കേച്ചേരി (തൃശൂര്‍): ലോകമുത്തശ്ശി പദവിയിലേക്ക് കണ്ണും നട്ടിരിക്കുന്ന പാറന്നൂരിന്റെ കുഞ്ഞന്നം മുത്തശ്ശിക്ക് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയായി 112കാരി കുഞ്ഞന്നത്തെ തിരഞ്ഞെടുത്തു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ 2015ല്‍ ഇറങ്ങുന്ന പുതിയ ലക്കത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയായി കുഞ്ഞന്നത്തെ ഉള്‍പ്പെടുത്തുമെന്ന് ലിംക ബുക്ക് അധികൃതര്‍ അറിയിച്ചു. പാറന്നൂര്‍ വാഴപ്പിള്ളി അന്തോണിയുടെയും അച്ചുണ്ണിയുടെയും 11-ാമത്തെ മകളായ റോസയെന്ന കുഞ്ഞന്നം 1903 മേയ് 12നാണ് ജനിച്ചതെന്ന് മാമോദീസാ രേഖകള്‍ വ്യക്തമാക്കുന്നു.
എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്റെ പള്ളിയിലായിരുന്നു കുഞ്ഞന്നത്തിന്റെ മാമോദീസ. ഈ തെളിവാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക് കുഞ്ഞന്നത്തെ നയിച്ചത്. സഹോദരന് പരേതനായ വാഴപ്പിള്ളി കൊച്ചാപ്പുവിന്റെ മകന് ജോസിനോടൊപ്പമാണ് അവിവാഹിതയായ കുഞ്ഞന്നത്തിന്റെ താമസം. കുഞ്ഞന്നത്തിനു കാഴ്ചയ്ക്കും കേള്‍വിക്കും ഓര്‍മയ്ക്കും ഒട്ടും കുറവില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
അസുഖങ്ങള്‍ കാര്യമായി ബാധിക്കാറില്ല. സ്വാതന്ത്ര്യത്തിനു മുന്‍പ് ഗാന്ധിജി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ പോയതടക്കമുള്ള കാര്യങ്ങള്‍ ഇന്നും ഓര്‍മയിലുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാറന്നൂര്‍ സെന്റ് തോമസ് യുപി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ കുഞ്ഞന്നം ചെറുപ്പക്കാരെ പോലും അതിശയിപ്പിച്ചു. പാറന്നൂരിന്റെ മുത്തശ്ശിയെ അനുമോദിക്കാനും അനുഗ്രഹം വാങ്ങാനുമായി ഒട്ടേറെ ആളുകള്‍ ദിവസവും വീട്ടിലെത്തും.
Comments