Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചരിത്രം മറന്ന സ്വാതന്ത്ര്യ ഭടന്‍ ചെമ്പകരാമനും പോരാട്ടങ്ങളും   - (ജോസഫ് പടന്നമാക്കല്‍)

Picture

ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ചെമ്പക രാമന്‍പിള്ള ചരിത്രത്തിന്റെ ഇരുണ്ടതാളുകളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ധീര ദേശാഭിമാനിയും ഭാരതത്തിന്റെ ശബ്ദം പുറംനാടുകളില്‍ വ്യാപിപ്പിച്ച മഹാനായ വിപ്ലവകാരിയുമായിരുന്നു. ഇംഗ്ലീഷ്‌കാരുടെ ശതൃരാജ്യമായ ജര്‍മ്മനിയുമായി കൂട്ടുകൂടിക്കൊണ്ട് അവര്‍ക്കെതിരെ പട്ടാളമുണ്ടാക്കി പടപൊരുതി വീരചരമം പ്രാപിച്ച ഈ സാഹസികനെ ചരിത്രം വേണ്ടവിധം ഗൗനിച്ചിട്ടില്ല. സത്യവും നീതിയും ചരിത്രത്തില്‍ ഉണ്ടായിരിക്കണമെന്നില്ല. ചരിത്രം എന്നും ജയിക്കുന്നവരുടെ കൂടെയായിരിക്കും. പരാജിതരാകുന്ന മഹാന്മാരെ ചരിത്രതാളുകളില്‍നിന്നും ഉന്മൂലനം ചെയ്യാറുമുണ്ട്. ചെമ്പക രാമന്‍പിള്ളയും പരാജിതയായ ജര്‍മ്മനിയില്‍നിന്നും ഉയര്‍ന്നുവന്ന ഒരു ദേശീയ നേതാവായിരുന്നു. നാസികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായ അദ്ദേഹത്തെ പുകഴ്ത്താന്‍ ചരിത്രകാരോ കവികളോ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചശേഷം രാഷ്ട്രം എന്തുകൊണ്ടോ ചെമ്പകരാമനെ മറന്നു.

ഭാരതത്തിന്റെ ' ജയ് ഹിന്ദ്' മുദ്രാവാക്യത്തിന്റെ പിതാവ് ചെമ്പകരാമന്‍ പിള്ളയെന്നത് വളരെ ചുരുക്കം ജനതയ്‌ക്കേ അറിയുള്ളൂ. ദേശീയഭക്തി പ്രകടിപ്പിക്കുന്നതിനും പ്രസംഗത്തില്‍ അഭിവാദനം ചെയ്യുന്നതിനും ഭാരതീയര്‍ ആദരവോടെ ജയ് ഹിന്ദെന്നു വിളിച്ചു പറയാറുണ്ട്. ഇന്ത്യാ ജയിക്കട്ടെ, ഇന്ത്യാ നീണാള്‍ വാഴട്ടെ എന്നാണ് വാക്കുകളുടെ അര്‍ത്ഥം. ഈ ദേശീയ അഭിവാദനത്തിന്റെ ഉപജ്ഞാതാവ് ചെമ്പക രാമനാണെന്നത് ഭൂരിഭാഗം തിരുവനന്തപുരം നിവാസികള്‍ക്കുപോലും അറിയാമെന്നു തോന്നുന്നില്ല. ഇത് പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ കാഹള മുദ്രാവാക്യമായി മാറി. ഗാന്ധിജി വെടിയേറ്റ ദിവസം 'ആ ദീപം അണഞ്ഞു' വെന്ന നെഹ്രുവിന്റെ രാഷ്ട്രത്തോടായ പ്രസംഗത്തിലും മുഴങ്ങി കേട്ടത് ഇന്ത്യാ ജയിക്കട്ടെ, 'ജയ് ഹിന്ദെ'ന്ന ഈ മുദ്രാവാക്യമായിരുന്നു.

'എംഡെന്‍ പിള്ള' യെന്ന മറുപേരിലും ചെമ്പക രാമന്‍പിള്ള അറിയപ്പെട്ടിരുന്നു. കര്‍മ്മനിരതനായിരുന്ന ഈ വീരയോദ്ധാവിന്റെ കഥ വിസ്മൃതിയിലായതു കാരണം അദ്ദേഹത്തെപ്പറ്റിയറിയാന്‍ ചരിത്രത്തിന്റെ താളുകളില്‍ തേടിയാലും അധികമൊന്നും ലഭിക്കില്ല. പില്‍ക്കാല തലമുറകള്‍ അര്‍ഹമായ സ്ഥാനമാനങ്ങളോ കീര്‍ത്തിയോ അദ്ദേഹത്തിന് നല്കാതെ പോയത് ഒരു മലയാളിയായി ജനിച്ചതുകൊണ്ടായിരിക്കാം. മലയാളനാടിനെ തമിഴകമാക്കി ചിലര്‍ അദ്ദേഹത്തെ തമിഴനായി ചരിത്രമെഴുതിയിട്ടുണ്ട്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും സ്വാതന്ത്ര്യസമരത്തില്‍ ചരിത്രം കുറിക്കുന്നതിനുമുമ്പ് മുന്‍നിരയിലെ ഒരു പോരാളിയായി ചെമ്പകരാമനുണ്ടായിരുന്നു.

1891 സെപ്റ്റംബര്‍ പതിനഞ്ചാംതിയതി ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകനായി പിള്ള തിരുവനന്തപുരത്ത് ജനിച്ചു. പൂര്‍വികകുടുംബം തമിഴ്‌നാട്ടില്‍നിന്ന് വന്ന വെള്ളാള സമുദായത്തില്‍പ്പെട്ടവരായിരുന്നു. തിരുവനന്തപുരത്തുള്ള തൈക്കാട്ടില്‍ പേരും പെരുമയുമില്ലാത്ത ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് തിരുവിതാകൂര്‍ രാജകീയഭരണത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതാന്‍ പിള്ളയില്‍ ആവേശമുണ്ടാക്കിയത് ബാലഗംഗാധര തിലകന്റെ പ്രഭാഷണങ്ങളും തിലകന്‍ പ്രസിദ്ധീകരിച്ചിരുന്ന കേസരിപത്രവുമായിരുന്നു. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പ്രാരംഭിക വിദ്യാഭ്യാസം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സസ്യശാസ്ത്രജ്ഞനായ ബ്രിട്ടീഷ്‌കാരന്‍ 'സര്‍ വാല്ടര്‍ സ്റ്റ്രിക്ക് ലാന്‍ഡ്‌നെ'
(Sir Walter Strickland, a British biologist) പരിചയപ്പെടാന്‍ ഇടയായി. സസ്യങ്ങളുടെ ഗവേഷണപഠനത്തിനായി അദ്ദേഹമന്ന് തിരുവനന്തപുരത്ത് സന്ദര്‍ശകനായിരുന്നു. പഠിക്കാന്‍ സമര്‍ത്ഥനും പതിനഞ്ച് വയസുകാരനുമായ ചെമ്പകരാമന്‍ അദ്ദേഹത്തോടൊപ്പം യൂറോപ്പില്‍ പോയി. തന്റെ കസ്യന്‍ പത്മനാഭനും കൂടെയുണ്ടായിരുന്നു. എന്നാല്‍ പകുതിവഴി കൊളംബോയിലെത്തിയപ്പോള്‍ പത്മനാഭന്‍ യൂറോപ്പുയാത്ര വേണ്ടെന്നുവെച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിവന്നു. അതിനുശേഷം രണ്ടുവര്‍ഷം ചെമ്പകരാമന്‍ കൊളംബോയില്‍ താമസിച്ചെന്നും പറയുന്നു. ഓസ്ട്രിയായിലെ ഒരു സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കി.

1914ല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയം ചെമ്പക രാമന്‍പിള്ള 'സൂറിച്ച്' കേന്ദ്രമാക്കി ഇന്ത്യാ സ്വാതന്ത്ര്യത്തിനായി ഒരു സംഘടന (ജൃീ കിറശമ ഇീാാശേേലല)രൂപികരിച്ചു. അദ്ദേഹം ആ സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. അക്കാലത്ത് ബര്‍ലിനിലും മറ്റു വിദേശരാജ്യങ്ങളിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനായുള്ള മറ്റനേക സംഘടനകളുമുണ്ടായിരുന്നു.അന്ന് വിദേശരാജ്യങ്ങളില്‍ താമസമാക്കിയിരുന്ന വീരേന്ദ്രനാഥ് ചാതോപത്യയാ, മഹാത്മാഗാന്ധി, മൗലവി ബാര്‍കാത്തുള്ള, ബീരേന്ദ്ര സര്‍ക്കാര്‍, ഭൂപേന്ദ്ര ഗുപ്ത, ചന്ദ്രകാന്ത് ചക്രവര്‍ത്തി, എം.പ്രഭാകര്‍, ഹെരംബലാല്‍ ഗുപ്താ എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു. 1914ല്‍ പിള്ള ബര്‍ലിനില്‍ താമസമാക്കികൊണ്ട് ബര്‍ലിന്‍ ഇന്ത്യാസംഘടനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അവിടെനിന്നും അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബര്‍ലിന്‍ സമരസംഘടനയെ യൂറോപ്പ് മുഴുവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു വിപ്ലവമുന്നണിയുമായി യോജിപ്പിച്ചു. ആ മുന്നണിയില്‍ അന്ന് ലാലാ ഹര്‍ ദയാലുമുണ്ടായിരുന്നു. ഈ സംഘടന പിന്നീട് അംസ്റ്റാര്‍ഡാം, സ്‌റ്റൊക്ക്‌ഹോം മുതല്‍ യൂറോപ്പിന്റെ പ്രമുഖപട്ടണങ്ങളും അമേരിക്കയിലെ വാഷിംഗ്ടന്‍ വരെയും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.

യൂറോപ്പില്‍ ഇന്ത്യാ സ്വാതന്ത്ര്യത്തിനായി ചെമ്പകരാമന്‍ സമരമുന്നണിയിലായിരുന്ന കാലത്ത് അഫ്ഗാനിസ്ഥാനില്‍ ഭരണ സംവിധാനത്തിനായി പ്രാദേശികളടങ്ങിയ ഒരു സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ചെമ്പകരാമന്‍ ആ സര്‍ക്കാരില്‍ വിദേശമന്ത്രിയായിരുന്നു. കാബൂളില്‍നിന്ന് രാജാ മഹേന്ദ്രസിംഗ് പ്രസിഡന്റും മൗലാനാ ബാര്‍ഖത്തുള്ള പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യാബ്രിട്ടീഷ് സര്‍ക്കാരിലെ ആദ്യത്തെ വിദേശമന്ത്രിയെന്ന ബഹുമതിയും അദ്ദേഹം നേടി.

ചെമ്പക രാമന്‍പിള്ള യൂറോപ്പില്‍ സ്‌കൂള്‍ വിദ്യാഭ്യാസാനന്തരം ടെക്കനിക്കല്‍ സ്‌കൂളില്‍ പഠിച്ച് ഡിഗ്രികള്‍ നേടിയിരുന്നു. പഠിക്കുന്ന കാലഘട്ടങ്ങളിലും സ്വന്തം മാതൃരാജ്യത്തുനിന്നകന്ന് വിദൂരരാജ്യത്തു നിന്നുകൊണ്ട് അദ്ദേഹം ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പോരാടി. സുഭാഷ് ചന്ദ്ര ബോസിന് ഉത്തേജനം ലഭിച്ചത് മഹാനായ പിള്ളയില്‍ നിന്നായിരുന്നു. ജര്‍മ്മനിയില്‍ സ്ഥിര താമസമാക്കുന്നതിനുമുമ്പ് ഇറ്റലിയിലും സ്വിറ്റ്‌സര്‍ലണ്ടിലുമായി പഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ നല്ലവണ്ണം കൈകാര്യം ചെയ്യുമായിരുന്നു. ബര്‍ലിനില്‍നിന്ന് എഞ്ചിനീയറിംഗ് ഡിഗ്രി നേടിയശേഷം എഞ്ചിനീയറിങ്ങിലും ധനതത്ത്വ ശാസത്രത്തിലും ഡോക്ട്രേറ്റ് ബിരുദങ്ങളും നേടിയിരുന്നു. ആ കാലഘട്ടത്തിലാണ് ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനും ബ്രിട്ടീഷുകാരോട് പൊരുതാനും ഒന്നാം ലോകമഹായുദ്ധം അനുയോജ്യസമയമായി അദ്ദേഹം കരുതി. ബര്‍ലിനില്‍ സ്വാതന്ത്ര്യദാഹികളായ ഇന്ത്യാക്കാരുടെ പാര്‍ട്ടിയുണ്ടാക്കിയശേഷം അദ്ദേഹം ലാലാ ഹര ദയാലിന്റെ നേതൃത്വത്തിലുള്ള 'ഗാദര്‍ 'പാര്‍ട്ടി'യില്‍ സജീവാംഗമായി. ഈ പാര്‍ട്ടിയുടെയും ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. അക്കാലയളവില്‍ അമേരിക്കയിലെ 'ഗാദര്‍ പാര്‍ട്ടി'യും ഹിന്ദുമുന്നണിയും ജര്‍മ്മന്‍ സര്‍ക്കാരും ഒരുമിച്ചുകൊണ്ട് ബ്രിട്ടനെതിരായി നീക്കങ്ങളും തുടങ്ങിയിരുന്നു. ചെമ്പകരാമന്റെ ബുദ്ധിശക്തിയും നേതൃവൈഭവവും സംഘടനാപ്രവര്‍ത്തനവും ജര്‍മ്മന്‍ ഭരണാധികാരി കൈസറിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ആ വിശ്വാസമായിരുന്നു അദ്ദേഹത്തെ ജര്‍മ്മന്‍നേവിയെ നയിക്കാന്‍ നിയോഗിച്ചത്.

അക്കാലത്ത് ജര്‍മ്മന്‍കപ്പലായ 'എംഡന്റെ' ഉപക്യാപ്റ്റനായി അദ്ദേഹത്തിന് നിയമനം കിട്ടി. ഒന്നാം ലോക മഹായുദ്ധത്തില്‍ അനേക ബ്രിട്ടീഷ്‌കപ്പലുകളെ 'എംഡന്‍' തകര്‍ത്തു. എങ്കിലും ബ്രിട്ടീഷ്‌കാര്‍ക്ക് അദ്ദേഹത്തെ പിടികൂടാന്‍ സാധിച്ചില്ല. മറ്റു മാര്‍ഗങ്ങള്‍ കാണാതെ ചെമ്പകരാമനെ പിടികൂടുന്നവര്‍ക്ക് ഒരുലക്ഷം പൌണ്ട് ബ്രിട്ടീഷ്‌സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. 1914 സെപ്റ്റംബര്‍ 22 ന് മദ്രാസ് നഗരം ഇരുട്ടിലായിരിക്കവേ 'എംഡന്‍ കപ്പല്‍' നഗരത്തിനെ ലക്ഷ്യമാക്കി വെടിവെച്ചു. അന്ന് സ്ഥലത്തുണ്ടായിരുന്ന ബ്രിട്ടീഷ്‌കാരടക്കം ജനം ജീവനുംകൊണ്ട് ഓടി. ബര്‍മ്മാ ഓയില്‍ കമ്പനി പാടെ തകര്‍ത്തു. അന്നുതന്നെ 4,25,000 ഗ്യാലന്‍ ഗ്യാസ് കത്തിപ്പോയി. മദ്രാസ് പട്ടണത്തിലും ഷെല്ലുകള്‍ വീണിരുന്നു. പിള്ളയടക്കമുള്ള അപ്രതീക്ഷിതമായ ഈ ജര്‍മ്മന്‍ ആക്രമം ബ്രിട്ടീഷ്‌കാരെ തളര്‍ത്തിയിരുന്നു. അന്നുതന്നെ കപ്പല്‍ കൊച്ചിയില്‍ എത്തി. കൊച്ചിയില്‍നിന്നും മലേറിയാ രോഗത്തിനുള്ള മരുന്നുകള്‍ മേടിച്ചു. ചില യഹൂദ കുടുംബങ്ങള്‍ കപ്പലില്‍നിന്ന് വന്നവരേയും പിള്ളയെയും സല്ക്കരിച്ചു. ഒരുപക്ഷെ പിള്ളയുടെ നയതന്ത്ര വിജയംകൊണ്ട് ജര്‍മ്മന്‍ നാവികര്‍ കൊച്ചിയെ ബോംബു ചെയ്യരുതെന്ന് തീരുമാനം എടുത്തിരിക്കാം. യുദ്ധത്തില്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരെ ഫ്രാന്‍സിലെ ഇന്ത്യന്‍ പട്ടാളത്തിന് വീര്യം പകരാന്‍ വിമാനത്തേല്‍ ലഘുലേഖകള്‍ വിതറിയിരുന്നു. പിള്ളയന്നു ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പോരാടാന്‍ വേണ്ട പ്രോത്സാഹനങ്ങളും നല്കിക്കൊണ്ടിരുന്നു.

ബൌദ്ധിക പാടവങ്ങളോടെ ജര്‍മ്മന്‍ കപ്പലിനെ നയിച്ച കപ്പലിന്റെ ഉപക്യാപ്റ്റന്‍ ചെമ്പക രാമനെന്ന ഈ സ്വാതന്ത്ര്യ പ്രേമിയെ വലയിലാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സാധിച്ചില്ല. ഇന്ത്യയുടെ ശതൃക്കളെ നശിപ്പിക്കാന്‍ അദ്ദേഹം രാഷ് ബിഹാരി ബോസും സുഭാഷ് ചന്ദ്രബോസും നയിക്കുന്ന മിലിറ്റന്റ് സംഘടനയിലും അംഗമായിരുന്നു. 1919ല്‍ ഈ സംഘടനയ്ക്ക് മിലിട്ടറി നിയമങ്ങളും യൂണിഫോമും നല്കിയിരുന്നു. വിയന്നായില്‍ സുഭാഷ് ചന്ദ്രബോസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അവിടെവച്ച് ബ്രിട്ടീഷ്‌കാരെ രാജ്യത്തില്‍നിന്നും തുരത്തി സ്വാതന്ത്ര്യം നേടാനുള്ള പോംവഴികളും ആരാഞ്ഞിരുന്നു. അന്ന് ചെമ്പകരാമന്‍ കൊടുത്ത ഉപദേശങ്ങളാണ് പില്ക്കാലത്ത് സുഭാഷ്‌ബോസിനെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്.
യുദ്ധത്തില്‍ ജര്‍മ്മനിയുടെ പരാജയത്തോടെ വിപ്ലവകാരികളുടെ ആവേശത്തിലും കോട്ടം സംഭവിച്ചു. ജര്‍മ്മനി ഇന്ത്യാ വിപ്ലവകാരികളെ യുദ്ധകാലങ്ങളില്‍ സഹായിച്ചിരുന്നത് സ്വാര്‍ഥതമൂലമായിരുന്നു. യുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെട്ടപ്പോള്‍ വിപ്ലവകാരികളെ ഗൌനിക്കാതെയായി. ഇന്ത്യാക്കാര്‍ ബ്രിട്ടീഷ് ചാരന്മാരെന്ന സംശയവുമുണ്ടായി. അങ്ങനെ വിപ്ലവകാരികളും ജര്‍മ്മനിയുമായുള്ള ബന്ധത്തിനുലച്ചില്‍ വന്നു.

1933ല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ ചാന്‍സലറായി അധികാരത്തില്‍ വന്നു. യുദ്ധകാലശേഷം ചെമ്പകരാമന്‍ ജര്‍മ്മനിയില്‍ ഹിറ്റ്‌ലറിന്റെ നാഷണല്‍ പാര്‍ട്ടിയുടെ അംഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ചെമ്പകരാമന്‍ പിള്ള ഹിറ്റ്‌ലറുമായി ഒരു സൗഹാര്‍ദബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇന്ത്യയില്‍ ബ്രിട്ടീഷ്ഭരണം അവസാനിപ്പിക്കാന്‍ ആ ഏകാധിപതി സഹായിക്കുമെന്ന് പിള്ളയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ചെമ്പകരാമന്‍ പിള്ള ബ്രിട്ടീഷ് രഹസ്യാന്വേഷകരുടെ പിടികിട്ടേണ്ടും പുള്ളിയായിരുന്നു. 'അബ്ദുള്ള ബിന്‍ മന്‍സൂര്‍' എന്ന പേരിലായിരുന്നു അദ്ദേഹം ജര്‍മ്മന്‍ സര്‍ക്കാരിനുവേണ്ടി ജോലി ചെയ്തിരുന്നത്.

'ഇന്ത്യാ ഭരിക്കേണ്ടത് ബ്രിട്ടീഷുകാരാണ്; കറുത്ത വര്‍ഗക്കാരായ ഇന്ത്യാക്കാര്‍ ആര്യന്മാരല്ല.' എന്നായിരുന്നു ഹിറ്റ്‌ലറിന്റെ അന്നത്തെ ഇന്ത്യക്കെതിരായ പരാമര്‍ശം. ഇന്ത്യാക്കാര്‍ക്ക് സ്വയം രാജ്യം ഭരിക്കാന്‍ കഴിവില്ലെന്ന് ഹിറ്റ്‌ലര്‍ വിശ്വസിച്ചിരുന്നു. ചെമ്പകരാമന്‍ പിള്ള അന്ന് ഹിറ്റ്‌ലറെ വിമര്‍ശിച്ചുകൊണ്ട് പ്രതിക്ഷേധം രേഖപ്പെടുത്തി. ഭാരതത്തെയും ഭാരതീയരെയും അപമാനിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയാനും പിള്ള ഹിറ്റ്‌ലറിനോട് ആവശ്യപ്പെട്ടു. ഹിറ്റ്‌ലറിനെതിരായ പ്രസ്ഥാവനയില്‍ക്കൂടി പിള്ള വലിയ വിലയും കൊടുക്കേണ്ടി വന്നു. അന്നുമുതല്‍ അദ്ദേഹം നാസികളുടെ നോട്ടപ്പുള്ളിയും വിരോധിയുമായി. ഇന്ത്യയെ അവഹേളിച്ചശേഷം ഹിറ്റ്‌ലറും പിള്ളയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരുന്നു. കുപിതനായ ഹിറ്റ്‌ലറിന്റെ ഭരണകൂടം പിള്ളയുടെ വീടുള്‍പ്പടെയുള്ള സ്വത്തുക്കള്‍ പിടിച്ചെടുത്തു. ഈ സംഭവം പിള്ളയെ വേദനപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്തു.

മണിപൂരുകാരി ലക്ഷ്മി ബായിയെ ചെമ്പകരാമന്‍ 1931ല്‍ വിവാഹം ചെയ്തിരുന്നു. അവര്‍ പരസ്പരം കണ്ടുമുട്ടിയതും ബര്‍ലിനില്‍ വെച്ചായിരുന്നു. ലക്ഷ്മിയും ചെമ്പകരാമന്‍ പിള്ളയുമൊത്തുള്ള ജീവിതം ഹൃസ്വവും മാതൃകാപരവുമായിരുന്നു. സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഭര്‍ത്താവിന്റെ ശ്രമങ്ങള്‍ക്ക് അവര്‍ എല്ലാവിധ ധാര്‍മ്മികപിന്തുണയും നല്കിയിരുന്നു. എന്നാല്‍ വിധി പിള്ളയെ മാരകമായ ഏതോ രോഗത്തിലെത്തിച്ചു. പതിയെ പതിയെ ജീവന്‍ കാര്‍ന്നുതിന്നുന്ന വിഷം അദ്ദേഹത്തിന്റെയുള്ളില്‍ ചെന്നിരുന്നു. ചീകത്സക്കായി ഇറ്റലിയില്‍ പോയെങ്കിലും രോഗം ഭേദമാകാതെ ജര്‍മ്മനിയില്‍ മടങ്ങിവന്നു. 1934 മെയ് ഇരുപത്തിനാലാം തിയതി ചെമ്പകരാമന്‍പിള്ള അകാലചരമം പ്രാപിച്ചു. നാസികളുടെയും ഹിറ്റ്‌ലറിന്റെയും അപ്രീതി സമ്പാദിച്ച ചെമ്പകരാമന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. ഹിറ്റ്‌ലറിന്റെ നിര്‍ദേശമനുസരിച്ച് നാസികള്‍ അദ്ദേഹത്തെ വിഷംകൊടുത്തു കൊന്നുവെന്ന് അനുമാനിക്കുന്നു. അദ്ദേഹത്തിന് അന്ന് 42 വയസ് പ്രായം.

പിള്ളയുടെ മരണശേഷം നാസികള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് നിരന്തരം പീഡനങ്ങളും കൊടുത്തിരുന്നു.
മരിച്ചുകഴിഞ്ഞാല്‍ തന്റെ ഭൌതികാവിശിഷ്ടമടങ്ങിയ ചാരം ജനിച്ചനാട്ടില്‍ പ്രതിഷ്ഠിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. തന്റെ ചിതാഭസ്മം കന്യാകുമാരിയിലും തിരുവനന്തപുരം കരമനപ്പുഴയിലും ലയിപ്പിക്കണമെന്നുള്ള ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ വിധവയായ ഭാര്യ ചാരം ഭദ്രമായി സൂക്ഷിച്ചിരുന്നു. പിള്ളയുടെ ആഗ്രഹം സഫലമാക്കാന്‍ പിന്നീട് 33 വര്‍ഷങ്ങള്‍ വേണ്ടി വന്നു. 1966ല്‍ അദ്ദേഹത്തിന്റെ ഡയറിയും രഹസ്യ ഡോക്കുമെന്റും ചിതാഭസ്മവുമായി അദ്ദേഹത്തിന്റെ വിധവയായ ഭാര്യ ലക്ഷ്മി ബായി ബോംബെയിലെത്തി. അവിടെനിന്നും ഇന്ത്യന്‍നേവി ആഘോഷസഹിതം ചിതാഭസ്മം 1966 സെപ്റ്റംബര്‍ പതിനാറാംതിയതി കൊച്ചിയിലെത്തിച്ചു. ഐ.എന്‍. ഐ ഡല്‍ഹിയെന്നുള്ള കൂറ്റന്‍കപ്പലില്‍ സ്വതന്ത്ര ഇന്‍ഡ്യയുടെ പതാക അന്ന് പാറിപറക്കുന്നുണ്ടായിരുന്നു.

ചിതാഭസ്മവുമായി കൊച്ചിയിലെത്തിയ ലക്ഷ്മിബായിയുടെ വാക്കുകള്‍ ഹൃദയസ്പര്‍ശമായിരുന്നു.
' അവര്‍ പറഞ്ഞു, നാളിതുവരെയായി ജര്‍മ്മനിയിലുള്ള എന്റെ ഭവനത്തില്‍ ഭര്‍ത്താവിന്റെ ചിതാഭസ്മം ഞാന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാജ്യത്തിനുവേണ്ടി ബലിയര്‍പ്പിച്ച ഒരു ധീരയോദ്ധാവിന് അര്‍ഹമായ ബഹുമാനവും ആദരവും വെണമെന്നുള്ള ചിന്തകളും എന്നെ അലട്ടിയിരുന്നു. സ്വതന്ത്രഇന്ത്യയുടെ പതാക പാറിപറക്കുന്ന ശക്തമായ ഒരു കപ്പലിലെ താനിനി സ്വന്തംരാജ്യത്തിലേക്ക് മടങ്ങിപോവുള്ളൂവെന്ന് അദ്ദേഹത്തിന് പ്രതിജ്ഞയുണ്ടായിരുന്നു. വിധി അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നെടുത്തു. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത മുറിവേറ്റ ഒരു പട്ടാളക്കാരനെപ്പോലെയാണ് അദ്ദേഹം മരിച്ചത്. ഇന്ത്യയെ അപമാനിച്ചതിന് എന്റെ ഭര്‍ത്താവ് ഹിറ്റലറിനെ വെല്ലുവിളിച്ചു സംസാരിച്ച ധീരനായ ഏക ഭാരതീയനായിരുന്നു. തന്മൂലം ഞങ്ങളുടെ ജീവിതം ദുരിതവും കഠിനവും യാതനകള്‍ നിറഞ്ഞതുമായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന വീടുള്‍പ്പടെ സര്‍വ്വതും നശിച്ചുപോയിരുന്നു. ഇന്ന് ഭാരതം സ്വതന്ത്ര റിപ്പബ്ലിക്കാണ്. സ്വാതന്ത്ര്യത്തിനായി ഒരായുസ് മുഴുവനും ത്യാഗങ്ങളില്‍ക്കൂടി കര്‍മ്മനിരതനായി ജീവിച്ച ഈ മഹാന്റെ ചിതാഭസ്മം ഇന്ത്യന്‍ നേവിയുടെ പാറിപറക്കുന്ന ദേശീയപതാകയുമായി പടുകൂറ്റന്‍ കപ്പലില്‍ കൊച്ചിയില്‍ കൊണ്ടുവന്നതും മഹത്തായ ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ചിതാഭസ്മം ഞാന്‍ സൂക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ സ്വപ്നഭൂമിക്കു വേണ്ടി പടപൊരുതിയ അദ്ദേഹത്തിന് സ്വന്തമായി ഒന്നും ലഭിച്ചില്ല. അതിനുശേഷം ഏകയായ ജീവിതം ഞാന്‍ നയിച്ചു. എന്നോടു കൂടിയുണ്ടായിരുന്ന ഡോ. പിള്ളയുടെ ചിതാഭസ്മത്തിന് അര്‍ഹമായ ബഹുമതി കിട്ടിയതില്‍ കൃതജ്ഞതയോടെ ഞാന്‍ രാഷ്ട്രത്തെ സ്മരിക്കുന്നു. രാജ്യം സ്വതന്ത്രയാകുമ്പോള്‍ അത് നേടിയെടുത്തവരെ മറക്കുവാന്‍ സാധിക്കുകയില്ല. മഹാനായ ഡോ. പിള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന രാജ്യങ്ങളുടെയെല്ലാം ജ്വലിക്കുന്ന ദീപവുമായിരുന്നു.'

ഡോ.ചെമ്പക രാമന്‍പിള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കണ്ടുകൊണ്ട് ബ്രിട്ടീഷ്‌സാമ്രാജ്യത്തോട് പൊരുതിയ ധീരനായ ഒരു പ്രവാസി മലയാളിയായിരുന്നു. അദ്ദേഹം ജീവനെ പണയപ്പെടുത്തി നാസി ജര്‍മ്മനിയോടും പൊരുതി. ആ യോദ്ധാവിന് അര്‍ഹമായ ഒരു സ്ഥാനം രാജ്യം നല്കിയില്ലെന്നതും ഒരു സത്യമാണ്. എന്നും പ്രവാസികളെ തഴഞ്ഞുകൊണ്ടുള്ള നയമായിരുന്നു ഭാരതസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ടായിരുന്നത്. ബ്രിട്ടീഷ്‌സര്‍ക്കാരിനു സ്വയം കീഴടങ്ങിക്കൊണ്ട് തന്നെ ജയില്‍ വിമുക്തനാക്കാന്‍ കേണപേക്ഷിച്ച 'സവര്‍ക്കറിന്റെ' പടവും ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലുണ്ട്. അവിടെയും ഈ ധീരദേശാഭിമാനിയുടെ ചിത്രം പ്രതിഷ്ഠിച്ചിട്ടില്ല. എങ്കിലും മാതൃഭൂമിയുടെ ബലിപീഠത്തിങ്കല്‍ ആ ദീപം അണയാതെയുണ്ട്.

ഭയരഹിതമായ ഒരു മനസിന്റെ ഉടമയായിരുന്ന ചെമ്പകരാമന്‍ നാസിപ്പടയുടെ ചലിക്കുന്ന ഭീരങ്കിപോലും ഭയപ്പെടാതെ തലയുയര്‍ത്തിനിന്നു. മുമ്പോട്ടു കുതിക്കുന്ന മനസുകള്‍ സ്വര്‍ഗത്തോളം സ്വാതന്ത്ര്യം മോഹിക്കും. സത്യവും ധര്‍മ്മവും നിറഞ്ഞ തെളിമയാര്‍ന്ന ജല നിരപ്പില്ക്കൂടി സഞ്ചരിക്കുന്നവന്‍ അധികാരപടയുടെ വരണ്ട മണലാരണ്യങ്ങളില്‍ക്കൂടി സഞ്ചരിച്ചാലും നീതിക്കായി അവന്‍ പട പൊരുതിക്കൊണ്ടിരിക്കും. വഞ്ചിഭൂമി ജന്മം നല്കിയ ചെമ്പകരാമന്‍ എന്ന ഭാരത യോദ്ധാവിന്റെ ചരിത്രവും അതു തന്നെയായിരുന്നു. പ്രിയ ഭാരതാംബികയെ അവിടുത്തെ മഹാനായ ഈ പുത്രന്‍ മറക്കപ്പെട്ടെങ്കിലും ജനകോടികള്‍ക്ക് 'ജയ ഹിന്ദ്' എന്ന പവിത്ര വാക്കുകളുടെ ഉറവിടമറിയില്ലെങ്കിലും ഭാരത ഭൂമിയിലെവിടെയും 'ജയ ഹിന്ദ്' വാക്കുകള്‍ ഉച്ചത്തിലുച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്. ഇന്ത്യാ നീണാള്‍ വാഴുന്ന കാലത്തോളം ' ജയ ഹിന്ദ്' വാക്കുകളുടെ പിതാവായ ചെമ്പകരാമനും ഈ പവിത്രഭൂമിയില്‍ പൂജിതനായിരിക്കും. അറബിക്കടലിന്റെ തീരത്തുനിന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ ഭീരങ്കി വെടിയുടെ ധീരശബ്ദം മുഴക്കിയ ആ മുറിവേറ്റ പടയാളി ഓരോ ഭാരതിയന്റെയും അഭിമാനവും കൂടിയാണ്.

Picture2

Picture3



Comments


Chembakaraman Pillai
by joseph, New Zealand on 2015-01-27 03:42:44 am
Hi It is really an injustice that this story remains obscure. It should be brought up to the notice of the current regime for information of the posterity. Jai Hind Joseph


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code