Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിണ്ണില്‍നിന്നും മണ്ണിലേക്ക്‌ ഒരു ദിവ്യതാരകം! (ക്രിസ്‌തുമസ്‌ സന്ദേശം)   - സരോജ വര്‍ഗീസ്സ്‌

Picture

രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബേതലഹേമിലെ പുല്‍ത്തൊട്ടിയില്‍ ദൈവപുത്രന്‍ മനുഷ്യ ശിശുവായി ജനിച്ച സംഭവം. ദൈവത്തിനു മനുഷ്യനോടുള്ള സ്‌നേഹം ജഡമായി അവതരിച്ച പുണ്യദിനം.ക്രിസ്‌തുമസ്സ്‌ ആഗോളവ്യാപകമായി അനുസമരിക്കപ്പെടുന്നു. അദൃശ്യനും അപരിമേയനുമായ ദൈവം നിസ്സഹായനായ ഒരുശിശുവായി പിറന്നതാടെ ശൈശവത്തിന്റെ മഹത്വം ഉദാത്തീകരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ഈ വലിയപെരുന്നാള്‍ ശിശുദിനമായി ആഘോഷിക്കപ്പെടാം.മനുഷ്യകുലത്തിനു മുഴുവന്‍ പ്രസക്‌തമായ ഒരു ശിശുദിനം.

യേശുവിന്റെ വാക്കുകളിലും ഉപദേശങ്ങളിലും ശിശുക്കള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കിയിരുന്നതായി കാണാം. ഒരു ശിശുവിനെ ചേര്‍ത്ത്‌പിടിച്ച്‌ `ഇങ്ങനെയുള്ളവരുടേതാകുന്നു സ്വര്‍ഗ്ഗരാജ്യം' എന്നു പ്രഖ്യാപിച്ചതായി വിശുദ്ധവേദ പുസ്‌തകത്തില്‍ വായിക്കുന്നു. ശൈശവത്തിന്റെ ആര്‍ജവത്വവും നിഷ്‌ക്കളങ്കതയും സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിനു ആവശ്യമെന്ന്‌ അവിടുന്ന്‌ വ്യക്‌തമാക്കി.

ഒരു കുടുംബകോടതിയിലെ രംഗം വായിച്ചത്‌ ഓര്‍മ്മയില്‍ നിന്നും മാഞ്ഞു പോകുന്നില്ല. ഒരു പിഞ്ചുകുഞ്ഞിനെ കൈകളിലേന്തി നില്‍ക്കുന്ന യുവതിയായ അമ്മ. മറുഭാഗത്ത്‌ കോപിഷ്‌ഠനും മദ്യപാനിയുമായ അച്‌ഛന്‍. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ചതാണ്‌. തനിക്കും കുഞ്ഞിനും ഉപജീവനത്തിനുള്ള പണം ലഭിക്കണമെന്നുള്ളതാണ്‌ ഭാര്യയുടെ ആവശ്യം.പക്ഷെ അയാള്‍ ഭാര്യയുടെ ആവശ്യം സ്വീകരിക്കുന്നില്ല. ജഡ്‌ജിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കുവാനും അയാള്‍ തയ്യാറാകുന്നില്ല. അവസാനം ജഡ്‌ജി സൗമ്യമായി അയാളോട്‌ ആവശ്യപ്പെട്ടു. `ഏറെനേരമായി ആ സ്‌ത്രീ കുട്ടിയേയും താങ്ങികൊണ്ട്‌ നില്‍ക്കുന്നത്‌ കണ്ടില്ലേ
മനസ്സില്ലാ മനസ്സോടെ അയാള്‍ ജഡ്‌ജിയെ അനുസരിച്ച്‌ കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിനിഷ്‌ക്കളങ്കമായ പാല്‍പുഞ്ചിരിയോടെ അയാളെ നോക്കി. പിഞ്ചുകരങ്ങള്‍കൊണ്ട്‌ അയാളുടെ കഴുത്തില്‍ കെട്ടിപ്പിടിച്ചു. ആ കുഞ്ഞിന്റെ പുഞ്ചിരിയും കരസ്‌പര്‍ശവും അനുഭവിച്ചപ്പോള്‍ എല്ലാ പകയും വിദ്വേഷവും മറന്ന്‌ അയാള്‍ ആ കുഞ്ഞിനെമറോടണച്ച്‌ വീണ്ടും വീണ്ടും ചൂംബിച്ചു.ആ പിതാവിനു ദിവ്യമായ ഒരു അനുഭൂതി അനുഭവപ്പെട്ടു. പശ്‌ചാത്താപത്തിന്റെ കണ്ണുനീര്‍ അയാളില്‍നിന്നും തുള്ളിതുള്ളിയായി അടര്‍ന്നുവീണു. അയാളുടെ കോപാഗ്നി അപ്രത്യക്ഷമായി കഴിഞ്ഞു. അടുത്ത്‌ നിന്ന ഭാര്യയോട്‌ മാപ്പിരുന്നു. ഇരുവരും ജഡ്‌ജിയോട്‌ നന്ദിപറഞ്ഞു, ആഹ്ലാദചിത്തരായി ഭവനത്തിലേക്ക ്‌മടങ്ങി.

ബേതലഹേമില്‍ പിറന്ന ആ ശിശുവിനും അകന്ന്‌നിന്നവരെ രജ്‌ഞിപ്പിക്കാന്‍ സാധിച്ചു. സ്വര്‍ഗ്ഗത്തേയും ഭൂമിയേയും ദൈവത്തേയും മനുഷ്യനേയും ഒന്നിപ്പിക്കുന്ന ദൗത്യം ആ മനുഷ്യാവതാരം മൂലം സാധ്യമായി.വിഘടനയുടേയും എതിര്‍പ്പിന്റേയുമായ ഇന്നത്തെ സമൂഹത്തില്‍ ക്രിസ്‌തുമസ്സ്‌ നല്‍കുന്ന സന്ദേശം ശാന്തിയുടേയും ഐക്യത്തിന്റേയുമാണ്‌. പരസ്‌പരവിദ്വേഷവും ഹൃദയകാഠിന്യവും നിറഞ്ഞ സമൂഹത്തില്‍ നിഷക്കളങ്കതയുടേയും സൗഹ്രുദത്തിന്റേയും ബന്ധങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

ബേതലഹേമിലെ പുല്‍ക്കൂട്ടില്‍ അവതാരം ചെയ്‌ത ക്രിസ്‌തു ഓരോ മനുഷ്യ ഹ്രുദയങ്ങളിലും ജനിക്കുമ്പോള്‍ ക്രിസ്‌തുമസ്സ്‌ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നു. സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ക്രിസ്‌തുമസ്സ്‌ നാളുകളില്‍ അനുഭവവേദ്യമാകണമെങ്കില്‍, ഈ സന്തോഷം പരിപൂര്‍ണ്ണമാകണമെങ്കില്‍ മനുഷ്യന്‍സ്വാര്‍ത്ഥതയുടെ ലോകത്തില്‍നിന്നും പരസ്‌പര കരുതലിനും പങ്ക്‌വയ്‌ക്കലിനും തയ്യാറാകണം. യേശുദേവന്റെ ഉത്‌ബോധനം ഉള്‍ക്കൊണ്ട്‌കൊണ്ട്‌ വ്യക്‌തികള്‍നന്മയിലേക്കും സമാധാനത്തിലേയ്‌ക്കും യാത്രചെയ്യണം.നിരാശയില്‍ കഴിയുന്നവര്‍ക്ക്‌ സമാധാനത്തിന്റേയും സന്തോഷത്തിന്റേയും പ്രകാശം ഈ ക്രിസ്‌തുമസ്സില്‍ ലഭ്യമാകട്ടെ!

എല്ലാ വായനകാര്‍ക്കും സ്‌നേഹം നിറഞ്ഞ ക്രിസ്‌തുമസ്സ്‌ ആശംസകള്‍ !

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code