Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധകുര്‍ബാനയെന്ന മഹാരഹസ്യം   - റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ (ചാന്‍സിലര്‍, ഷിക്കാഗോ സീറോമലബാര്‍ രൂപത)

Picture

മനുഷ്യര്‍ക്കു നല്‍കപ്പെട്ടിരിയ്‌ക്കുന്ന ഏറ്റവും വിലപ്പെട്ട ദാനമായ വിശുദ്ധകുര്‍ബാന, ദൈവസ്‌നേഹത്തിന്റെ ഉദാത്തമായ അടയാളമാണ്‌ (യോഹ 3:16). മനുഷ്യരോടു കൂടിയുള്ള ദൈവസാന്നിദ്ധ്യത്തിന്റെ പ്രകാശനമാണത്‌. `ദൈവം നമ്മോടു കൂടെ' എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന പേരിന്റെ പൂര്‍ണ്ണത വിശുദ്ധകുര്‍ബാനയില്‍ നാം കാണുന്നു. `അപ്പത്തിന്റെ നാട്‌' എന്നര്‍ത്ഥമുള്ള ബെത്‌ലഹേമില്‍ ജനിച്ച ഈശോ (cf. മത്താ 2:5; ലൂക്കാ 2:5) സമസ്‌തലോകത്തിനും വേണ്ടിയുള്ള ജീവന്റെ അപ്പമായി ഓരോ കുര്‍ബാനയിലും ജനിയ്‌ക്കുന്നു. പരിശുദ്ധ കന്യകാമറിയത്തില്‍ നിന്നും മനുഷ്യശരീരം സ്വീകരിച്ച വചനമായ (യോഹ 1:1) അവിടുന്ന്‌ വിശുദ്ധകുര്‍ബാനയില്‍ ജീവന്റെ അപ്പമായി രൂപാന്തരപ്പെടുന്നു. മരുഭൂമിയിലെ പരീക്ഷണസമയത്ത്‌ കല്ലുകളെ അപ്പമാക്കാന്‍ വിസമ്മതിച്ച ഈശോ അന്ത്യ അത്താഴ വേളയില്‍ സ്വന്തം ശരീരത്തെ അപ്പമാക്കി മാറ്റി; ഓരോ കുര്‍ബാനയിലും അപ്പത്തെ തന്റെ ശരീരമാക്കി മാറ്റുന്നു. കാനായിലെ കല്യാണവീട്ടില്‍ പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കിയ അവിടുന്ന്‌ കുര്‍ബാനയില്‍ വീഞ്ഞിനെ തന്റെ രക്തമാക്കി മാറ്റുന്നു. ദൈവസ്‌നേഹത്തിന്റെ ഈ മഹാരഹസ്യങ്ങളെ വിശ്വാസത്തിന്റേയും അത്ഭുതത്തിന്റേയും ഉള്‍ക്കണ്ണുകൊണ്ടു മാത്രമേ നമുക്കു മനസ്സിലാക്കുവാന്‍ സാധിയ്‌ക്കുകയുള്ളു.

വിശുദ്ധകുര്‍ബാന നമ്മുടെ ആത്മീയജീവിതത്തിന്റെ ഉറവിടവും ശക്തിയുമാണ്‌. വാഗ്‌ദാനഭൂമിയെ ലക്ഷ്യമാക്കിയുള്ള ഇസ്രായേല്‍ ജനത്തിന്റെ മരുഭൂമിയിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ വിശപ്പകറ്റാനായി ദൈവം ആകാശത്തു നിന്ന്‌ മന്ന (അപ്പം) കൊടുത്തതു പോലെ (പുറപ്പാട്‌ 16), ഭൌതികതയുടെ അതിപ്രസരണത്തില്‍പ്പെട്ട്‌ ആത്മീയ വിശപ്പ്‌ അനുഭവിയ്‌ക്കുന്ന ഇന്നിന്റെ മനുഷ്യന്‌ ആത്മീയഭോജനമായി തന്റെ തിരുക്കുമാരന്റെ തിരുശരീരരക്തങ്ങള്‍ അവിടുന്ന്‌ നല്‍കുന്നു. വാടാത്ത മുള്‍ച്ചെടിയുടെ തണലില്‍ ദൈവത്തിന്റെ മാലാഖ കൊടുത്ത അപ്പത്തിന്റേയും വെള്ളത്തിന്റേയും ശക്തിയാല്‍ നാല്‌പതു ദിനരാത്രങ്ങള്‍ യാത്ര ചെയ്‌ത്‌ ഏലിയ പ്രവാചകന്‍ ദൈവത്തിന്റെ വിശുദ്ധ മലയായ ഹോറേബില്‍ എത്തിച്ചേര്‍ന്നു (1രാജ 19:18). അതുപോലെ പുതിയ പറുദീസയായ സഭയില്‍ ദൈവം നട്ടുവളര്‍ത്തിയിരിക്കുന്ന വാടാത്ത മുള്‍ച്ചെടിയായ വിശുദ്ധകുരിശിന്റെ ചുവട്ടില്‍ സ്ഥാപിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്ന ബലിക്കല്ലില്‍ (ബലിപീഠം) മാലാഖയുടേതിനേക്കാള്‍ ഉന്നതമായ സ്ഥാനം വഹിയ്‌ക്കുന്ന പുരോഹിതന്റെ പാവനമായ കരങ്ങളാല്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന ഈശോമിശിഹായുടെ തിരുശരീരരക്തങ്ങള്‍ ഭക്ഷിച്ചും പാനം ചെയ്‌തും ദൈവരാജ്യത്തെ ലക്ഷ്യമാക്കിയുള്ള യാത്ര നാം തുടരണം.

`വലിച്ചടുപ്പിയ്‌ക്കുക', `ബന്ധിപ്പിയ്‌ക്കുക' എന്നീ അര്‍ത്ഥങ്ങളുള്ള `ക്രെബ്‌' എന്ന ക്രിയാപദത്തില്‍ നിന്നാണ്‌ കുര്‍ബാന എന്ന സുറിയാനി വാക്ക്‌ ഉത്ഭവിയ്‌ക്കുന്നത്‌. വിശുദ്ധകുര്‍ബാന എന്ന ദൈവീകചാനലിലൂടെ ഈശോമിശിഹാ നമ്മെ ദൈവവുമായി ബന്ധിപ്പിയ്‌ക്കുന്നു, സ്വര്‍ഗ്ഗീയതലത്തിലേയ്‌ക്ക്‌ വലിച്ചടുപ്പിയ്‌ക്കുന്നു.

വിശുദ്ധകുര്‍ബാനയിലുള്ള സജീവപങ്കാളിത്തം ദൈവസാന്നിദ്ധ്യാനുഭവത്തിനുള്ള ആധികാരികമായ മാര്‍ഗ്ഗമാണ്‌. ദുഃഖിതരും നിരാശരുമായി ജറൂസലേമില്‍ നിന്ന്‌ എമ്മാവൂസിലേയ്‌ക്കു പോയ ശിഷ്യന്മാര്‍ക്ക്‌ വചനവിശദീകരണവും അപ്പം മുറിയ്‌ക്കല്‍ ശുശ്രൂഷയും ഉത്ഥിതനായ മിശിഹായെ തിരിച്ചറിയാനും അനുഭവിയ്‌ക്കാനുമുള്ള നിര്‍ണ്ണായക നിമിഷങ്ങളായിരുന്നു (ലൂക്കാ 24:31,32). അനുഭവപ്രദമായ അറിവും സജീവമായ ഭാഗഭാഗിത്വവും വഴി മാത്രമേ വിശുദ്ധകുര്‍ബാനയില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവീകസാന്നിദ്ധ്യം തിരിച്ചറിയുവാനും അതില്‍ ജീവിയ്‌ക്കുവാനും സാധിയ്‌ക്കുകയുള്ളു.

`അമേരിക്കന്‍ ഐക്യനാടുകളേയും അവിടുത്തെ കത്തോലിക്കാസഭയേയും തങ്ങളുടെ ആഴമേറിയ ആത്മീയതയാല്‍ ശക്തിപ്പെടുത്തുന്നതില്‍ പൌരസ്‌ത്യറീത്തുകള്‍ക്ക്‌ നിര്‍ണ്ണായകമായ പങ്കുണ്ട്‌'. റോമിലെ പൌരസ്‌ത്യതിരുസംഘത്തിന്റെ പ്രിഫെക്ട്‌ കാര്‍ഡിനല്‍ ലിയനാര്‍ഡോ സാന്‍ഡ്രിയുടെ ഈ ആഹ്വാനം രണ്ടാമത്തെ ഏറ്റവും വലിയ പൌരസ്‌ത്യകത്തോലിക്കാ സഭയിലെ അംഗങ്ങളും അമേരിക്കയില്‍ താമസക്കാരുമായ സീറോമലബാര്‍ സഭാതനയര്‍ക്ക്‌ ഏറ്റെടുക്കാന്‍ സാധിയ്‌ക്കണമെങ്കില്‍ തങ്ങളുടെ കുര്‍ബാനക്രമത്തില്‍ നിറഞ്ഞിരിയ്‌ക്കുന്ന ആഴമേറിയ ആത്മീയസമ്പത്ത്‌ കണ്ടെത്തി, മനസ്സിലാക്കി ജീവിയ്‌ക്കാന്‍ തയ്യാറാകണം. `ഇതിന്റെ അര്‍ത്ഥം എന്താണെന്ന്‌ നിങ്ങളുടെ മക്കള്‍ ചോദിയ്‌ക്കുമ്പോള്‍ പറയണം: ഇതു കര്‍ത്താവിന്‌ അര്‍പ്പിയ്‌ക്കുന്ന പെസഹാ ബലിയാണ്‌' (പുറ 12:2627). പഴയനിയമ പെസഹാചരണത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ചുള്ള ചോദ്യവും ഉത്തരവും പുതിയനിയമ പെസഹ ആയ വിശുദ്ധകുര്‍ബാനയുടെ ആചരണത്തിലും പ്രസക്തമാണ്‌. ക്രിസ്‌തീയ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധകുര്‍ബാനയെന്ന മഹാരഹസ്യത്തെ മനസ്സിലാക്കാനും അനുഭവിയ്‌ക്കാനും, ഇളംതലമുറയ്‌ക്ക്‌ അതിന്റെ അര്‍ത്ഥതലങ്ങള്‍ പറഞ്ഞുകൊടുക്കുവാനും നമുക്കു സാധിയ്‌ക്കണം.

ഈശോമിശിഹായുടെ പരസ്യജീവിതത്തിന്റെ മുഖ്യകേന്ദ്രങ്ങളായ ഗലീലി, ജറൂസലേം എന്നിവിടങ്ങളിലെ പുനരവതരണമായ വചനശുശ്രൂഷയും അപ്പം മുറിയ്‌ക്കല്‍ ശുശ്രൂഷയും എല്ലാ കുര്‍ബാനക്രമങ്ങളുടെയും അടിസ്ഥാനഘടകങ്ങളാണ്‌. ഇവ രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ വേര്‍തിരിയ്‌ക്കാനാവാത്തതും പരസ്‌പരപൂരകങ്ങളുമാണ്‌. സുവിശേഷകനായ വി. യോഹന്നാന്‍ പഠിപ്പിയ്‌ക്കുന്നതു പോലെ, വചനം മനുഷ്യനായി അവതരിച്ചത്‌ മനുഷ്യകുലത്തിന്‌ ജീവന്‍ നല്‍കുന്ന അപ്പമായിത്തീരാനാണ്‌. കാരണം അവനില്‍ ജീവനുണ്ടായിരുന്നു (യോഹ 1:4). വിശുദ്ധയോഹന്നാന്‍ തന്റെ സുവിശേഷത്തിലൂടെ ലോകത്തിനു സാക്ഷ്യപ്പെടുത്തുന്നതും മനുഷ്യകുലത്തിന്റെ ജീവനായ ഈശോയെ ആണ്‌. `ഞാന്‍ വന്നിരിയ്‌ക്കുന്നത്‌ അവര്‍ക്ക്‌ ജീവന്‍ ഉണ്ടാകുവാനും അത്‌ സമൃദ്ധമായി ഉണ്ടാകുവാനുമാണ്‌' (യോഹ 10:10) എന്ന തിരുവെഴുത്ത്‌ അതിന്റെ പൂര്‍ണ്ണതയില്‍ യാഥാര്‍ത്ഥ്യവത്‌കരിയ്‌ക്കപ്പെടുന്നത്‌, ഈശോ മനുഷ്യകുലത്തിന്‌ നിത്യജീവന്‍ നല്‍കുന്ന വിശുദ്ധകുര്‍ബാനയായി മാറിയപ്പോഴാണ്‌. പഴയനിയമത്തിലും പുതിയനിയമത്തിലും ഇതള്‍ വിരിഞ്ഞിരിയ്‌ക്കുന്ന ദൈവവചനത്തിന്റെ വെളിച്ചത്തില്‍ മാത്രമേ വിശുദ്ധകുര്‍ബാനയാകുന്ന നിത്യജീവന്റെ അപ്പത്തിന്റെ അര്‍ത്ഥവും ആഴവും നമുക്കു മനസ്സിലാവുകയുള്ളു.

വിശുദ്ധകുര്‍ബാനയില്‍ വചനശുശ്രൂഷ സംവിധാനം ചെയ്‌തിരിയ്‌ക്കുന്നത്‌ നിത്യജീവന്റെ അപ്പമായ ഈശോയെ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായകമാകുന്ന വിധത്തിലാണ്‌. ഈശോ തന്റെ പരസ്യജീവിതത്തില്‍ ജനങ്ങളെ പഠിപ്പിച്ചതും ഒരുക്കിയതും നിത്യജീവന്റെ അപ്പമായ തന്നെ ശരിയായ വിധത്തില്‍ മനസ്സിലാക്കാനും സ്വീകരിയ്‌ക്കാനും വേണ്ടിയായിരുന്നു. അതുപോലെ തന്നെ വചനത്തിന്റെ ശുശ്രൂഷകളും പ്രഘോഷണങ്ങളും വിശുദ്ധകുര്‍ബാനയിലെ അപ്പത്തിന്റെ മഹാരഹസ്യത്തിലേയ്‌ക്ക്‌ വിശ്വാസികളെ നയിയ്‌ക്കുന്നതാകണം. ഈശോ വഴിയില്‍ വച്ച്‌ വചനം വിശദീകരിച്ചുകൊടുത്ത്‌, എമ്മാവൂസിലേയ്‌ക്കു പോയ ശിഷ്യന്മാരുടെ ഹൃദയത്തില്‍ ജ്വലനം സൃഷ്ടിച്ച്‌, അവരെ അപ്പത്തിന്റെ മേശയ്‌ക്കു ചുറ്റും ഒരുമിച്ചുകൂട്ടി അവനെ തിരിച്ചറിയാന്‍ തക്കവിധം അവരുടെ കണ്ണുകള്‍ക്കു തുറവി നല്‍കി.

ജീവന്റെ അപ്പത്തെ തിരിച്ചറിയുവാനും വിശുദ്ധകുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനും വചനശുശ്രൂഷകളും ധ്യാനങ്ങളും സഹായിയ്‌ക്കണം. വചനപ്രഘോഷണങ്ങളും വിശുദ്ധരോടുള്ള വണക്കവും സഭയിലെ ഏറ്റവും വലിയ ആരാധനയായ വിശുദ്ധകുര്‍ബാനയിലേയ്‌ക്ക്‌ വിശ്വാസികളെ നയിയ്‌ക്കാന്‍ സഹായകമാകണം. വിശുദ്ധരും വചനപ്രഘോഷകരുമെല്ലാം വിശുദ്ധകുര്‍ബാനയുടെ മുമ്പിലിരുന്ന്‌ ദൈവവചനത്തെ മനനം ചെയ്‌ത്‌ കുര്‍ബാനയുടെ അനുഭവത്തിലേയ്‌ക്കു വളര്‍ന്നപ്പോഴാണ്‌ യഥാര്‍ത്ഥക്രിസ്‌തുസാക്ഷികളായി മാറിയത്‌. ചുരുക്കത്തില്‍, സഭയിലെ എല്ലാ ഭക്തകൃത്യങ്ങളുടേയും ആത്യന്തികമായ ലക്ഷ്യം കത്തോലിക്കാവിശ്വാസത്തിന്റെ അടിസ്ഥാനവും, എല്ലാ അനുഗ്രഹങ്ങളുടേയും ഉറവിടവുമായ വിശുദ്ധകുര്‍ബാനയിലേയ്‌ക്ക്‌ വിശ്വാസികളെ നയിയ്‌ക്കുക എന്നതായിരിയ്‌ക്കണം.

നിത്യജീവന്റെ അപ്പത്തെക്കുറിച്ചുള്ള ഈശോയുടെ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാത്ത അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി എന്ന്‌ വിശുദ്ധയോഹന്നാന്‍ സുവിശേഷകന്‍ നമുക്ക്‌ മുന്നറിയിപ്പു നല്‍കുന്നു (യോഹ 6:66). ഈശോയുടെ കാലത്ത്‌ എന്നതു പോലെ ഇന്നും ഈ വിട്ടുപോകല്‍ ആവര്‍ത്തിയ്‌ക്കപ്പെടുന്നു. വിശുദ്ധകുര്‍ബാനയ്‌ക്ക്‌ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത സെക്ടുകളും ജീവന്റെ അപ്പത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട വ്യക്തികളും നമുക്കു ചുറ്റും ഉണ്ടാവാം. ഇവരുടെ മദ്ധ്യേ ജീവിയ്‌ക്കുമ്പോള്‍ നാം കരുതലുള്ളവരും ആയിരിയ്‌ക്കണം. അല്ലെങ്കില്‍ വിശുദ്ധകുര്‍ബാനയില്‍ നിന്നുള്ള ഇടര്‍ച്ചയും സത്യസഭയില്‍ നിന്നുള്ള അകല്‍ച്ചയും നമ്മുടെ ജീവിതത്തില്‍ സംഭവിയ്‌ക്കാം.

സത്യസഭയോടൊത്ത്‌ ചിന്തിയ്‌ക്കുകയും പ്രവര്‍ത്തിയ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ വചനത്തിന്റേയും അപ്പത്തിന്റേയും സാദൃശ്യങ്ങളില്‍ സഭയില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവീകസാന്നിദ്ധ്യത്തെ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കു സാധിയ്‌ക്കണം. വിശുദ്ധകുര്‍ബാനയെക്കുറിച്ചുള്ള അനുഭവപ്രദമായ അറിവ്‌ ഇതിന്‌ അത്യന്താപേക്ഷിതമാണ്‌. കുര്‍ബാനയെക്കുറിച്ചുള്ള അജ്ഞത ക്രിസ്‌തുവിനെക്കുറിച്ചും അവിടുത്തെ സഭയെക്കുറിച്ചുമുള്ള അജ്ഞതയാണ്‌. കാരണം വിശുദ്ധകുര്‍ബാനയെന്ന മഹാരഹസ്യത്തിന്മേലാണ്‌ സഭ പണിതുയര്‍ത്തപ്പെട്ടിരിയ്‌ക്കുന്നത്‌ (Eucharist makes the Church).

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code