രത്യുത ജനസേവകരായ ആത്മാര്‍ത്ഥതയുള്ളവരെയാണ്.
അടുത്ത ലക്കത്തില്‍ അഞ്ചുവര്‍ഷത്തിലധികം നീണ്ടുനിന്ന ഒരു നിയമയുദ്ധത്തിന്റെ കഥയാണ്. വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ക്ലര്‍ക്കിന് ഒരു ടൈറ്റില്‍ ഇന്‍ഷുറന്‍സ് കമ്പനി കൊടുത്ത ചെക്ക് ബൗണ്‍സു ചെയ്തിട്ട് കമ്പനി മുങ്ങിയതിനാല്‍ അതിന്റെ ശിക്ഷ ഞാനുള്‍പ്പെട്ട കമ്പനിയുടെ മേല്‍ ആരോപിക്കപ്പെട്ടതും, ഒടുവില്‍ ഞാന്‍ തനിയെ വക്കീലിന്റെ സഹായമില്ലാതെ ചിലവു സഹിതം തുക ഈടാക്കിയെടുത്തതുമായ ഒരു നീണ്ട കഥ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code