Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു ക്രിസ്‌തുമസ്‌ വിചാരം   - ഡോ. ജോര്‍ജ്‌ മരങ്ങോലി

Picture

`ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക്‌ സമാധാനം' രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ബത്‌ലേഹേമിലെ കാലിത്തൊഴുത്തില്‍ നിന്നുത്ഭവിച്ച്‌ യുഗയുഗാന്തരങ്ങളായി ആവര്‍ത്തിക്കപ്പെടുന്ന ഈ മഹദ്‌ സന്ദേശവുമായി ഒരു ക്രിസ്‌തുമസുകൂടി സമാഗതമായിരിക്കുകയാണ്‌. അത്യാധുനിക ചിന്തകളും വിവരസാങ്കേതിക വിദ്യയും സമന്വയിച്ച്‌ നില്‍ക്കുന്ന ഈകാലത്ത്‌ സന്മനസിനെക്കുറിച്ചും, സമാധാനത്തെക്കുറിച്ചും ചിന്തിക്കാന്‍ ആരാണ്‌ സമയം കണ്ടെത്തുന്നത്‌? മനുഷ്യന്‌, മനുഷ്യനോട്‌ എന്തിന്‌ മൃഗങ്ങളോടുപോലും സന്മനസ്‌ കാണിക്കാനോ, ദയ കാണിക്കാനോ മനസ്സും സമയവുമില്ലാത്ത അവസ്ഥാവിശേഷം! പണത്തിനും, പ്രതാപത്തിനും, സ്വന്തം നിലനില്‍പിനും വേണ്ടി ഏത്‌ അക്രമങ്ങള്‍ക്കും, കള്ളത്തരങ്ങള്‍ക്കും ചളിപ്പില്ലാതെ കൂട്ടുനില്‍ക്കുന്ന രാഷ്‌ട്രീയ, സാമൂഹ്യ വ്യവസ്ഥിതികള്‍! സ്‌നഹബന്ധങ്ങളെ കാറ്റില്‍പറത്തിക്കൊണ്ട്‌ സ്വന്തം കുഞ്ഞുങ്ങളെപോലും അതിക്രൂരമായി പീഡിപ്പിക്കുന്ന രക്ഷകര്‍ത്താക്കള്‍! ആര്‍ക്കും വേണ്ടാതെ, സഹായിക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട കുറെയധികം വൃദ്ധരായ മാതാപിതാക്കള്‍! വെട്ടിച്ചും, തട്ടിച്ചും മറ്റുള്ളവരുടെ പണം പലതരം ബിസിനസുകളുടെ പേരില്‍ അടിച്ചുമാറ്റി സുഖജീവിതം നയിക്കുന്ന കുറെ പകല്‍മാന്യന്മാര്‍! ഇത്‌ നമ്മുടെ കൊച്ചുകേരളത്തിലെ കാര്യം. എന്തിനു പറയുന്നു, ലോകമെമ്പാടും തന്നെ സമാധാനത്തിന്‌ ദൈനംദിനം കോട്ടം സംഭവിച്ചുകൊണ്ടാണിരിക്കുന്നത്‌ എന്നുള്ളതാണ്‌ വാസ്‌തവം.

മുപ്പതാമത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാല്‍വിന്‍ കൂളിഡ്‌ജ്‌ ഒരിക്കല്‍ പറയുകയുണ്ടായി `ക്രിസ്‌തുമസ്‌ ഒരു സമയമോ, കാലമോ അല്ല, സമാധനവും സന്മനസും ഉള്‍ക്കൊണ്ട്‌, ദയകൊണ്ട്‌ മനസിനെ സമ്പുഷ്‌ടമാക്കുന്ന സന്ദേശം നല്‍കുന്ന ഒരു സംഭവമാണ്‌' എന്നാണ്‌.

മറ്റെല്ലാ തലത്തിലുമെന്നപോലെ മതപരമായ ഒരു ആചാരമെന്നതില്‍ നിന്ന്‌ വ്യത്യസ്ഥപ്പെട്ട്‌ വാണിജ്ജീകരിച്ച ഒരു മഹാ ഉത്സവമായി ക്രിസ്‌തുമസ്‌ മാറിക്കഴിഞ്ഞു. പല രാജ്യങ്ങളുടേയും നികുതി വരുമാനത്തിന്‌ ഗണ്യമായ വര്‍ദ്ധന വരുത്തുന്ന ഒരു സമയംകൂടിയാണ്‌ ക്രിസ്‌തുമസ്‌ കാലം. ഇന്ന്‌ ലോകത്ത്‌ ഉപഭോക്താക്കള്‍ ഏറ്റവും അധികം പണം ചിലവഴിക്കുന്ന വിലകൂടിയ ഒരു ഉത്സവം കൂടിയാണ്‌ ക്രിസ്‌തുമസ്‌! ഈ പറഞ്ഞതിലൊക്കെ വലിയൊരു കച്ചവട സാധ്യതയല്ലാതെ എവിടെയാണ്‌ സന്മനസിനും, സമാധാനത്തിനും പ്രസക്തി! ഈവക ഗുണങ്ങള്‍ കാണണമെങ്കില്‍ നമുക്ക്‌ ചുറ്റുമുള്ള ലോകം കാണണം, ആളുകളെ കാണണം. പലരുടേയും ജീവിതരീതികളും കഷ്‌ടപ്പാടുകളും കാണണം. നമ്മളില്‍ നല്ലൊരു ഭാഗം ആളുകള്‍ക്കും ഒരു പക്ഷെ ക്രിസ്‌തുമസ്‌ ഒരു `സ്റ്റാറ്റസ്‌ സിംബല്‍' ആയിരിക്കാം. വിലയേറിയ ഗിഫ്‌റ്റുകള്‍ വാങ്ങി കുടുംബാംഗങ്ങള്‍ക്കും, ഓഫീസുകളിലും, ബിസിനസ്‌ സ്ഥാപനങ്ങളിലും നല്‍കി കഴിയുമ്പോള്‍ സമാധാനം കൈവന്നു എന്ന മിഥ്യാബോധം പലരേയും സന്തുഷ്‌ടരാക്കുന്നു! അല്‌പത്വമെന്നു തോന്നാമെങ്കിലും പ്രൗഡിയും പൊങ്ങച്ചവും ഒരു പരിധിവരെ നല്ലതു തന്നെ. പക്ഷെ ആ കൂട്ടത്തില്‍ നമ്മുടെ ചുറ്റുപാടുംകൂടി ഒന്നുശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌. ഒരു ചെറിയ കളിപ്പാട്ടത്തിനുവേണ്ടി, ഒരു ഉടുപ്പിനുവേണ്ടി, ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കൊതിക്കുന്ന അനേകരുണ്ട്‌ നമുക്കു ചുറ്റും. ഒരു ചെറിയ സമ്മാനം അവരിലാര്‍ക്കെങ്കിലും കൂടി വാങ്ങിക്കൊടുക്കാന്‍ സന്മനസുണ്ടാകുമ്പോഴാണ്‌ യഥാര്‍ത്ഥമായ ക്രിസ്‌തുമസിന്റെ സന്ദേശം നാം ഉള്‍ക്കൊള്ളുന്നത്‌. ഈ ക്രിസ്‌തുമസിനെങ്കിലും നമുക്ക്‌ അങ്ങനെ ഒന്ന്‌ ശ്രമിച്ചുകൂടെ.

ജോലി സംബന്ധമായി ഞാനും, ഭാര്യയും കുറെനാള്‍ ജപ്പാനിലുണ്ടായിരുന്നു. അമേരിക്കന്‍ സംസ്‌കാരം സ്വീകരിച്ച പൗരസ്‌ത്യ രാജ്യമെന്ന നിലയ്‌ക്ക്‌ ക്രിസ്‌തുമസ്‌ കാലമായിക്കഴിയുമ്പോള്‍ ജപ്പാനിലെ തെരുവുകളും, കടകമ്പോളങ്ങളുമെല്ലാം വര്‍ണ്ണാഭമായ ലൈറ്റുകളും അലങ്കാരങ്ങളുംകൊണ്ട്‌ നിറഞ്ഞിരിക്കും. മിക്കവാറും വീടുകളുടെ മുന്നില്‍ ഓരോ പുല്‍ക്കൂടും നിര്‍മ്മിച്ചിട്ടുണ്ടാകും. എന്നാല്‍ ആ പുല്‍ക്കൂടുകളിലെല്ലാം തന്നെ യേശുവിനു പകരും സാന്താക്ലോസിനെയാണ്‌ അവര്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌! ബുദ്ധമത വിശ്വാസികളായ ജപ്പാന്‍കാര്‍ക്ക്‌ ക്രിസ്‌തുമസുമായി ബന്ധപ്പെട്ട്‌ സാന്താക്ലോസിനെ മാത്രമേ അറിയൂ!

നമ്മുടെയൊക്കെ ആഘോഷങ്ങളും ജപ്പാന്‍കാരെപ്പോലെ ക്രിസ്‌തുവില്ലാത്ത, അഥവാ ക്രിസ്‌തുമസ്‌ സന്ദേശങ്ങളായ സന്മനസും, സമാധാനവുമില്ലാത്ത ഒരു ക്രിസ്‌തുമസ്‌ ആകാതിരിക്കാന്‍ ശ്രമിക്കുന്നത്‌ നല്ലതാണ്‌.

ഏവര്‍ക്കും ക്രിസ്‌തുമസ്‌ -നവവത്സരാശംസകള്‍....

ഡോ. ജോര്‍ജ്‌ മരങ്ങോലി (drmarangoly@gmail.com)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code