Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യക്കാരനായി ജനിച്ചതില്‍ ജനങ്ങള്‍ ലജ്ജിച്ചിരുന്നു: മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം   - ബാബു പാലത്തും പാട്ട്‌

Picture

ന്യൂഡല്‍ഹി: തന്റെ ഭരണത്തിനു മുമ്പ്‌ രാജ്യത്ത്‌ ജനിച്ചതില്‍ ഇന്ത്യന്‍ ജനത ലജ്ജിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധത്തിനിടയാക്കി.

ചൈനയിലെ ഷാങ്‌ഹായിലും ദക്ഷിണകൊറിയയിലെ സോളിലും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ്‌ മോദിയുടെ വിവാദപരാമര്‍ശം.

ഇന്ത്യയില്‍ ജനിക്കാന്‍ മാത്രം മുന്‍ ജന്മങ്ങളില്‍ എന്തു തെറ്റാണ്‌ ചെയ്‌തതെന്ന്‌ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ചിന്താഗതിയോടെയാണ്‌ പലരും ഇന്ത്യ വിടുന്നത്‌.

'തന്റെ സര്‍ക്കാര്‍ അധികാരത്തിലേറുന്നതുവരെ ഇന്ത്യയില്‍ ജനിച്ചതിന്‌ ആളുകള്‍ സ്വയം നാണിച്ചിരുന്നു. ഇന്ത്യക്കാരന്‍ ആണെന്ന്‌ പറയാനും മടിച്ചിരുന്നു` മോദി ചൈന സന്ദര്‍ശനത്തിനിടെ പറഞ്ഞു. തുടര്‍ന്ന്‌ സോളില്‍ ഇതേ വാക്കുകള്‍ മോദി ആവര്‍ത്തിച്ചു. 'ഇന്ത്യ എന്തൊരു സ്ഥലമാണ്‌. ഇവിടെ ജനിക്കാന്‍ എന്ത്‌ പാപമാണ്‌ ചെയ്‌തത്‌, ഇവിടെനിന്ന്‌ എത്രയും വേഗം വിട്ടുപോകാം.` ഇതായിരുന്നു ജനങ്ങള്‍ കഴിഞ്ഞ വര്‍ഷംവരെ പറഞ്ഞിരുന്നതെന്ന്‌ കൂടി അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ അധികാരമേറ്റ ശേഷം രാജ്യത്തെ അഭിമാനത്തോടെയാണ്‌ പ്രവാസി സമൂഹം കാണുന്നതെന്നും പലര്‍ക്കും രാജ്യത്തേക്ക്‌ മടങ്ങിവരാന്‍ താത്‌പര്യമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മോദി വിദേശരാജ്യങ്ങള്‍ക്കു മുമ്പില്‍ രാജ്യത്തെ അപമാനിച്ചതായി ആരോപിച്ച്‌ 38,000 ട്വീറ്റുകളാണ്‌ ട്വിറ്ററില്‍ കുമിഞ്ഞുകൂടിയത്‌.

രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അപമാനമായി കരുതുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ്‌ മോദിയെന്ന്‌ കുറ്റപ്പെടുത്തുന്ന ട്വീറ്റുകളാണ്‌ അധികവും. ഇന്ത്യക്കാരായതില്‍ അഭിമാനിക്കുന്നതായി മോദിയെ അറിയിച്ചു കൊണ്ട്‌ കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്‌.


മോദിയുടെ വാക്കുകള്‍ ഇന്ത്യയ്‌ക്ക്‌ അപമാനമായെന്ന്‌ സോഷ്യല്‍ മീഡിയ
Posted on: Wednesday, 20 May 2015

ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ക്ക്‌ നഷ്ടപ്പെട്ട അഭിമാനം തിരികെ ലഭിച്ചത്‌ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. 'മോദി ഇന്‍സള്‍ട്‌സ്‌ ഇന്ത്യ` എന്ന ഹാഷ്‌ടാഗിലാണ്‌ മോദിക്കെതിരെ പ്രതിഷേധം നടക്കുന്നത്‌.

എനിക്ക്‌ പറയാനുള്ളത്‌

വിദേശങ്ങളില്‍, പ്രത്യേകിച്ച്‌ പാശ്ചാത്യ രാജ്യങ്ങളില്‍, ടെലിവിഷന്‍ ഡോക്കുമെന്ററികളിലും വീക്കിലി ഫീച്ചറുകളിലും മറ്റും ഇന്ത്യയെ പാമ്പാട്ടികളുടെയും ലിംഗത്തില്‍ കരിങ്കല്ല്‌ കെട്ടി വലിക്കുന്ന ദിഗംബര സ്വാമികളുടെയും ഒട്ടിയ വയറും മൂക്കള ഒലിപ്പിക്കുന്ന മുഖവും ഒട്ടിയ വയറും ഉള്ള കുഞ്ഞുങ്ങള്‍ നിറഞ്ഞ ചേരികളുടെയും നാടായി മാത്രം ചിത്രീകരിച്ചിരുന്ന കാലത്ത്‌ ഇന്ത്യാക്കാരന്‍ എന്ന്‌ ഉറക്കെ പറയാന്‍ അല്‌പം നാണിച്ചിരുന്നു എന്ന വാസ്‌തവം ജര്‍മ്മനിയില്‍ കഴിയുന്ന ഞാന്‍ സമ്മതിക്കുന്നു.

വിരലില്‍ എണ്ണാന്‍പോലും തികയാത്ത രാജ്യങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെടാനാവുന്ന സംസ്‌കാര മുള്ള നാടാണ്‌ എന്റെതെന്നോ ഞാന്‍ ജനിച്ച കേരളം പല കാര്യങ്ങളിലും ഏറെ മെച്ചമാണെന്നോ ഒക്കെയുള്ള വാസ്‌തവങ്ങള്‍ ലജ്ജ കുറയ്‌ക്കാന്‍ അന്നൊന്നും എന്നെ കൂടുതലായി സഹായിച്ചിട്ടുമില്ല

പാമ്പാട്ടികളും ദിഗംബര സ്വാമികളും മൂക്കള ഒലിപ്പിക്കുന്ന കുഞ്ഞുങ്ങളും ചേരികളും മാത്രമല്ല കടിച്ച പാമ്പിനെ തിരിച്ചു വിളിച്ചു വിഷമിറക്കുന്ന തരം വൈദ്യന്മാരും കാഞ്ചീപുരം പട്ടുടുക്കുന്ന സ്‌ത്രീകളും മൂക്കു മുട്ടെ തിന്നുന്ന കുഞ്ഞുങ്ങളും മിനുങ്ങുന്ന വീടുകളും കൊളോണ്‍ കത്തീഡ്രലുമായി കിടപിടിക്കുന്ന ക്ഷേത്രങ്ങളും പുരാതന ഗോപുരങ്ങളും ഒക്കെ ഇന്ത്യയിലുണ്ട്‌ എന്ന കാര്യം പരിചയക്കാരായ ജര്‍മ്മന്‍കാരോട്‌ വിശദീകരിച്ച്‌ ആശ്വാസം കൊള്ളുക മാത്രമായിരുന്നു ഞാന്‍ ചെയ്‌തിരുന്നത്‌.

`ഇന്ത്യ ഈസ്‌ എ ലാന്‍ഡ്‌ ഡര്‍ തൗസണ്ട്‌ ലെന്‍ണ്ടര്‍' ( ആയിരം രാജ്യങ്ങളുടെ ഒരു രാജ്യമാണ്‌ ഇന്ത്യ) ഞാന്‍ എന്റെ വിശദീകരണം എന്നും നിര്‍ത്തിയിരുന്നത്‌ ഈ വാചകത്തിലായിരുന്നു.

എന്തായാലും വളരെ കുറച്ചു കാലങ്ങളായി വിദേശ പത്ര ദൃശ്യ മാധ്യമങ്ങള്‍ അവരുടെ ഇന്ത്യയെപ്പറ്റിയുള്ള കാഴ്‌ചപ്പാട്‌ മാറ്റിത്തുടങ്ങിയിട്ടുണ്ട്‌.

ഒരു സാധാരണ ഇന്ത്യാക്കാരനായ എന്നെപ്പോലുള്ളവര്‍ക്ക്‌ ഇന്ത്യയില്‍ ജനിച്ചതില്‍ ലജ്ജ തോന്നിയാല്‍പ്പോലും ഇന്ത്യയുടെ പ്രധാനമന്ത്രി ആയിത്തീര്‍ന്ന ഒരാള്‍ വിദേശങ്ങളില്‍ നിന്ന്‌ ഇത്തരം വാചകങ്ങള്‍ പറഞ്ഞ്‌ തന്‍റെയും തന്‍റെ പാര്‍ട്ടിയുടെയും മെച്ചം വിളമ്പുന്നത്‌ അഭിമാനകരമല്ല.

ഏതു സാഹചര്യത്തില്‍ പറഞ്ഞതാണെങ്കിലും ശരി, ബി ജെ പി ക്കാരും ആര്‍.എസ്സ്‌.എസ്സ്‌.കാരും അദ്ദേഹത്തെ നീതീകരിച്ചാലും ശരി, ഇന്ത്യ എന്താണെന്ന്‌ തിരിച്ചറിവുള്ള ദരിദ്ര നാരായണനായ ഒരു ഇന്ത്യാക്കാരന്‍ തന്‍റെ പ്രധാന മന്ത്രിയില്‍ നിന്നും ഇത്തരം വാചകങ്ങള്‍ പ്രതീക്ഷിക്കുന്നില്ല

ഒരു ഇന്ത്യാക്കാരനായി ജനിച്ചതില്‍ (ദരിദ്രനായിട്ടും) എന്‍റെ ഭാരത സമ്പന്നതയില്‍ ഞാന്‍ അഭിമാനിക്കുന്നു - അന്നും ഇന്നും.

കുറിപ്പ്‌

പ്രധാന മന്ത്രി മോഡി അമേരിക്കയില്‍ വെച്ച്‌ ഇന്ത്യയുടെ രാഷ്ട്രപിതാവിന്‍റെ പേര്‌ തെറ്റിച്ചുപറഞ്ഞത്‌ ഇപ്പോള്‍ ഓര്‍ത്തു പോകുകയാണ്‌.


ബാബു പാലത്തും പാട്ട്‌


1 പത്രവായനക്കാരന്‍റെ കമന്റ്‌

നമ്മളെല്ലാം ലോകത്തെവിടെ ആയാലും ഇന്ത്യക്കാരനായി ജനിച്ചതില്‍ അഭിമാനം കൊള്ള്‌ന്നവരാണ്‌. ഇന്ത്യയുടെ സ്ലംമ്മുകളും ദാരിദ്ര്യവും മാത്രം എടുത്തുകാണിക്കാന്‍ ഇഷ്ടപ്പെടുന്ന വിദേശ മീഡിയാകള്‍ ഇപ്പോള്‍ മോഡിയുടെ ഈ പറച്ചില്‍ ആഘോഷിക്കുകയാണ്‌.

ഇത്‌ സ്വന്തം വീട്ടിലെ പോരായ്‌മകള്‍ അടുത്ത വീട്ടിലെ അടുക്കളയില്‍ പോയി അവരുടെ പ്രീതി പറ്റാന്‍ വേണ്ടി പരാധീനം പറയുന്ന നുണച്ചി പെണ്ണുങ്ങളുടെ നിലവാരത്തിലേക്കുള്ളതായിപ്പോയി. ഒരു പ്രധാനമന്ത്രിയില്‍ നിന്നും ഇത്ര തരം താണ പറച്ചിലുണ്ടായതില്‍ തികച്ചും ലജ്ജിക്കേണ്ടിയിരിക്കുന്നു.
ഇദ്ദേഹത്തിന്‍റെ മുന്‍ഗാമിയായിരുന്ന വാജ്‌പേയിയെ കണ്ടു ഒരു പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും എങ്ങിനെ പെരുമാറണമെന്ന്‌ പഠിച്ചുകൂടെ?.......

ഇവിടെത്തെ സംഘി സുഹൃത്തുക്കള്‍ക്ക്‌ ഇതും നല്ലതായി തോന്നും. കാരണം തലക്കകത്ത്‌ മുഴുവന്‍ മതഭ്രാന്ത്‌ കുത്തിനിരചിരിക്കുകയല്ലേ? അവര്‍ക്ക്‌ തിരുവായ്‌ക്കെതിരില്ലല്ലോ?

തമ്പുരാന്‍ എന്ത്‌ മൊഴിഞ്ഞാലും അത്‌ തിരുവായ്‌മൊഴിയായി കരുതി ഒച്ചാനിച്ചു നില്‍ക്കാനേ നിങ്ങള്‍ക്കാകൂ.

ശരിയായ ഉത്തരമില്ലാത്ത കാരണം ഇറ്റലിക്കാരിയെയും കോങ്ങിയെയ്യും മാക്രിയെയും ഒക്കെ കൂട്ടിനു പിടിച്ചു കുറെ പിച്ചും പേയും പറയും......ഒട്ടും നാണക്കേട്‌ തോന്നുന്നില്ലേ?



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code