Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മരുഭൂമിയിലെ കവി   - ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌

Picture

എഴുത്തച്ഛന്‍, നമ്പ്യാര്‍, ചെറുശേരി തുടങ്ങിയവര്‍ക്കുശേഷം ഇരയിമ്മന്‍ തമ്പി മുതല്‍ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളവരെയുള്ളവരുടെ കാലം ഉള്‍പ്പടെ കവിത്രയകാലം വരുന്നതിനിടെ കേരളവര്‍മ്മ പ്രസ്ഥാനവും വെണ്‍മണിപ്രസ്ഥാനവുമായി വേര്‍തിരിക്കാവുന്ന രണ്ട്‌ കാവ്യധാര ഉരുത്തിരിഞ്ഞതായി നമുക്കറിയാം. ഒരുകാലത്ത്‌ കവികള്‍ പലരും സംസ്‌കൃതത്തിന്‌ മുന്‍തൂക്കമുള്ള ഭാഷാശൈലിയില്‍ കുശലാന്വേഷണം നടത്തിയിരുന്നു. വലിയകോയിത്തമ്പുരാന്‍
ഹേ വിപ്രവര്യ! ഭവദാഗമനം വിശേഷാ-
ലാവിപ്രയോഗശകടം വിഴിയായിരിക്കാം
എന്ന്‌ ചോദിക്കുകയും നടുവത്തച്ഛന്‍
തീവണ്ടിയേറിയെറണാകുളത്തെത്തി പിന്നെ-
ക്കേവഞ്ചിയാണവിടെ നിന്നിടം വരേയ്‌ക്കും
എന്ന്‌ മറുപടി പറയുകയും ചെയ്‌തത്‌ പ്രസിദ്ധമാണല്ലോ.

കവിത്രയത്തിലേക്കുള്ള വഴിത്തിരിവ്‌ അടയാളപ്പെടുത്തിയത്‌ വി.സി ബാലകൃഷ്‌ണപ്പണിക്കര്‍ ആയിരുന്നു എന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ആയത്‌ അഭിപ്രായൈക്യം ഉള്ള പ്രസ്‌താവനയല്ലെങ്കിലും, ഇന്ന്‌ മലയാളകവിത എത്തിനില്‍ക്കുന്നത്‌ നൂറ്‌ വര്‍ഷം മുമ്പ്‌ കിനാവ്‌ കാണാന്‍ കഴിയാത്ത ഇടങ്ങളിലാണ്‌ എന്നു പറഞ്ഞാല്‍ മതിയല്ലോ. അയ്യപ്പപ്പണിക്കരിലും ആറ്റൂര്‍ രവിവര്‍മ്മയിലും സച്ചിദാനന്ദനിലും ഒന്നും ഒന്നും നിലയ്‌ക്കാതെ ഹൈക്കുവിലും ഹൈക്കുവിനപ്പുറവും ഒഴുകിക്കൊണ്ടിരിക്കുകയാണ്‌ പുഴ.

ഈ പശ്ചാത്തലത്തിലാണ്‌ മണലാരണ്യത്തിലെ വ്യവസായിയായ ജോണ്‍സണ്‍ (ഖത്തര്‍) എന്ന യുവകവിയുടെ രചനകള്‍ നാം കാണേണ്ടത്‌. അതിസാധാരണമെന്ന്‌ കരുതി താള്‍ മറിക്കുമ്പോഴുണ്ട്‌ അത്യപൂര്‍വമായ ഒരു ദര്‍ശനം ശ്രദ്ധയില്‍പ്പെടുന്നു. സ്‌ത്രീയാണ്‌ സകല സൗഭാഗ്യങ്ങളും തച്ചുടച്ചത്‌ എന്ന പുരുഷമേധാവിത്തപരമായ ചിന്തയാണ്‌.

ഇന്നും നിത്യമായവളാപ്പാപത്തിന്‍ കനിയാലെ
വേട്ടയാടുന്നിതാദാമിന്‍ വംശത്തെയാകവേ
തന്‍ മനസ്സാം പറുദീസ തന്‍ സൗഖ്യങ്ങള്‍
നഷ്‌ടമാവുന്നിന്നുമാദാമിന്നവള്‍ തന്‍ പാപക്കനികളാല്‍
എന്ന വരികളില്‍ തെളിയുന്നത്‌. അത്‌ ശരിയായ വേദശാസ്‌ത്ര നിലപാടല്ല. ഹവ്വാ പ്രലോഭനത്തിന്‌ വശംവദയായെങ്കില്‍ തന്നെ ആദാം അവളെ തടയണമായിരുന്നു. അതുണ്ടായില്ല. അതായത്‌ ആധുനിക ചിന്തകര്‍ അംഗീകരിക്കാത്ത ഷോവിനിസമാണ്‌ കവി ഈ വരികളില്‍ ചേര്‍ത്തിട്ടുള്ളത്‌. അതേസമയം അന്ത്യഭാഗത്ത്‌ നന്മതിന്മകളുടെ നന്മതിന്മകളുടെ അപൂര്‍വ്വ സംഗമഭൂമിയായി സ്‌ത്രീയെ കാണുന്ന കവി-
സ്‌ത്രീ...അവളിലായ്‌ സാത്താന്റെ കുടിലത...
മാലാഖ തന്‍ പരിശുദ്ധിയുമൊന്നായ്‌ വാണിടുന്നു.
എന്നാണ്‌ പറഞ്ഞുനിര്‍ത്തുന്നത്‌.

പരിസ്ഥിതിയുടെ ആത്മീയത -ഇക്കോ സ്‌പിരിച്വാലിറ്റി- നിറഞ്ഞുനില്‍ക്കുന്ന ഒരു കവിതയാണ്‌ `മാതൃഹത്യ'. ഭൂമിയെ സ്‌നേഹിക്കാത്ത മനുഷ്യനെയോര്‍ത്ത്‌ കേഴുകയാണ്‌ കവി. ജാതിമതഭേദമില്ലാതെ സ്വാര്‍ത്ഥതയുടെ ബഹുലഭാവങ്ങളില്‍ ഭൂമിയേയും പ്രകൃതിയേയും നോവിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ കവി ഭൂതകാലത്തിന്റെ അവിസ്‌മരണീയ ചിത്രങ്ങളില്‍ അഭിരമിക്കുകയാണ്‌. ഒരു തുമ്പപ്പൂവിനും ഒരു തുമ്പിക്കും വേണ്ടി കേഴുന്ന തലമുറയെ കാണുമ്പോള്‍

ആറ്റിന്‍കരയിലെയാര്‍പ്പുവിളികളും
പണ്ടത്തെ വേനലിലാറ്റില്‍ക്കുളിച്ചതും
വാഴത്തടകൊണ്ട്‌ ചങ്ങാടം തീര്‍ത്തതു
മതിലേറിയക്കരെയിക്കരെ പാഞ്ഞതു-
മാമാണല്‍ത്തിട്ടയില്‍ കുഴിപ്പന്തുകളിച്ചതും....

ഉള്‍പ്പടെയുള്ള സ്‌മരണകള്‍ കവിഹൃദയത്തില്‍ ഗൃഹാതുരത്വം സൃഷ്‌ടിക്കുന്നു.

ചുറ്റുവട്ടത്ത്‌ കാണുന്നതെല്ലാം അത്ഭുതമാണെന്നു സ്ഥാപിക്കുന്ന കവി അത്ഭുതങ്ങള്‍ തേടുന്ന അല്‌പമനസുകളെ നന്നായി പരിഹസിക്കുന്നുണ്ട്‌. കോഴിയും മുട്ടയും കുഞ്ഞും അത്ഭുതമാണ്‌. അങ്ങനെ നാം നിത്യജീവതത്തില്‍ കാണുന്ന ഒട്ടേറെ അത്ഭുതങ്ങളുണ്ട്‌. എത്ര അത്ഭുതങ്ങള്‍ പറഞ്ഞു എന്നതിനേക്കാള്‍ വലിയ അത്ഭുതമാണ്‌ എത്രയാണ്‌ പറയാതെ വിട്ടത്‌ എന്ന തിരിച്ചറിവ്‌.

ജോണ്‍സണ്‍ ചില കവിതകളില്‍ ഈശ്വരോന്മുഖതയ്‌ക്കാണ്‌ പരമപ്രധാന്യം നല്‍കുന്നത്‌. മനുഷ്യന്‌ ഒരുപാട്‌ കടപ്പാടുകളുണ്ട്‌. അമ്മയുടെ ഗര്‍ഭപാത്രം മുതല്‍ ഭാര്യയുടെ ഗര്‍ഭപാത്രം വരെ പല മാനങ്ങളുണ്ട്‌ അതിന്‌ എന്നാല്‍
ഏതിലും മേലെയായ്‌ക്കടങ്ങള്‍ തീര്‍ക്കേണ്ടതാ
ഭൂലോകനാഥനല്ലെയതുതാന്‍ മറന്നുവോ
എന്ന്‌ തിരിച്ചറിയുന്ന കവി തന്റെ ജീവന്‍ തന്നെ ഈശ്വരന്‌ സമര്‍പ്പിക്കുകയാണ്‌.

ഇടയനെ കാത്ത്‌, വീണ്ടും ജനിക്കണം, ആന്തരിക സൗഖ്യം, നരകസന്ദേശം, ക്രിസ്‌ത്യാനിയെന്നാല്‍, ക്രിസ്‌തുവും അലക്‌സാണ്ടറും, മനസൊരു കുരുക്ഷേത്രം എന്നിവയെല്ലാം ആദ്ധ്യാത്മികമാനങ്ങളുള്ള രചനകളാണ്‌. ക്രിസ്‌തുവും അലക്‌സാണ്ടറും എന്ന കവിതയില്‍ അസാധാരണമായ ഒരു ചിന്താപദം കാണാം. ലോകം കീഴടക്കിയ അലക്‌സാണ്ടര്‍

ഇല്ല, ഞാന്‍ നേടിയില്ലൊന്നുമേയീഭൂവില്‍
കാണുക നിങ്ങളെന്‍ ശൂന്യമാം കൈകളെ

എന്നു പറയുമ്പോള്‍

ഈജിപ്‌തിലഭയാര്‍ത്ഥിയായിക്കഴിഞ്ഞവന്‍
തച്ചന്റെ വേലയിലഷ്‌ടികണ്ടെത്തിയോന്‍
പാവങ്ങളായുള്ള മുക്കുവമക്കളെ
കൂട്ടരായ്‌ക്കൂട്ടിത്തെരുവിലലഞ്ഞവന്‍
കൂരയില്ലാത്തവന്‍ വേലയില്ലാത്തവന്‍
നാടും ജനങ്ങളും തള്ളിപ്പറഞ്ഞവന്‍
ഒടുവിലായ്‌ക്കുരിശിലായ്‌ ജീവിതം ഹോമിച്ചോന്‍
കുഴിമാടം പോലും കടമായി വാങ്ങിയോന്‍

പറയുന്നത്‌ എല്ലാം നേടി, എല്ലാം നിറവേറ്റി എന്നാണെന്ന്‌ ഓര്‍ത്തെടുക്കുന്ന കവി സ്‌നേഹത്താല്‍ നേടുന്നത്‌ മാത്രമാണ്‌ നിലനില്‍ക്കുക എന്ന്‌ പറഞ്ഞുതരുന്നു.

ഇങ്ങനെ നോക്കിയാല്‍ ഈ കവിതാ സമാഹാരത്തിലെ 33 കവിതകളില്‍ ഓരോന്നിനേയുംകുറിച്ച്‌ ഓരോ ഉപന്യാസനം എഴുതാന്‍ കഴിയും. ജോണ്‍സണ്‍ കൃതഹസ്‌തനായ കവി എന്ന പ്രശസ്‌ത നേടിക്കഴിഞ്ഞ വ്യക്തിയല്ല. എന്നാല്‍ അനതിസാധാരണമായ സൂക്ഷ്‌മദൃഷ്‌ടമൂലം അതിസാധാരണ സാഹചര്യങ്ങളില്‍ അസാധാരാണ ദര്‍ശനങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന്‌ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌ ഈ നവാഗത കവിക്ക്‌. താങ്ങിയതിലേറെയുണ്ട്‌ താങ്ങാന്‍ ബാക്കി എന്ന്‌ വിശ്വപ്രസിദ്ധനായ കവിതന്നെ പറഞ്ഞുവെച്ചു എന്നോര്‍ക്കുമ്പോള്‍ ജോണ്‍സണ്‍ കൂടുതല്‍ കവിതകള്‍ എഴുതട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നതിലെ ന്യായം പിടികിട്ടും. ആധുനിക കവിതയില്‍ വൃത്തവും ഛന്ദസ്സും ഒന്നും പണ്ടത്തേതുമാതിരി പ്രധാമല്ലെങ്കിലും സ്വന്തമായ വഴിത്താര വെട്ടിത്തെളിക്കുന്നതോടൊപ്പം സാമ്പ്രദായിക നിയമങ്ങളും തനിക്കന്യമല്ല എന്ന്‌ തെളിയിക്കുന്നത്‌ രചനകളുടെ സ്വീകാര്യത വര്‍ധിപ്പിക്കും എന്ന്‌ കൂട്ടിച്ചേര്‍ത്തുകൊണ്ട്‌ ഈ ലഘുകൃതി സഹൃദയസമക്ഷം അവതരിപ്പിക്കുന്നു. ശുഭമസ്‌തു അവിഘ്‌നമസ്‌തു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code