ലണ്ടന്‍: ലിവര്പ്പൂളിനു സമീപം വസിക്കുന്ന പ്രവാസി സഭാംഗങ്ങള്‍ വാറിങ്ടണില്‍ വെച്ചു സംഘടിപ്പിച്ച സീറോ മലബാര്‍ സഭാ ദിനാഘോഷം വര്‍ണ്ണാഭമായി. തദ്ദേശീയരെയും കൂടെ സജീവമായി പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സഭാ ദിനാഘോഷത്തില്‍ പ്രശസ്ത സംഗീതജ്ഞനും, ഗവേഷകനുമായ റവ.ഡോ.ജോസഫ് പാലക്കല്‍ സി.എം. ഐ ഇംഗ്ലിഷ് ഭാഷയില്‍ ആഘോഷമായ സീറോ മലബാര്‍ പാട്ടു കുര്‍ബ്ബാന അര്‍പ്പിച്ചു.ഇടവക വികാരി ഫാ.ക്രിസ്റ്റഫറും, ഡീക്കനും,സീറോ മലബാര്‍ വൈദികരായ റോയി, സഖറിയാസ് കാഞ്ഞൂപറമ്പില്‍ എന്നിവരോടൊപ്പം സഹകാര്‍മ്മീകരായി.
പുരാതന സുറിയാനി ഗീതമായ `പുഖ്ദാനകോന്‍` ആലപിച്ചു കൊണ്ടാണ് പരിശുദ്ധ കുര്‍ബ്ബാന ആരംഭിച്ചത്.`പുഖ്ദാനകോന്‍`, `കന്തീശാ ആലാഹാ` എന്നീ സുറിയാനീ ഗീതങ്ങള്‍ ഇംഗ്ലീഷ് സമൂഹത്തെയും വളരെയധികം ആകര്‍ഷിച്ചു. നമ്മുടെ കര്‍ത്താവിന്റെ ഭാഷയില്‍ ഈ ഗീതങ്ങള്‍ ആലപിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനകരമായി തോന്നുന്നതായി പങ്കെടുത്ത ചിലര്‍ അഭിപ്രായപ്പെട്ടു.ഇംഗ്ലീഷ് കമ്മ്യുനിട്ടിയുടെ ആരാധനയിലും ഈ സുറിയാനി ഗീതങ്ങള്‍ ഉള്‍പ്പെടുത്തുവാനുള്ള കാര്യങ്ങള്‍ ഗൌരവമായി ചിന്തിക്കുന്നു.
സീറോ മലബാര്‍ സഭയുടെ പരിശുദ്ധ സൂനഹദോസിന്റെ തീരുമാന പ്രകാരം ആദ്യ ഭാഗം ജനാഭിമുഖമായി അനാഫോറയും, കുര്‍ബ്ബാന സ്വീകരണവും അല്ത്താരാഭിമുഖമായും അവസാന ആശീര്‍വ്വാദം ജനാഭിമുഖമായും ആണ് ഇവിടെ കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടത്.ഇംഗ്ലണ്ട് ആന്‍ഡ് വെയിത്സിന്റെ കത്തോലിക്കാ സഭയുടെ തലവനും കൂടിയായ അഭിവന്ദ്യ കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കൊല്സ് ഇംഗ്ലണ്ടിലും,വെയില്‍സിലും അര്‍പ്പിക്കപ്പെടുന്ന സീറോ മലബാര്‍ കുര്‍ബ്ബാനകള്‍ പരിശുദ്ധ സൂനഹദോസ് തീരുമാനപ്രകാരം മാത്രമായിരിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട് എന്നത് പ്രത്യേകം
ഓര്‍ക്കെണ്ടതുണ്ട്. കുര്‍ബ്ബാനയെ തുടര്‍ന്ന് നടന്ന സെമിനാറില്‍ റവ.ഡോ. ജോസഫ് പാലക്കല്‍ ഏതാനും ഹൃസ്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
കേരളത്തിലെ സുറിയാനി ഭാഷാ പഠനത്തെ പറ്റി കാണിച്ച ചിത്രത്തില്‍ എരനാകുലത്തെ പള്ളുരുത്തി പള്ളിയിലെ കുട്ടികളുടെ ഗായകസംഘം പാടിയ `ബേദാദ് യൗമാന്` എന്ന സുറിയാനി ഗീതവും, എറണാകുളത്തെ തന്നെ കടവന്ത്ര പള്ളിയിലെ സണ്ടേ സ്ക്കൂള് കുട്ടികള്‍ കുര്‍ബ്ബാനയില്‍ `ലാ കുമാറാ ` എന്ന സുറിയാനി ഗീതവും ഏവരെയും ഹടാതാകര്ഷിച്ചു.
സീറോ മലബാര്‍ സഭ ഇക്കാലത്തും ആരാധനയില്‍ സുറിയാനി ഉള്‍പ്പെടുത്തുന്നതിനെയും, പുതു തലമുറ സുറിയാനി ഭാഷ പഠിക്കുവാന്‍ താല്‍പ്പര്യം കാനിക്കുന്നതിനെയും അവര്‍ പ്രകീര്‍ത്തിച്ചു.
സീറോ മലബാര്‍ സഭയുടെ പൌരാനികത്വത്തെ വിളിച്ചോതുന്ന ശ്ലീവാകളുടെയും, കല്‍ക്കുരിശുകളുടെയും,കരിങ്കല്‍ ലിഖിതങ്ങളുടെയും മ്യുറല്‍ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റര്‍ പ്രദര്‍ശനവും ഏവരെയും ആകര്‍ഷിച്ചു. സെമിനാറില്‍ ധാരാളം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് ഇംഗ്ലീഷ് കമ്മ്യുനിട്ടി ഇക്കാര്യത്തിലുള്ള തങ്ങളുടെ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചു.
പ്രവാസികളായ പുതു തലമുറകളെ നമ്മുടെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്തുവാനും,പ്രവാസി സീറോ മലബാര്‍ സഭാംഗങ്ങളെ ഇംഗ്ലീഷ് കത്തോലിക്കാ സമൂഹത്തില്‍ പ്രതിഷ്ടിക്കുവാനും സഹായകമായിത്തീര്‍ന്ന ഈ ആഘോഷം സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് ഏറെ അഭിമാനം പകര്‍ന്നു.
Comments