Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാറിംഗ്ടണില്‍ സീറോ മലബാര്‍ ദിനാഘോഷം വര്‍ണാഭമായി; ലണ്ടനില്‍ ശനിയാഴ്ച

Picture

ലണ്ടന്‍: ലിവര്‍പൂളിനു സമീപം വസിക്കുന്ന പ്രവാസി സഭാംഗങ്ങള്‍ വാറിംഗ്ടണില്‍ സംഘടിപ്പിച്ച സീറോ മലബാര്‍ സഭാ ദിനാഘോഷം വര്‍ണാഭമായി. തദ്ദേശീയരെയും കൂടെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സഭ ദിനാഘോഷത്തില്‍ പ്രശസ്ത സംഗീതജ്ഞനും ഗവേഷകനുമായ റവ. ഡോ.ജോസഫ് പാലക്കല്‍ സിഎംഐ ഇംഗ്ലീഷ് ഭാഷയില്‍ ആഘോഷമായ സീറോ മലബാര്‍ പാട്ടു കുര്‍ബാന അര്‍പ്പിച്ചു. ഇടവക വികാരി ഫാ. ക്രിസ്റ്റഫറും ഡീക്കനും സീറോ മലബാര്‍ വൈദികരായ റോയി, സഖറിയാസ് കാഞ്ഞൂപറമ്പില്‍ എന്നിവരോടൊപ്പം സഹകാര്‍മ്മീകരായി.

പുരാതന സുറിയാനി ഗീതമായ 'പുഖ്ദാനകോന്‍' ആലപിച്ചു കൊണ്ടാണ് പരിശുദ്ധ കുര്‍ബാന ആരംഭിച്ചത്. 'പുഖ്ദാനകോന്‍', 'കന്തീശാ ആലാഹാ' എന്നീ സുറിയാനി ഗീതങ്ങള്‍ ഇംഗ്ലീഷ് സമൂഹത്തെയും വളരെയധികം ആകര്‍ഷിച്ചു. നമ്മുടെ കര്‍ത്താവിന്റെ ഭാഷയില്‍ ഈ ഗീതങ്ങള്‍ ആലപിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനകരമായി തോന്നുന്നതായി പങ്കെടുത്ത ചിലര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് കമ്യൂണിറ്റിയുടെ ആരാധനയിലും ഈ സുറിയാനി ഗീതങ്ങള്‍ ഉള്‍പ്പെടുത്തുവാനുള്ള കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കുന്നു.

സീറോ മലബാര്‍ സഭയുടെ സൂനഹദോസിന്റെ തീരുമാനപ്രകാരം ആദ്യ ഭാഗം ജനാഭിമുഖമായി അനാഫോറയും കുര്‍ബാന സ്വീകരണവും അല്‍ത്താരാഭിമുഖമായും അവസാന ആശീര്‍വാദം ജനാഭിമുഖമായും ആണ് ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിന്റെ കത്തോലിക്ക സഭാ തലവനും കര്‍ദിനാള്‍ വിന്‍സെന്റ് നിക്കൊള്‍സ് ഇംഗ്ലണ്ടിലും വെയില്‍സിലും അര്‍പ്പിക്കപ്പെടുന്ന സീറോ മലബാര്‍ കുര്‍ബാനകള്‍ പരിശുദ്ധ സൂനഹദോസ് തീരുമാനപ്രകാരം മാത്രമായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കുര്‍ബാനയെ തുടര്‍ന്നു നടന്ന സെമിനാറില്‍ റവ. ഡോ. ജോസഫ് പാലക്കല്‍ ഏതാനും ഹൃസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

കേരളത്തിലെ സുറിയാനി ഭാഷാപഠനത്തെക്കുറിച്ച് കാണിച്ച ചിത്രത്തില്‍ എറണാകുളത്തെ പള്ളുരുത്തി പള്ളിയിലെ കുട്ടികളുടെ ഗായകസംഘം പാടിയ 'ബേദാദ് യൗമാന്‍' എന്ന സുറിയാനി ഗീതവും എറണാകുളത്തെതന്നെ കടവന്ത്ര പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ വിശുദ്ധ കുര്‍ബാനയില്‍ 'ലാ കുമാറാ' എന്ന സുറിയാനി ഗീതവും ഏവരെയും ആകര്‍ഷിച്ചു.

സീറോ മലബാര്‍ സഭ ഇക്കാലത്തും ആരാധനയില്‍ സുറിയാനി ഉള്‍പ്പെടുത്തുന്നതിനെയും പുതുതലമുറ സുറിയാനി ഭാഷ പഠിക്കാന്‍ താത്പര്യം കാണിക്കുന്നതിനെയും അവര്‍ പ്രകീര്‍ത്തിച്ചു.

സീറോ മലബാര്‍ സഭയുടെ പൗരാണികത്വത്തെ വിളിച്ചോതുന്ന ശ്ലീവാകളുടെയും കല്‍ക്കുരിശുകളുടെയും കരിങ്കല്‍ ലിഖിതങ്ങളുടെയും മ്യുറല്‍ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റര്‍ പ്രദര്‍ശനവും ഏവരെയും ആകര്‍ഷിച്ചു. സെമിനാറില്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ഇംഗ്ലീഷ് കമ്യൂണിറ്റി ഇക്കാര്യത്തിലുള്ള തങ്ങളുടെ അതീവ താത്പര്യം പ്രകടിപ്പിച്ചു.

പ്രവാസികളായ പുതുതലമുറകളെ നമ്മുടെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാനും പ്രവാസി സീറോ മലബാര്‍ സഭാംഗങ്ങളെ ഇംഗ്ലീഷ് കത്തോലിക്ക സമൂഹത്തില്‍ പ്രതിഷ്ഠിക്കുവാനും സഹായകമായിത്തീര്‍ന്ന ഈ ആഘോഷം സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് ഏറെ അഭിമാനം പകര്‍ന്നു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code