Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രാര്‍ത്ഥിക്കുന്ന അമ്മ   - സിസ്റ്റര്‍ റോസ്‌ പോള്‍ സി.എം.സി

Picture

`രാവും പകലും ദൈവ പ്രമാണങ്ങളെപ്പറ്റി ധ്യാനിക്കുന്നവര്‍ നീര്‍ച്ചാലിനരികെ നടപ്പെട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ്‌ (സങ്കീ. 1/3)

ദൈവസ്‌നേഹമാകുന്ന നീര്‍ച്ചാലിനെതിരേ നടപ്പെട്ട പുണ്യസുകൃതങ്ങളുടെ ഫലം ചൂടിയ, ഹരിതമനോഹരമായ വൃക്ഷം പോലെ, മനുഷ്യ മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വാഴ്‌ത്തപ്പെട്ട ഏവുപ്രാസ്യാമ്മ ! കാര്‍മ്മല്‍ മലയില്‍ സൈന്യങ്ങളുടെ കര്‍ത്താവിനെക്കുറിച്ചുള്ള തീക്ഷണതയാല്‍ എരിഞ്ഞ ഏലിയ പ്രവാചകന്റെ തീക്ഷണതയും, ഈശോയുടെ കൈയ്യിലെ ഒരു കളിപ്പന്താകാന്‍ കൊതിച്ച കര്‍മ്മലയിലെ കൊച്ചുവിശുദ്ധയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ ശിശുസഹജമായ സ്‌നേഹവും, കര്‍മ്മലയില്‍ ജീവിച്ച്‌ പ്രാര്‍ത്ഥനയുടെ ഉന്നത സോപാനങ്ങളിലേക്ക്‌ പറന്നുയര്‍ന്ന പ്രാര്‍ത്ഥനയുടെ ഗുരുനാഥയായ വിശുദ്ധ അമ്മ ത്രേസ്യായുടെ പ്രാര്‍ത്ഥനാ ചൈതന്യവും ഒരുമിച്ച്‌ വിളങ്ങിനിന്ന കര്‍മ്മലയിലെ ദിവ്യസൂനം.

ജീവിതമാകുന്ന വഴിത്താരയിലൂടെ ഒരിക്കല്‍ മാത്രമേ നാം കടന്നുപോകൂ; കടന്നുപോകുന്ന വഴികളില്‍ സ്‌നേഹസേവനങ്ങളുടെ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുവാന്‍ രണ്ടാമതൊരു അവസരം നമുക്ക്‌ ലഭിക്കുകയില്ല. ഉള്ളില്‍ കത്തിപ്പടര്‍ന്ന ദൈവ സ്‌നേഹവും അതിന്റെ പ്രതിഫലനമായ സഹോദര സ്‌നേഹവുമായി പ്രാര്‍ത്ഥനയുടേയും വിശുദ്ധിയുടേയും സ്‌നേഹത്തിന്റേയും ഫലവൃക്ഷങ്ങള്‍ താന്‍ കടന്നുപോയ ജീവിതവീഥികളിലുടനീളം നട്ടുപിടിപ്പിച്ച്‌ കടന്നുപോയ വാഴ്‌ത്തപ്പെട്ട ഏവുപ്രാസ്യാമ്മയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനായി നാം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

ഏവുപ്രാസ്യമ്മയുടെ ജീവിതമന്ത്രം ദൈവേഷ്‌ടം നിറവേറ്റുക എന്നത്‌ മാത്രമായിരുന്നു. ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരുന്ന നീണ്ട മണിക്കൂറുകള്‍ ദൈവസ്വരത്തിനായി അവള്‍ കാതോര്‍ത്തു. ജീവിതത്തില്‍ എന്നും എപ്പോഴും ദൈവഹിതം അവള്‍ തിരിച്ചറിഞ്ഞു. അവള്‍ പറയുന്നു `മരണത്തോളം ദൈവചിത്തം എന്നില്‍ പൂര്‍ണ്ണമായി നിറവേറണം. ദൈവമേ! നിന്റെ തിരുമനസ്‌ എന്നില്‍ നിറവേറ്റണമേ എന്ന പ്രകരണം എന്റെ ഹൃദയത്തിന്റെ മധുരമുള്ള യാവനപോലെയാണ്‌ ഞാന്‍ അനുഭവിക്കുന്നത്‌.' രോഗങ്ങളും വേദനകളും അസ്വസ്ഥതയും സ്വന്തം ജീവിതത്തില്‍ ആഞ്ഞടിച്ചപ്പോഴും താന്‍ ജനിച്ചുവളര്‍ന്ന തന്റെ കുടുംബം പ്രതാപത്തിന്റേയും ഐശ്വര്യത്തിന്റേയും കൊടുമുടിയില്‍ നിന്ന്‌ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക്‌ തകര്‍ന്നു വീണപ്പോഴും, ഇതാ, കര്‍ത്താവിന്റെ ദാസി! എന്ന്‌ മനസ്സില്‍ മന്ത്രിച്ച്‌, കുരിശിന്‍ ചുവട്ടില്‍ നിന്ന പരിശുദ്ധ അമ്മയുടെ ചൈതന്യം ഹൃദയത്തില്‍ ഉള്‍ക്കൊണ്ട്‌ ഏവുപ്രാസ്യമ്മയുടെ മനസും മന്ത്രിച്ചു.

`എല്ലാം ദൈവ തിരുമനസ്സാണ്‌, അവിടുത്തെ ഇഷ്‌ടംമാത്രം എനിക്ക്‌ മതി'. കുടുംബാംഗങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നുകൊണ്ട്‌ അവള്‍ പറഞ്ഞു: സമ്പത്തില്‍ കുറഞ്ഞാലും പുണ്യത്തില്‍ കുറയരുത്‌'. അവള്‍ ദൈവഹിതം ആരായാന്‍ പഠിച്ചത്‌ പരി. അമ്മയുടെ മുഖത്ത്‌ നോക്കിയും അമ്മ നടന്ന വഴിയെ നടന്നുമായിരുന്നു. അവളുടെ ജീവിതത്തിന്റെ ശക്തി ദിവ്യകാരുണ്യവും, അവള്‍ കൈകളില്‍ ഏന്തിയ ദിവ്യായുധം ജപമാലയുമായിരുന്നു.

ആരാലും അറിയപ്പെടാതെ കര്‍മ്മലമഠത്തിന്റെ ഭിത്തികള്‍ക്കുള്ളില്‍ ജീവിച്ച്‌ തിരുസക്രാരിയുടെ മുന്നില്‍ ഒരു കെടാവിളക്കായി കത്തിയെരിയാനും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ്‌ തിരുനാഥനില്‍ ലയിക്കാനും മാത്രം കൊതിച്ച ഈ പുണ്യകന്യകയിലെ പ്രാര്‍ത്ഥനയുടെ മാസ്‌മര ശക്തിയും വിശുദ്ധിയുടെ പരിമളവും ആദ്യം തിരിച്ചറിഞ്ഞത്‌ കൊച്ചുകുട്ടികളിയിരുന്നു. പരീക്ഷാദിനങ്ങളില്‍ കുട്ടികള്‍, പ്രത്യേകിച്ച്‌ പഠനത്തില്‍ പിന്നോക്കംനിന്ന കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന അമ്മയുടെ അരികിലേക്ക്‌ പ്രാര്‍ത്ഥനാ സഹായത്തിനായി ഓടിയെത്തി. അവരുടെ ഭീതിനിറഞ്ഞ കണ്ണുകളിലേക്ക്‌ ഉറ്റുനോക്കി അമ്മ പറഞ്ഞു. `സാരമില്ല, അമ്മ പ്രാര്‍ത്ഥിക്കാം'. ആ ഇളം മനസുകളില്‍ ധൈര്യവും പ്രതീക്ഷയും നിറയുന്നതായി തിരു സക്രാരിക്കുമുന്നില്‍ അവള്‍ പ്രാര്‍ത്ഥനാ നിരതയായി, പരീക്ഷ കഴിഞ്ഞ്‌ മക്കള്‍ സന്തോഷത്തോടെ മടങ്ങിയെത്തുംവരെ. ജീവിതമാകുന്ന പരീക്ഷയെ തളര്‍ന്ന മനസ്സോടെ, ഭക്തിനിറഞ്ഞ മിഴികളോടെ, പതറുന്ന പാദങ്ങളോടെ ഉറ്റുനോക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഈശോയുടെ തിരുമുന്നില്‍ മാദ്ധ്യസ്ഥം വഹിക്കാന്‍ മാതാപിതാക്കളേ നിങ്ങള്‍ ഓടിയെത്തേണ്ടത്‌ ഈ പ്രാര്‍ത്ഥിക്കുന്ന അമ്മയുടെ പക്കലേയ്‌ക്കല്ലാതെ മറ്റ്‌ എവിടേയ്‌ക്കാണ്‌?

രോഗങ്ങളും കുടുംബ പ്രശ്‌നങ്ങളും, സാമ്പത്തിക തകര്‍ച്ചകളുമാകുന്ന ജീവിതഭാരവും പേറി ആശയറ്റ മനസോടെ ഒല്ലൂരിലെ കര്‍മ്മല മഠത്തിലേക്ക്‌ പ്രാര്‍ത്ഥനാ സഹായത്തിനായി കടന്നുവരുന്നവരുടെ വിഷമങ്ങള്‍ ശ്രദ്ധിച്ചശേഷം നിറഞ്ഞ പുഞ്ചിരിയോടെ അവരുടെ മുഖത്തേക്ക്‌ ഉറ്റുനോക്കി ആ പ്രാര്‍ത്ഥിക്കുന്ന അമ്മ പറഞ്ഞു: `സാരമില്ല, എല്ലാം ശരിയാകും. അമ്മ പ്രാര്‍ത്ഥിക്കാറുള്ള ഈ സുകൃതജപം ചൊല്ലിയാല്‍ മതി.' അമ്മയുടെ സ്വന്തം കൈപ്പടയിലെഴുതിയ പ്രാര്‍ത്ഥന കടലാസുകള്‍ക്കായി കൈ നീട്ടി നില്‍ക്കുമ്പോള്‍ തന്നെ മലപോലെ വന്ന പ്രശ്‌നങ്ങള്‍ മഞ്ഞുപോലെ ഉരുകി പോകുന്നതായി അവര്‍ തിരിച്ചറിഞ്ഞു.

സദാ കയ്യില്‍ ചലിക്കുന്ന ജപമാലയും അധരത്തില്‍ നിറഞ്ഞുനിന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി നടന്ന ഈ പ്രാരത്ഥിക്കുന്ന അമ്മയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനായി നാം ഒരുങ്ങുമ്പോള്‍ അമ്മയുടെ കാല്‌പാടുകള്‍ നമുക്കും പിന്‍തുടരാം. അനുദിന ജീവിത സാഹചര്യങ്ങളില്‍ ദൈവസ്വരത്തിനായി നമുക്കും കാതോര്‍ക്കാം. ദൈവ ഹിതത്തിനു മുന്നില്‍ അമേന്‍ പറയാം. ജപമാലയാകുന്ന ദിവ്യായുധം കയ്യില്‍ എടുക്കാം. സാധിക്കുമ്പോഴെല്ലാം തിരുസക്രാരിക്കു മുന്നില്‍ ഒരു കൈവിളക്കായി നമുക്കും കത്തിയെരിയാം. അമ്മ ഉരുവിട്ട സുകൃതജപങ്ങള്‍ നമ്മുടെ അധരത്തിലും ഹൃദയത്തിലും സജീവമാകട്ടെ. ദൈവാനുഗ്രഹത്തിനും കൃപാസമൃദ്ധിക്കുമായി ഏവുപ്രാസ്യമ്മയുടെ മാദ്ധ്യസ്ഥം നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

വാഴത്തപ്പെട്ട ഏവുപ്രാസ്യാമ്മ ഉരുവിട്ടിരുന്ന ചില സുകൃതജപങ്ങള്‍

1. എന്റെ ഈശോയെ അങ്ങയോടുള്ള സ്‌നേഹത്താല്‍ കത്തിയെരിയുന്ന ഒരു ഹൃദയം എനിക്ക്‌ തരേണമേ.

2. എന്റെ ദിവ്യരക്ഷിതാവേ! നിന്റെ തിരുമനസ്സ്‌ സദാ എന്നില്‍ നിറവേറട്ടെ.

3. എന്റെ ഈശോയേ! അങ്ങേ പാടുകളുടെ ഒരു പങ്ക്‌ എനിക്കും തരണമേ.

4. പരിശുദ്ധ അമ്മേ, എല്ലാവിധത്തിലും ഈശോയെ സ്‌നേഹിക്കുന്നതിന്‌ ഒരു വലിയ ഹൃദയം എനിക്ക്‌ തരണമേ.

5. എന്റെ അമ്മേ, ഈശോയെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിക്കണമേ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code