Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആരാണ്‌ യഥാര്‍ത്ഥ കള്ളന്‍? ഉമ്മന്‍ചാണ്ടി എന്തിന്‌ ജോര്‍ജിനെ പേടിക്കണം?   - ഷോളി കുമ്പിളുവേലി

Picture

നാളിതുവരെ കോണ്‍ഗ്രസ്‌കാരുടെ കണ്ണില്‍, പി.സി.ജോര്‍ജ്‌ കാട്ടിക്കൂട്ടിയ എല്ലാ ഏടാകൂടങ്ങള്‍ക്കും ഏക ഉത്തരവാദി പാര്‍ട്ടി ചെയര്‍മാനായ കെ.എം.മാണി. മാത്രമായിരുന്നു! ജോര്‍ജിനെ നിയന്ത്രിക്കേണ്ടത്‌ മാണിസാറിന്റെ കടമയാണെന്നു കഴിഞ്ഞ ദിവസം വരെ ചാനലുകളില്‌ കയറിയിറങങി പറഞ്ഞു നടന്ന കോണ്‍ഗ്രസ്‌ വക്താക്കള്‍, നേരം ഒന്നു ഇരുണ്ടു വെളുത്തപ്പോഴേക്കും 'മറുകണ്ടം' ചാടി. കഴിഞ്ഞ ആഴ്‌ചയിലാണ്‌ ജോര്‍ജിനെ മുഖ്യമന്ത്രി ശാസിച്ചത്‌.

യു.ഡി.എഫിലെ എല്ലാ കക്ഷികളേയും ഓടി നടന്നു ആക്രമിച്ചുകൊണ്ടിരുന്ന ജോര്‍ജിനെ നിയന്ത്രിക്കണം എന്നു വിലപിച്ചുകൊണ്ടിരുന്നവരുടെ യഥാര്‍ത്ഥ മുഖമാണ്‌ ഇന്നലെ കണ്ടത്‌! ഇപ്പോള്‍ ജോര്‍ജ്ജിനെ 'രക്ഷിക്കേണ്ടത്‌' അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുന്നു. എത്ര വിചിത്രം!
കൊത്തികൊത്തി മുറത്തേല്‍കേറി 'കൊത്തിയപ്പോഴാണ്‌' മാണി സാര്‍ ഇടപ്പെട്ടത്‌. ഇത്‌ അല്‌പം കൂടി നേരത്തേ ആകാമായിരുന്നു. ഇടുക്കി സീറ്റ്‌ കേരളാകോണ്‍ഗ്രസിനു വേണ്ടാ എന്നു പ്രസ്‌താവിച്ച്‌ കോണ്‍ഗ്രസിനെ സഹായിച്ചപ്പോള്‍ പി.ജെ.ജോസഫിനെ 'തലങ്ങും വിലങ്ങും' അപവാദം പറഞ്ഞ്‌ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍.... കേരള കോണ്‍ഗ്രസിലെ ഏറ്റം സൗമ്യനായ ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ തന്തക്ക്‌ വിളിച്ചപ്പോള്‍....അതിലൂടെ പാര്‍ട്ടി സ്ഥാപകനായ യശ്ശ: ശരീരനായ കെ.എം.ജോര്‍ജ്ജിനെ അപമാനിച്ചപ്പോള്‍..... ഒക്കെ ആകാമായിരുന്നു; ഇത്‌ വളരെ താമസിച്ചുപോയി.

കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നെടുത്ത തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ, പാര്‍ട്ടിയുടെ ചെയര്‍മാനും, വര്‍ക്കിംഗ്‌ ചെയര്‍മാനും ചേര്‍ന്ന്‌ അറിയിക്കുന്നു. അതായത്‌ ചീഫ്‌ വിപ്പുസ്ഥാനത്തു നിന്നും, യു.ഡി.എഫ്‌. ഏകോപന സമിതിയോഗത്തില്‍ നിന്നും പി.സി.ജോര്‍ജിനെ മാറ്റിയിരുന്നു! എന്നാല്‍ ഇക്കാര്യം നടപ്പിലാക്കുന്നതിനു പകരം, 'അനുനയത്തിന്റെ' ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഉദ്ദേശം എന്താണ്‌? മാണി സാറിനെ കൂടുതല്‍ ദുര്‍ബലനാക്കുക? അതിലൂടെ കേരളാ കോണ്‍ഗ്രസിനെ ശിഥിലീകരിക്കുക? ജോര്‍ജിനെ യു.ഡി.എഫിന്റെ ഭാഗമായി നിര്‍ത്തിക്കൊണ്ട്‌, മാണിസാറിനെ നിരന്തരം പുലഭ്യം പറയിപ്പിക്കുക. അങ്ങനെ ഒട്ടനവധി ലക്ഷ്യങ്ങള്‍ അദ്ദേഹത്തിന്‌ ഉണ്ടായിരിക്കാം.

എന്നാല്‍ യഥാര്‍ത്ഥ കാരണങ്ങള്‍ അതല്ല! കെ.എം.മാണിയെപ്പറ്റി, പി.സി.ജോര്‍ജിന്‌ ഇപ്പോള്‍ അല്ലെങ്കില്‍ ഇതുവരെ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയുവാനുണ്ടായില്ല!! പക്ഷേ ഉമ്മന്‍ചാണ്ടിയെപ്പറ്റി.....സെല്‍വരാജിനെ ചാക്കിട്ടുപിടിച്ചത്‌, അതിന്‌ മുടക്കിയ പണം, സരിതമോളെ വഴിവിട്ടു സഹായിച്ചത്‌, ഗണ്‍മോന്റെ ലീലാ വിലാസങ്ങള്‍, പാമോയില്‍ കേസില്‍ വിജിലന്‍സ്‌ കോടതി ജഡ്‌ജിയെ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി തെറി പറഞ്ഞ്‌ ഓടിച്ചത്‌, പാറ്റൂര്‍ ഭൂമി ഇടപാട്‌ അങ്ങനെ എത്ര എത്ര 'ഉടായിപ്പുകളുടെ' യഥാര്‍ത്ഥ സ്ഥിതിവിവര പട്ടിക ജോര്‍ജിന്റെ കൈവശമുണ്ട്‌!! അപ്പോള്‍ ഉമ്മന്‍ചാണ്ടി തീര്‍ച്ചയായും ജോര്‍ജിനെ പേടിക്കണം. അല്ലെങ്കില്‍ ഒരു 'ശല്യ'ത്തെ പറഞ്ഞു വിടുന്നതില്‍ ചാണ്ടിസാറിനെന്തിനാണ്‌ ഇത്ര വ്യാകുലത?

കേരളാ കോണ്‍ഗ്രസ്‌ ഇനി ശക്തമായ നിലപാടെടുക്കണം. അല്ലെങ്കില്‍ പാര്‍ട്ടി നശിച്ചു പോകും. അതാണ്‌ കോണ്‍ഗ്രസ്‌ മനപായസം ഉണ്ണുന്നതും. ഒരുപക്ഷേ, ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ തന്നെ മാണിസാര്‍ രാജി വച്ചിരുന്നെങ്കില്‍, ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും, എല്ലാവരും മാണിസാറിന്റെ പുറകേ നടന്നേനെ! കേസും തീര്‍ന്നേനെ! ഇനിയും അമാന്തിച്ചാല്‍ ഉമ്മന്‍ചാണ്ടിയെന്ന പെരുമ്പാമ്പ്‌ മാണിസാറിനെ മൊത്തമായി വിഴുങ്ങും. അതുകൊണ്ട്‌ ജാഗ്രതൈ!!

അടിക്കുറിപ്പ്‌

പ്രതിഷേധ സൂചകമായി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്യുക. അപ്പോള്‍ പ്രശ്‌നം ആളിക്കത്തും. കെ. കരുണാകരനോടും, എ.കെ. ആന്റണിയോടും ഉമ്മന്‍ചാണ്ടി ചെയ്‌തതിന്റെ പകരമായി രമേശ്‌ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ ഹൈക്കമാന്റിനോട്‌ ആവശ്യപ്പെടുക: അങ്ങനെ എട്ടിന്റെ പണികൊടുക്കുക.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code